ഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും

ക്രിസ് ഗെയിലിനെ കൈവിട്ട് ആര്‍സിബി. നിലനിര്‍ത്താനാകുന്ന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാകാതെ വെടിക്കെട്ട് ബാറ്റ്സ്മാന്‍. താരത്തിനെ റൈറ്റ് ടു മാച്ച് വഴി വീണ്ടും വാങ്ങാവുന്നതാണെങ്കിലും ആര്‍സിബിയുടെ ഈ നീക്കം ശരിക്കും ഞെട്ടിക്കുന്നതായി മാറുകയായിരുന്നു. 49 കോടി ലേലത്തിലൂടെ ചെലവഴിക്കാനാകുന്ന ബാംഗ്ലൂരിനു 2 റൈറ്റ് ടു മാച്ച് അവസരങ്ങള്‍ ബാക്കിയുണ്ട്.

കോഹ്ലിയ്ക്ക് 17 കോടിയും എബിഡിയ്ക്ക് 11 കോടിയും നല്‍കാന്‍ തീരുമാനിച്ച ആര്‍സിബി 1.75 കോടി രൂപയ്ക്കാണ് സര്‍ഫ്രാസ് ഖാനെ നിലനിര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂചന ശരിയായി, ചെന്നൈ നിലനിര്‍ത്തിയത് മൂവര്‍ സംഘത്തെ തന്നെ

15 കോടി രൂപയ്ക്ക ധോണിയെയും 11 കോടി രൂപയ്ക്ക് സുരേഷ് റൈനയെയും 7 കോടി രൂപയ്ക്ക് രവീന്ദ്ര ജഡേജയെയും നിലനിര്‍ത്തി ഐപിഎല്‍ ലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2 റൈറ്റ് ടു മാച്ച് കാര്‍ഡ് കൈയ്യിലുള്ള ടീമിനു ഇനി ലേല നടപടികളിലൂടെ 47 കോടി രൂപ ചെലവഴിക്കാന്‍ ബാക്കി കൈയ്യിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പഞ്ചാബിനെ വീഴ്ത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ

ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ കോഴിക്കോട് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജയം.

ക്യാപ്റ്റൻ ഇനാസ് റഹ്മാനാണ് കാലിക്കറ്റിനായി ഗോൾ നേടിയത്. 18ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു ഗോൾ. ഷില്ലോങ്ങിൽ നിന്നുള്ള നോർത്ത് ഈസ്റ്റ് ഹിൽസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമിയിലേക്ക് എത്തിയത്. ഫൈനൽ പ്രവേശനത്തോടെ കിരീട നേട്ടം ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചൈന്നൈ കിംഗ്സിന്റെ നിലനിര്‍ത്തല്‍ സൂചന ഇങ്ങനെ

“Madras is 378, so are we” ഇങ്ങനെയാണ് ഇന്ന് ഒന്നര മണിയോടു കൂടി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇങ്ങനൊരു പോസ്റ്റര്‍ ആരാധകര്‍ക്കിടയിലേക്ക് എത്തിച്ചത്. ഇന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ നിലനിര്‍ത്തല്‍ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിടുന്ന ദിവസമെന്ന നിലയില്‍ ആരാധകരുടെ വിലയിരുത്തല്‍ ഇത് ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ ജഴ്സി നമ്പറുകള്‍ ആണെന്നാണ്.

ആരാധകരുടെ വിലയിരുത്തല്‍ പ്രകാരം ചെന്നൈ നിലനിര്‍ത്തുക ഈ മൂന്ന് താരങ്ങളെ ആവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത് – റൈന(ജഴ്സി നമ്പര്‍ 3), ധോണി(ജഴ്സി നമ്പര്‍ 7), രവീന്ദ്ര ജഡേജ(8)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോബി കീനെ തേടി വോൾവ്സ്, എടികെ വിടാൻ ഒരുങ്ങി കീൻ

റോബി കീനിന്റെ എടികെ കൊൽക്കത്തയിലെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോ തുറന്നതോടെ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ക്ലബായ വോൾവ്സ് റോബി കീനായി രംഗത്ത് എത്തിയതായാണ് വാർത്തകൾ. റോബി കീൻ തന്റെ ഫുട്ബോൾ കരിയർ തുടങ്ങിയ ക്ലബാണ് വോൾവ്സ്. 1997 മുതൽ 99 വരെ കീൻ വോൾവർഹാമ്പ്റ്റണിൽ ഉണ്ടായിരുന്നു.

