സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 111 റണ്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഓവറില്‍ പീറ്റര്‍ നെവിലിനെ നഷ്ടമായ ടീമിനു പിന്നെ അടിക്കടി വിക്കറ്റുകള്‍ നഷ്ടമായി 65/6 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും(22), നായകന്‍ ജോഹന്‍ ബോത്തയും(32*) ചേര്‍ന്നാണ് മൂന്നക്കം കടക്കാന്‍ സഹായിച്ചത്. നിക്ക് മാഡിന്‍സണും 24 റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ 111 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സിനു നേടാനായത്. 23 പന്തില്‍ നിന്നാണ് ബോത്ത 32 റണ്‍സ് നേടിയത്. 3 ബൗണ്ടറിയും ഒരു സിക്സറും ഇന്നിംഗ്സില്‍ അടങ്ങി.

ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും മുഹമ്മദ് നബി രണ്ട് വിക്കറ്റും ജാക്ക് വൈല്‍ഡര്‍മത്തും ബ്രാഡ് ഹോഗ്ഗും ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കളിക്കാതിരുന്നത് ബെംഗളൂരു ആയതു കൊണ്ടല്ല, വിനീതിന് പരിക്ക് തന്നെ

വിനീത് അവസാന മത്സരത്തിൽ ഇറങ്ങാതിരുന്നതിലുള്ള അഭ്യൂഹങ്ങൾക്ക് താരം തന്നെ അവസാനമിട്ടു. എതിരാളികൾ ബെംഗളൂരു എഫ് സി ആയതുകൊണ്ടല്ല താൻ ഇറങ്ങാതിരുന്നത് എന്നു പറഞ്ഞ വിനീത് പരിക്ക് തന്നെയാണ് കളം വിട്ടു നിൽക്കാനുള്ള കാരണം എന്ന് വ്യക്തമാക്കി.

കളിക്ക് മുമ്പേയുള്ള പരിശീലനത്തിൽ ഗ്രോയിൻ ഇഞ്ച്വറി ആവുകയായിരുന്നു. പ്രസ് മീറ്റുകൾ നേരത്തെ കഴിഞ്ഞതിനാലാണ് പരിക്കിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ പറ്റാഞ്ഞത് എന്നും സി കെ വിനീത് അറിയിച്ചു. താൻ ഒരു പ്രൊഫഷണൽ ഫുട്ബോളർ ആണെന്നും എതിരാളികൾ ആരാണെന്നു നോക്കി തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല എന്നും വിനീത് പറഞ്ഞു.

ഒരുപാട് പേർ ചോദിക്കുന്നതു കൊണ്ടാണ് ഇപ്പൊൾ ഇങ്ങനെ ഒരു വിശദീകരണം നൽകുന്നത് എന്ന് പറഞ്ഞ സികെ പരിക്ക് ഭേദമാകാൻ കുറച്ച് സമയം കൂടെ എടുക്കും എന്നും അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മണ്‍റോ, 53 പന്തില്‍ 104 റണ്‍സ്

പുതുവര്‍ഷത്തെ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ മണ്‍റോ. മഴ മൂലം ഉപേക്ഷിച്ച കഴിഞ്ഞ മത്സരത്തില്‍ 18 പന്തില്‍ അര്‍ദ്ധ ശതകം തികച്ച മണ്‍റോ ഇന്ന് 53 പന്തില്‍ 104 റണ്‍സ് നേടിയാണ് വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയെ വെള്ളം കുടിപ്പിച്ചത്. മണ്‍റോയുടെയും മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 243 റണ്‍സ് നേടുകയായിരുന്നു.

10 സിക്സും 3 ബൗണ്ടറിയും സഹിതം 53 പന്തില്‍ നിന്നാണ് 104 റണ്‍സ് മണ്‍റോ നേടിയത്. 5 ബൗണ്ടറിയും 2 സിക്സും സഹിതം 38 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മാര്‍ട്ടിന്‍ ഗുപ്ടിലും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 136 റണ്‍സാണ് നേടിയത്. 20ാം ഓവറിന്റെ ആദ്യ പന്തിലാണ് മണ്‍റോ പുറത്തായത്. ടോം ബ്രൂസ്(23), കെയിന്‍ വില്യംസണ്‍(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരള ബ്ലാസ്റ്റേഴ്സ് U-15 ടീമിനും നാഷണൽ യൂത്ത് ഐ ലീഗ് യോഗ്യത

കേരളത്തിൽ നിന്നും ഗോകുലം എഫ് സി, എം എസ് പി മലപ്പുറം എന്നിവരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീമിനും യൂത്ത് ഐലീഗ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടി.

