പ്രതിരോധ നിരയ്ക്ക് കരുത്തേകാൻ മഷൂർ ഷെരീഫിനെ സൈൻ ചെയ്‌ത് മലപ്പുറം എഫ്.സി

മലപ്പുറം: വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസണിലേക്കുള്ള ഒരുക്കങ്ങൾ ശക്തമാക്കികൊണ്ട് പ്രതിരോധ താരം മഷൂർ ഷെരീഫിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. ഐ.എസ്.എൽ, ഐ-ലീഗ്, ഇന്ത്യൻ ദേശീയ ടീമുകളിൽ കളിച്ച അനുഭവസമ്പത്തുള്ള താരത്തിന്റെ വരവ് മലപ്പുറം എഫ്.സിയുടെ പ്രതിരോധ നിരയ്ക്ക് കൂടുതൽ കരുത്തേകും.
മലപ്പുറം കാവുങ്ങൽ സ്വദേശിയായ മഷൂർ ഷെരീഫ് 2017-ൽ ചെന്നൈ സിറ്റി എഫ്.സിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിലെത്തിയത്.2018-19 സീസണിൽ ചെന്നൈ സിറ്റി ഐ-ലീഗ് കിരീടം ചൂടിയപ്പോൾ ടീമിന്റെ വിജയത്തിൽ താരം നിർണായക പങ്കുവഹിച്ചു.തുടർന്ന് 2020 മുതൽ 2023 വരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിക്കായി ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. നോർത്ത് ഈസ്റ്റിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 2021-ൽ ഇന്ത്യൻ ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചു. പിന്നീട് പഞ്ചാബ് എഫ്.സി ഗോകുലം കേരള എഫ്.സി, റിയൽ കാശ്മീർ എഫ്.സി തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായും മഷൂർ ബൂട്ട് കെട്ടിയിട്ടുണ്ട്.മഷൂർ ഷെരീഫ് കൂടുതലും സെന്റർ ബാക്ക് പൊസിഷനിലാണ് തിളങ്ങുന്നത്. കൂടാതെ ഡിഫൻസീവ് മിഡ്ഫീൽഡറായും കളി മെനയാൻ താരത്തിന് ശേഷിയുണ്ട്. ഏരിയൽ ബാളുകളിലെ മേധാവിത്വം, കൃത്യമായ ടാക്കിളിംഗ് എന്നിവയാണ് 33-കാരനായ താരത്തിന്റെ പ്രധാന സവിശേഷതകൾ.
സ്വന്തം മണ്ണിൽ നിന്നുയർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ വേദികളിൽ കളിച്ച താരം ഇപ്പോൾ നാട്ടിലെ ക്ലബ്ബിന്റെ ജേഴ്സിയണിയുന്നു എന്ന പ്രത്യേകതയും ഈ സൈനിംഗിനുണ്ട്. ആരാധകരുടെ പിന്തുണയും മഷൂറിന്റെ പരിചയസമ്പത്തും ചേരുമ്പോൾ വരും സീസണിൽ മലപ്പുറം എഫ്.സിയുടെ പ്രതിരോധകോട്ട കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്.
“സ്വന്തം നാടിന്റെ ടീമിന് വേണ്ടി ജേഴ്സി അണിയാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യവും അഭിമാനവുമാണ്, ഈ ടീമിനായി എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ആരാധകർക്ക് സന്തോഷം നൽകാനും ആത്മാർത്ഥമായി തന്നെ പരിശ്രമിക്കുമെന്ന് മഷൂർ ഷെരീഫ് പറഞ്ഞു.”