ഇത്തവണ പ്രീമിയർ ലീഗ് പ്രതീക്ഷയിൽ ഉള്ള വോൾവ്സ് കീനിന്റെ പരിചയസമ്പത്ത് അതിന് സഹായിക്കുമെന്ന വിശ്വാസത്തിലാണ്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ 61 പോയന്റുമായി ഒന്നാം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. രണ്ടാം സ്ഥാനക്കാരെക്കാൾ 12 പോയന്റ് മുന്നിൽ.

37കാരനായ കീനിന്റെ വരവിൽ ആരാധകർൽകും വലിയ അതൃപ്തി ഉണ്ടാകില്ല എന്നാണ് വോൾവ്സ് കരുതുന്നത്. ഫ്രീ ട്രാൻസ്ഫർ ആയിരിക്കും എന്നതും വേജ് കുറവായിരിക്കും എന്നതും മാനേജ്മെന്റും കീനിന്റെ സൈനിംഗ് ആഗ്രഹിക്കുന്നു. കീനിനും വോൾവ്സിലേക്ക് മടങ്ങാൻ താല്പര്യമുണ്ട് എന്നാണ് വിവരങ്ങൾ. കൊൽക്കത്തയോട് റിലീസ് ലഭിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസത്തേ ഗോളടക്കം മികച്ച ഫോമിലാണ് കീൻ ഇപ്പോഴുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആഷിഖ് കുരുണിയന് പിന്തുണയുമായി നാട്ടുകാർ കൊച്ചി സ്റ്റേഡിയത്തിലേക്ക്

അനസ് എടത്തൊടികയ്ക്കായി നൂറു കണക്കിന് ഫുട്ബോൾ പ്രേമികൾ കലൂർ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് നമ്മൾ കാണാറുണ്ട്. അത് ആവർത്തിക്കുകയാണ് ഇപ്പോൾ മലപ്പുറത്തിന്റെ മറ്റൊരു താരത്തിന്റെ കാര്യത്തിലും. പൂനെ സിറ്റി താരമായ മലയാളി യുവ ടാലന്റ് ആഷിഖ് കുരുണിയനാണ് പിന്തുണയുമായി നാട്ടുകാർ ഇന്ന് കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ്. പൂനെ സിറ്റി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരിക്കുകയാണ് ആഷിഖ് കുരുണിയൻ ഇപ്പോൾ. കഴിഞ്ഞ മത്സരത്തിൽ തന്റെ ആദ്യ ഗോളും എമേർജിംഗ് പ്ലയർ അവാർഡും കരസ്ഥമാക്കിയതോടെ സ്റ്റാർട്ടിംഗ് ഇലവനിലെ തന്റെ സ്ഥാനം ആഷിഖ് ഉറപ്പിച്ചിട്ടുണ്ട്.


പൂനെയുടെ വലിയ അറ്റാക്കിംഗ് നിരയ്ക്കൊപ്പമാണ് കളിക്കുന്നത് എന്നതും ആഷിഖിന് സഹായകരമാകുന്നുണ്ട്. കോച്ചിനും വളരെ‌ കുറച്ച് മത്സരങ്ങൾ കൊണ്ട് ആഷിഖ് പ്രിയങ്കരനായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് ഗോളടിക്കുമോ എന്ന ഭയം മഞ്ഞപ്പട ആരാധകർക്ക് ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരും ആഷിഖിന്റെ നാട്ടുകാരോടൊപ്പം ആഷികിന് സ്റ്റേഡിയത്തിൽ മികച്ച പിന്തുണ നൽകിയേക്കും.

നേരത്തെ ജംഷദ്പൂർ ഇവിടെ കളിക്കാൻ എത്തിയപ്പോൾ രണ്ട് ബസ്സിലാണ് അനസിന്റെ നാട്ടിൽ നിന്ന് ആരാധകർ എത്തിയത്. അത് പൊലൊരു പിന്തുണ ഇന്നും കലൂർ ഗ്യാലറിയിൽ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ ചെൽസി പരിശീലകൻ അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ. ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി തുടരും. ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിന്റെ പേരിൽ നോർത്ത് ഈസ്റ്റ് കോച്ച് ആയിരുന്ന ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ 9ആം സ്ഥാനത്തായതാണ് കോച്ചിന്റെ പുറത്താക്കലിന് കാരണമായത്.

ചെൽസിയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച വ്യക്തിയാണ് അവ്റാം ഗ്രാന്റ്. 2008ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസി മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് തോൽക്കുകയായിരുന്നു. 2008 സീസണിൽ മൗറിഞ്ഞോയെ ചെൽസി പുറത്താക്കിയതിന്  പിന്നാലെയാണ് അവ്റാം ഗ്രാന്റ് ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ചെൽസി വിട്ടതിനു ശേഷം ഗ്രാന്റ് പോർട്സ്‌മൗത്തിന്റെ പരിശീലകനാവുകയും അവരെ എഫ്.എ കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഫ്രിക്കൻ ടീമായ ഘാനയുടെ പരിശീലകനായിരുന്ന ഗ്രാന്റ് 2015ലെ ആഫ്രിക കപ്പ്  നാഷൻസിൽ ഫൈനലിൽ ഘാനയെ എത്തിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ ഐവറി കോസ്റ്റിനോട് ഘാന തോൽക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

കഴിഞ്ഞ ദിവസം റെനെ മുളൻസ്റ്റീൻ രാജി വെച്ച ഒഴിവിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കാനിറങ്ങുന്ന ഡേവിഡ് ജെയിംസിന് കീഴിൽ കേരളം ഇന്ന് ആദ്യ മത്സരം കളിക്കും. പൂനെ സിറ്റിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പ്രതിസന്ധികളിൽ നിന്ന് മറികടക്കാൻ കേരളത്തിന് ഇന്ന് വിജയം കൂടിയേ തീരു.

ബെംഗളുരുവിനെതിരെയേറ്റ കനത്ത പരാജയത്തിന്റെ പിന്നാലെയാണ് കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ചത്.  3-1നാണു കേരളം ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനോട് തോറ്റത്. പരിക്ക് മൂലം പല പ്രമുഖ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുന്നത് ഡേവിഡ് ജെയിംസിന് തിരിച്ചടിയാവും.  ബെംഗളുരുവിനെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീതും റിനോ ആന്റോയും ഇന്നും ടീമിൽ ഇടം നേടില്ല. അതെ സമയം പരിക്ക് മാറിയ ബെർബെറ്റോവ് ഇന്ന് കളിയ്ക്കാൻ സാധ്യതയുണ്ട്.

ഡേവിഡ് ജെയിംസിന് കീഴിൽ മികച്ച തുടക്കമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ആക്രമണ നിര തന്നെയാവും ജെയിംസ് ഇന്നിറക്കുക. വെസ് ബ്രൗണിനെ ജെയിംസ് എവിടെ കളിപ്പിക്കും എന്നതാവും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. മധ്യ നിരയിൽ ബെംഗളുരുവിനെതിരെ ദിവസം മികച്ച പ്രകടനം കാഴ്ചവെക്കാൻ വെസ് ബ്രൗണിന് കഴിഞ്ഞിരുന്നില്ല. നാല് മഞ്ഞ കാർഡ് ലഭിച്ച ലാകിച് പെസിച് ഇന്നത്തെ മത്സരത്തിനുണ്ടാവില്ല എന്നത്കൊണ്ട് തന്നെ വെസ് ബ്രൗൺ പ്രതിരോധനിരയിലേക്ക് മാറാനും സാധ്യതയുണ്ട്.  ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേർന്ന കിസിറ്റോ കെസിറോണിനെ മധ്യ നിരയിൽ കളിപ്പിക്കാനും സാധ്യതയുണ്ട്. താരത്തിന്റെ ടീമിലേക്കുള്ള വരവ് ഇന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചത്.

മികച്ച ഫോമിലുള്ള എഫ്.സി ഗോവയെയും ലീഗിൽ കരുത്ത് കാട്ടാൻ കഷ്ട്ടപ്പെടുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയും തോൽപ്പിച്ചാണ് പൂനെ ഇന്നിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ച ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാകും പൂനെ ഇറങ്ങുക. മികച്ച ഫോമിലുള്ള മർസെലിഞ്ഞോയിലും എമിലാനോ അൽഫാറോയിലുമാണ് പൂനെയുടെ പ്രതീക്ഷകൾ. ഇരുവരും കൂടി ലീഗിൽ ഇതുവരെ 10 ഗോളുകൾ നേടിയിട്ടുണ്ട്. ബെംഗളുരുവിനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ബൽജിത് സഹ്‌നി വിലക്ക് മാറി ഇന്ന് ടീമിൽ ഇടം നേടും. കഴിഞ്ഞ ദിവസം ഐ.എസ്.എല്ലിലെ ആദ്യ ഗോൾ നേടിയ മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നും പൂനെ നിരയിൽ ഇടം പിടിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുദ്ധ ഭീഷണി സജീവം, വിന്റർ ഒളിംപിക്സിൽ പങ്കെടുക്കാനുറച്ച് നോർത്ത് കൊറിയ

നോർത്ത് കൊറിയ – അമേരിക്ക യുദ്ധ ഭീഷണികൾ സജീവമാകുമ്പോളും 2018 ലെ വിന്റർ ഒളിംപിക്സിൽ നോർത്ത് കൊറിയ പങ്കെടുക്കുന്നെന്ന തരത്തിലുള്ള പ്രതികരണം നോർത്ത് കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ഭാഗത്ത് നിന്നുണ്ടായി. രാജ്യത്തിനായുള്ള ന്യൂ ഇയർ സന്ദേശത്തിലാണ് കിം ജോങ് ഉൻ ഇത്തരത്തിലുള്ള ഒരു പ്രതികരണം നടത്തിയത്.