ആറു ഗ്രൂപ്പുകളായി തിരിച്ച റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് സോണിൽ 6 ഗ്രൂപ്പിലെയും ഗ്രൂപ്പ് ജേതാക്കളും ഒപ്പം ഈ ആറു ഗ്രൂപ്പിലെ മികച്ച രണ്ട് റണ്ണേഴ്സ് അപ്പും ആണ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടുക. എം എസ് പിയും ഗോകുലവും ഗ്രൂപ്പ് ജേതാക്കളായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രണ്ട് റണ്ണേഴ്സ് അപ്പിൽ ഒന്നായി. ഡി എസ് കി ശിവജിയൻസ് ആണ് യോഗ്യത നേടിയ മറ്റൊരു റണ്ണേഴ്സ് അപ്പ്.

അടുത്ത റൗണ്ടിൽ 8 ടീമുകൾ ഉള്ള പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കുക. 8 ടീമുകളെ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ആകും മത്സരം. ഗ്രൂപ്പ് ജേതാക്കളും റണ്ണേഴ്സ് അപ്പും ഒപ്പം മികച്ച മൂന്നാം സ്ഥാനക്കാരും യൂത്ത് ഐ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കും.


യോഗ്യത നേടിയ ടീമുകൾ; മിനേർവ അക്കാദമി, റിയൽ കാശ്മീർ എഫ് സി, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ, എം എസ് പി മലപ്പുറം, ഡി എസ് കെ ശിവജിയൻസ്, കേരള ബ്ലാസ്റ്റേഴ്സ്

ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നവർ, കൊൽക്കത്ത സോൺ, ബെംഗളൂരു സോൺ, മഹാരാഷ്ട്ര സോൺ എന്നീ സോണുകളിലെ വിജയികളുമായി ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോപ്പ ഇറ്റാലിയ : നാപോളി പുറത്ത്

കോപ്പ ഇറ്റാലിയായിൽ നിന്ന് സീരി എ ആദ്യ സ്ഥാനക്കാരായ നാപോളി പുറത്ത്. അറ്റലാന്റയാണ്‌ നാപോളിയെ 1-2 ന് സാൻ പോളോയിൽ നടന്ന മത്സരത്തിൽ മറികടന്നത്. ജയത്തോടെ അറ്റലാന്റ സെമി ഫൈനലിൽ ഇടം നേടി. ഇന്ന് നടക്കുന്ന യുവന്റസ്-ടോറിനോ മത്സരത്തിലെ വിജയികളെയാണ് അവർ സെമി ഫൈനലിൽ നേരിടുക. മിലാനും ലാസിയോയും തമ്മിലാണ് ആദ്യ സെമി മത്സരം.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50 ആം മിനുട്ടിൽ ടിമോതി കസ്റ്റാഗ്നേയാണ് അറ്റലാന്റയുടെ ആദ്യ ഗോൾ നേടിയത്. സമനില ഗോളിനായി ശ്രമിച്ച നാപോളി പരിശീലകൻ ഇൻസിഗ്‌നേ, മെർട്ടൻസ്, എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും ഫലം ഉണ്ടായില്ല. 81 ആം മിനുട്ടിൽ അലെക്സൻഡ്രോ ഗോമസ് അറ്റലാന്റയുടെ രണ്ടാം ഗോളും നേടിയതോടെ നാപോളിയുടെ പ്രതീക്ഷകൾ ഏതാണ്ട് അതമിച്ചു. 84 ആം മിനുട്ടിൽ ഇൻസിഗ്‌നെയുടെ പാസ്സിൽ മെർട്ടൻസ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീടുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ ഇറ്റാലിയൻ വമ്പന്മാർക്ക് സമനില ഗോൾ കണ്ടെത്താനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതീക്ഷകളൊക്കെ ബാക്കി, ബ്ലാസ്റ്റേഴ്സ് ഹൃദയം പോലും ജയിക്കാതെ റെനെ മടങ്ങി

റെനെ മുളൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താൻ പോകുന്നത് എന്നറിഞ്ഞപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആകെ ഒരുണർവുണ്ടായിരു‌ന്നു. അലക്സ് ഫെർഗൂസന്റെ ശിഷ്യനിൽ നിന്ന് പലതും ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചു. ചുരുങ്ങിയത് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ എങ്കിലും.

