ലോകകപ്പിനുള്ള അമേരിക്കൻ ടീമിനെ പ്രഖ്യാപിച്ചു; ജിയോ റെയ്‌നയും അലക്സാണ്ടർ സെൻഡെജാസും ടീമിൽ

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 26 അംഗ യുണൈറ്റഡ് സ്റ്റേറ്റ്‌സ് (യുഎസ്എ) ടീമിനെ മുഖ്യ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പ്രഖ്യാപിച്ചു. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനായി ക്രിസ്റ്റ്യൻ പുലിസിച്ച്, ടൈലർ ആഡംസ്, വെസ്റ്റൺ മക്കെന്നി തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് അമേരിക്കൻ പടയൊരുക്കം. എന്നാൽ ടീം പ്രഖ്യാപനത്തിൽ ചില അപ്രതീക്ഷിത തീരുമാനങ്ങളും പരിശീലകന്റെ ഭാഗത്തുനിന്നുണ്ടായി.
കഴിഞ്ഞ ഡിസംബറിന് ശേഷം ദേശീയ ടീമിനായി ആദ്യ ഇലവനിൽ കളിച്ചിട്ടില്ലാത്ത 23-കാരനായ മധ്യനിര താരം ജിയോ റെയ്‌നയെ ടീമിൽ ഉൾപ്പെടുത്തിയതാണ് ഏറ്റവും ശ്രദ്ധേയമായത്. ലിയോണിന്റെ ടാനർ ടെസ്മാനെ മറികടന്നാണ് റെയ്‌ന തന്റെ രണ്ടാമത്തെ ലോകകപ്പിനുള്ള ടീമിൽ ഇടംപിടിച്ചത്.
മധ്യനിര താരം അലക്സാണ്ടർ സെൻഡെജാസിന്റെ ഉൾപ്പെടുത്തലാണ് ടീമിലെ മറ്റൊരു അപ്രതീക്ഷിത നീക്കം. റയൽ സാൾട്ട് ലേക്കിന്റെ ഡീഗോ ലൂണയെ ഒഴിവാക്കിയാണ് 28-കാരനായ സെൻഡെജാസിന് കോച്ച് അവസരം നൽകിയത്. ഫിഫ റാങ്കിംഗിൽ 16-ാം സ്ഥാനത്തുള്ള യുഎസ്എ ടീമിൽ സെർജിനോ ഡെസ്റ്റ്, ടിം റീം തുടങ്ങിയ പരിചയസമ്പന്നരായ പ്രതിരോധ താരങ്ങളും അണിനിരക്കുന്നുണ്ട്. മുന്നേറ്റ നിരയിൽ ഫോലാരിൻ ബലോഗൻ, റിക്കാർഡോ പെപ്പി, ഹാജി റൈറ്റ് എന്നിവരാണ് അമേരിക്കയുടെ പ്രധാന കരുത്ത്. യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഒരു സന്തുലിത സംഘത്തെയാണ് പോച്ചെറ്റിനോ ലോകകപ്പ് പോരാട്ടങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് അമേരിക്ക മത്സരിക്കുന്നത്. ജൂൺ 12-ന് കാലിഫോർണിയയിലെ ഇംഗിൾവുഡിൽ വെച്ച് പരാഗ്വെയ്ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം. തുടർന്ന് ജൂൺ 19-ന് സീറ്റിലിൽ വെച്ച് ഓസ്‌ട്രേലിയയെയും ജൂൺ 25-ന് വീണ്ടും ഇംഗിൾവുഡിൽ വെച്ച് തുർക്കിയെയും യുഎസ്എ നേരിടും. ലോകകപ്പ് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി മെയ് 31-ന് ഷാർലറ്റിൽ വെച്ച് സെനഗലുമായും ജൂൺ 6-ന് ചിക്കാഗോയിൽ വെച്ച് ജർമ്മനിയുമായും അമേരിക്ക സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. സ്വന്തം കാണികൾക്ക് മുന്നിൽ ചരിത്ര വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ്എ ടീം ബൂട്ട് കെട്ടുന്നത്.
UNITED STATES WORLD CUP ROSTER
Goalkeepers: Chris Brady, Matt Freese, Matt Turner
Defenders: Max Arfsten, Sergiño Dest, Alex Freeman, Mark McKenzie, Tim Ream, Chris Richards, Antonee Robinson, Miles Robinson, Joe Scally, Auston Trusty
Midfielders: Tyler Adams, Sebastian Berhalter, Weston McKennie, Cristian Roldan
Attacking midfielders/wingers: Brenden Aaronson, Christian Pulisic, Gio Reyna, Malik Tillman, Tim Weah, Alejandro Zendejas
Forwards: Folarin Balogun, Ricardo Pepi, Haji Wright