വിന്റർ ഒളിംപിക്സ് സൗത് കൊറിയയിലെ പ്യോഞ്ചെങ്കിൽ വെച്ചാണ് നടക്കുന്നത്. സൗത്ത് നോർത്ത് കൊറിയയിലെ രാജ്യത്തലവന്മാർ തമ്മിലൊരു കൂടിക്കാഴ്ച ഒളിപിക്‌സിന്റെ നല്ല നടത്തിപ്പിനായി ഉണ്ടാകണമെന്നും കിം ജോങ് ഉൻ കൂട്ടിച്ചേർത്തു. ഈ വര്ഷം ഫെബ്രുവരി 7 മുതൽ 28 വരെയാണ് വിന്റർ ഒളിംപിക്സ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ സെഷന്‍ മഴയില്‍ കുതിര്‍ന്നു, ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

ആഷസിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. മഴ മൂലം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഓസ്ട്രേലിയന്‍ സമയം ഉച്ചയ്ക്ക് 12.10നോടടുത്ത സമയത്ത് നടന്ന ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളിലും ഒരു മാറ്റമാണുള്ളത്. ഇംഗ്ലണ്ട് ക്രിസ് വോക്സിനു പകരം മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനു അവസരം നല്‍കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ ഓസ്ട്രേലിയന്‍ ഇലവനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജാക്സണ്‍ ബേര്‍ഡ് ആണ് പുറത്ത് പോകുന്ന താരം. ആഷ്ടണ്‍ അഗര്‍ രണ്ടാം സ്പിന്നറായി സിഡ്നിയില്‍ കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, മാര്‍ക്ക് സ്റ്റോണ്‍മാന്‍, ജെയിംസ് വിന്‍സ്, ജോ റൂട്ട്, ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ടോം കുറന്‍, മേസണ്‍ ക്രെയിന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേര്‍സണ്‍

ഓസ്ട്രേലിയ: കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നോർത്ത് ഈസ്റ്റ് ഹിൽസിനെ തകർത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമി ഫൈനലിൽ

കോഴിക്കോട് നടക്കുന്ന ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിഫൈനലിൽ. ഇന്ന് നടന്ന പോരാട്ടത്തിൽ ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റ് ഹിൽസിനെ നിശ്പ്രഭരാക്കിയാണ് കാലിക്കറ്റ് സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കാലിക്കറ്റിന്റെ ജയം.

അഫ്ദാലിന്റെ ഹാട്രിക്കാണ് കാലിക്കറ്റിന് ഇത്ര വലിയ ജയം സമ്മാനിച്ചത്. 17,25,40 മിനുട്ടുകളിലായിരുന്നു അഫ്ദാലിന്റെ ഹാട്രിക്ക്. ഇരട്ട ഗോളുകളുമായി അനുരാഗും ഇന്ന് മികച്ചു നിന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ശിവാജി യൂണിവേഴ്സിറ്റി കൊലാഹ്പൂരിനെ തോൽപ്പിച്ചു.

നേരത്തെ കണ്ണൂർ യൂണിവേഴ്സിറ്റിയും പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയും സെമിയിൽ പ്രവേശിച്ചിരുന്നു. നാളെ നടക്കുന്ന സെമി ഫൈനലിൽ കണ്ണൂർ യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയേയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനേയും നേരിടും. നാളെ മൂന്നു മണിക്കാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് ആയി ഡേവിഡ് ജെയിംസ് ചുമതലയേറ്റു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്ഥാനം ഒഴിഞ്ഞ റെനെ മുളൻസ്റ്റീൻ രാജി വെച്ച ഒഴിവിലേക്കാണ് ഡേവിഡ് ജെയിംസ് പരിഗണിക്കപ്പെട്ടത്.  മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറാണ് ജെയിംസ്. 1992 മുതൽ 1999 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി കളിച്ചിട്ടുണ്ട്.

ഐ.എസ്.എൽ  ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ആവുന്നതിനു അനുവാദം നൽകി എന്നാണ് റിപോർട്ടുകൾ.  ഐ എസ് എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഐക്കൺ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്. ആദ്യ സീസണിൽ തന്നെ കേരളത്തെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഡേവിഡ് ജെയിംസ്. 7 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ജെയിംസിന്റെ വരവോടെ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version