റെനെ മുളൻസ്റ്റീൻ ആദ്യം മുതൽ ഉറപ്പു പറഞ്ഞതും അതായിരുന്നു. അറ്റാക്കിംഗ് ഫുട്ബോൾ, വൺ ടച്ച് ഫുട്ബോൾ ഒക്കെ ആകും തന്റെ ടീം കളിക്കുക. അതാണ് താൻ ആഗ്രഹിക്കുന്നത് എന്ന്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി റെനെക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. താരങ്ങളുടെ പ്രായവും, ആരാധകരുടെ ഇഷ്ട താരങ്ങളായ വിദേശ താരങ്ങൾക്ക് അവസരം നൽകാത്തതും ആയിരുന്നു വിമർശന കാരണം.

പക്ഷെ ആ വിമർശനങ്ങൾ ഒക്കെ പെട്ടെന്ന് അടങ്ങി. സീസൺ തുടങ്ങും മുമ്പ് തന്നെ ബ്രൗണിന് പരിക്കേറ്റത് റെനെയ്ക്ക് വലിയ തിരിച്ചടിയായി എന്ന് പറയാം. ഒരുപക്ഷെ ബ്രൗണും ബെർബയും ഒന്നിച്ച് കളത്തിൽ ഇറങ്ങിയിരുന്നേൽ റെനെയുടെ തന്ത്രങ്ങൾക്ക് വേറെ ഫലങ്ങൾ കിട്ടിയേനെ. രണ്ടു പേരുടേയും പരിക്ക് അത് നടക്കാതിരിക്കാൻ കാരണമായി.

ഒരു ജയം മാത്രമെ ഉള്ളൂ എന്നതല്ല പരാജയത്തിലും സമനിലയിലും എന്തിന് ജയിച്ച മത്സരത്തിൽ പോലും മികച്ചൊരു പ്രകടനം നടത്താൻ റെനെയുടെ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. എന്നിട്ടും കാര്യമായ വിമർശനങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നു വന്നില്ല എന്നതിന് ആരാധകരോട് നന്ദി പറയണം റെനെ.

ഇയാൻ ഹ്യൂമിനെ കളത്തിൽ അധികം ഇറക്കാത്തതിന് മാത്രമാണ് റെനെ ആരാധകരിൽ നിന്ന് വിമർശനങ്ങൾ ഇതുവരെ ഏറ്റുവാങ്ങിയത്. ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം ഉള്ള റെനെയ്ക്ക് 2015ൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പീറ്റർ ടൈലറിനേക്കാൾ മോശം ജയ ശരാശരിയാണ്. എന്തായാലും മികച്ച ടീം കോച്ച് ആണ് എന്നത് ഒരാളെ മികച്ച പരിശീലകനാക്കില്ല എന്നതിനുള്ള ഉദാഹരണമായി തന്റെ അടുത്ത ക്ലബ് വരെയെങ്കിലും റെനെ മുളൻസ്റ്റീൻ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിനോ ആന്റോയ്ക്ക് ഇന്ന് പിറന്നാൾ, ആശംസയുമായി ആരാധകരും വിനീതും

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് റിനോ ആന്റോ ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആയി കളത്തിന് പുറത്താണ് റിനോ ആന്റോ എങ്കിലും താരത്തിന് മികച്ച ഒരു വർഷം തന്നെ നേരുകയാണ് ആരാധകരും സഹതാരങ്ങളും.

റിനോയുടെ പിറന്നാൾ ആശംസയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ തുടക്കമിട്ടത് സി കെ വിനീതായിരുന്നു. തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ് റിനോ എന്ന് കുറിച്ചായിരുന്നു സി കെയുടെ പിറന്നാൾ ആശംസ.

സികെയ്ക്കു പിറകെ ആരാധകരും ആശംസകളുമായി ഒപ്പം കൂടി.

മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഇഷ്ഫാഖ് അഹമ്മദും ട്വിറ്റർ വഴി റിനോയെ പിറന്നാൾ ആശംസകൾ അറിച്ചു.

പരിക്ക് മാറി എത്രയും പെട്ടെന്ന് റിനോ കളത്തിൽ തിരിച്ചെത്തുമെന്നാണ് പിറന്നാൾ ആശംസകൾ നേരുന്നതിനിടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് കൊച്ചിയിൽ, ലക്ഷ്യം ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമോ?

റെനെ മുളൻസ്റ്റീൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെത്തും എന്ന ആകാംക്ഷയിൽ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേകി മുൻ ബ്ലാസ്റ്റേഴ്സ് കോച്ചും കളിക്കാരനുമായ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് ഇന്നലെ കൊച്ചിയിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാകാനാണോ ഡേവിഡ് ജെയിംസ് എത്തിയത് എന്നത് ഇപ്പോഴും ചോദ്യമായി തുടരുകയാണ്.

സാമൂഹിക മാധ്യമങ്ങളിക് ജെയിംസിന്റെ കൊച്ചി എയർപ്പോട്ടിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഡേവിഡ് ജെയിംസ് തന്റെ ഏഷ്യൻ ടൂറിന്റെ ഭാഗമായാണ് കേരളത്തിൽ എത്തിയത് എന്നാണ് സൂചനകൾ. കുറച്ച് ദിവസങ്ങളായി ഏഷ്യൻ പര്യടനത്തിലാണ് ഈ മുൻ ഇംഗ്ലീഷ് ടീം ഗോൾകീപ്പർ. ഹോങ്കോങ്, മകാവോ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് ജെയിംസ് ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

എന്നാൽ റെനെ രാജി പ്രഖ്യാപിച്ച ദിവസം തന്നെ ജെയിംസ് എത്തിയത് എല്ലാവരെയും ആശയകുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. ഐ എസ് എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഐക്കൺ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്. ആരാധകർക്കും ജെയിംസ് പ്രിയങ്കരനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലബ് ഫുട്ബോൾ കിരീടം ലക്കി സോക്കർ ആലുവയ്ക്ക്

ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് കിരീടം. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ലക്കി സോക്കർ ആലുവ ക്ലബ് ഫുട്ബോൾ കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ആലുവയുടെ ജയം.

ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. 6-1 എന്ന സ്കോറിനായിരുന്നു ഇരുപാദങ്ങളിലുമായി ആലുവ ശാസ്തയെ തോൽപ്പിച്ചത്. ലക്കി സോക്കർ ആലുവയുടെ സീസണിലെ ആദ്യ കിരീടമാണ് ഇത്.

സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് ഇത് സീസണിലെ രണ്ടാം ഫൈനൽ ആയിരു‌ന്നു. എന്നാൽ അത് രണ്ടാം കിരീടമായി മാറ്റാൻ സാധിച്ചില്ല. ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് സബാൻ ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെ പോയി, റെനെ കൊണ്ടു വന്ന താരങ്ങളോ?

മോശം പ്രകടനമായിരുന്നു എങ്കിലും റെനെ മുളൻസ്റ്റീന്റെ രാജി ഫുട്ബോൾ ലോകത്തിന് അപ്രതീക്ഷിതമായിരുന്നു. റെനെ രാജി വെക്കാനുള്ള കാരണം മാനേജ്മെന്റിന്റെ സമ്മർദ്ദമാണെന്നും ടീമിനകത്തെ രാഷ്ട്രീയമാണെന്നും ഒക്കെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പക്ഷെ ഇതിന്റെ ഒക്കെ ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്ക ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശ താരങ്ങളെ കുറിച്ചാകും.

റെനെ മുളൻസ്റ്റീൻ കൊണ്ടുവന്ന സൂപ്പർ സൈനിംഗ്സ് ആയ ഡിമിറ്റാർ ബെർബറ്റോവും വെസ് ബ്രൗണും ടീമിനെ വിട്ടുപോകുമോ എന്നതാണ് പുതിയ ആശങ്ക. ഇരുതാരങ്ങളും റെനെ മുളൻസ്റ്റീൻ എന്ന കോച്ച് ഒരൊറ്റ കാരണം കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബെർബറ്റോവും ബ്രൗണും വിവിധ സന്ദർഭങ്ങളിൽ അത് വ്യക്തമാക്കിയിട്ടും ഉണ്ട്.

പരിക്കേറ്റ ബെർബറ്റോവ് അവസാന നാലു മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. താരം കരാർ റദ്ദാക്കും എന്നും ഇനി തിരിച്ച് ടീമിനൊപ്പം വരില്ല എന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ജനുവരിയിൽ എട്ടാം വിദേശ താരത്തെ സൈൻ ചെയ്യാൻ ഇരിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന ആവുകയാണ് റെനെയുടെ രാജി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്സിനു പിറകെ മോഹൻ ബഗാൻ കോച്ചും രാജിവെച്ചു

ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ രാജിയുടെ ദിവസമാണ്. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീന്റെ രാജിക്ക് തൊട്ടുപിറകെ അടുത്ത രാജികൂടെ എത്തിയിരിക്കുകയാണ്. മോഹൻ ബഗാൻ പരിശീലകൻ സഞ്ജോയ് സെൻ ആണ് ഇന്ന് പത്രസമ്മേളനത്തിൽ രാജി അറിയിച്ചത്. മോഹൻ ബഗാന്റെ ഇന്നത്തെ ചെന്നൈ സിറ്റിയോടേറ്റ ദയനീയ പരാജയമാണ് സഞ്ജോയ് സെന്നിനെ രാജിയിൽ എത്തിച്ചത്.

ഇന്ന് വിജയത്തിൽ കുറഞ്ഞ ഒന്നും സഞ്ജോയ് സെന്നിന് ആശ്വാസം ഏകുമായിരുന്നില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ന് പരാജയപ്പെട്ടതോടെ മാനേജ്മെന്റിനെ കാത്തുനിൽക്കാതെ സെൻ രാജി പ്രഖ്യാപിക്കുക ആയിരുന്നു. 7 മത്സരങ്ങളിൽ നിന്നായി 10 പോയന്റുമാത്രമുള്ള ബഗാൻ ഇപ്പോൾ ഐ ലീഗ് ടേബിളിൽ വളരെ‌ പിറകിലാണ്.

സെന്നിന്റെ പത്ര സമ്മേളനത്തിനു നേരെ മോഹൻ ബഗാൻ ആരാധകർ കല്ലെറിഞ്ഞതായും പരാതിയുണ്ട്. ചെൽസിക്ക് കിരീടം നേടിക്കൊടുത്ത ശേഷം മൗറീന്യോ ഒക്കെ രാജിവെക്കേണ്ടി വന്നിട്ടുണ്ട് എന്നും. അതുകൊണ്ട് ഈ രാജിയൊന്നും വലിയ കാര്യമല്ലാ എന്നും സഞ്ജോയ് മാധ്യമങ്ങളോട് പറഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐ ലീഗിൽ അട്ടിമറി, ചെന്നൈ സിറ്റിയോട് തോറ്റ് മോഹൻ ബഗാൻ

ഐ ലീഗിലെ ഏറ്റവും വലിയ അട്ടിമറിയിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന് തോൽവി. ചെന്നൈ സിറ്റി എഫ്.സിയാണ് ബഗാനെ 2-1ന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചാണ് മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ ചെന്നൈ സിറ്റി വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 35ആം മിനുട്ടിൽ പ്രദീപ് മോഹൻ രാജ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് ചെന്നൈ സിറ്റി 10 പേരായി ചുരുങ്ങിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ നേടി ചെന്നൈ സിറ്റി തടിച്ചു കൂടിയ ബഗാൻ ആരാധകരെ നിശ്ശബ്ദരാക്കി. യോഅകീം ആണ് ചെന്നൈ സിറ്റിയുടെ ഗോൾ നേടിയത്. മുറിലോയും യോഅകീമും ചേർന്ന് ബഗാൻ പ്രതിരോധ നിറയെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ബഗാൻ പല തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ നേടാനായില്ല. തുടർന്നാണ് പെനാൽറ്റി ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ട പ്രദീപിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ക്രോമ ബഗാന് സമനില നേടി കൊടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു.

രണ്ടാം പകുതിയിൽ ജയിക്കാനുറച്ച് ഇറങ്ങിയ ബഗാനെ ചെന്നൈ സിറ്റി വീണ്ടും ഞെട്ടിച്ചു. 10 പേരായി ചുരുങ്ങിയിട്ടും ബഗാൻ ഗോൾ മുഖം ആക്രമിച്ച ചെന്നൈ സിറ്റി അതിനു പ്രതിഫലമെന്നോണം 71ആം മിനുട്ടിൽ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. സൂസൈരാജിന്റെ കോർണർ കിക്ക്‌ ഹെഡ് ചെയ്തു ഗോളാക്കികൊണ്ട് ഷുമേക്കോ ആണ് ഗോൾ നേടിയത്.  അവസാന മിനിറ്റുകളിൽ ബഗാൻ സമനില ഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത ചെന്നൈ സിറ്റി വിലപ്പെട്ട 3 പോയിന്റും വിജയവും കരസ്ഥമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version