കലിപ്പ് അടങ്ങുന്നില്ല എന്നിട്ടല്ലെ കപ്പ്

കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത്. കലിപ്പ് അടക്കണം കപ്പ് അടിക്കണം എന്നു പറഞ്ഞു പുതിയ സീസണായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസൺ പകുതിയോടടുക്കുമ്പോഴും ഒരു താളവും കളത്തിൽ കിട്ടിയിട്ടില്ല എന്നതാണ് സത്യം. 8 മത്സരങ്ങളിൽ വെറും 1 ജയം മാത്രമെ ഉള്ളൂ എന്നത് തന്നെ ആരുടെയും കലിപ്പ് അടക്കാൻ റെനെ മുളൻസ്റ്റീനും സംഘത്തിനും ഇതുവരെ ആയിട്ടില്ല എന്നതിന് തെളിവാണ്.

കഴുത്ത് അറ്റ് വീണാലും ബ്ലാസ്റ്റേഴ്സിനു വേണ്ടി ശബ്ദം മുഴക്കുന്ന ആരാധകർ മാത്രമാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കപ്പടിക്കണം എന്ന രണ്ടാമത്തെ ആഗ്രഹത്തിന് ജീവൻ ബാക്കിയുണ്ടാകാനുള്ള ഒരേയൊരു കാരണം. എന്ത് നടന്നാലും അഹങ്കരിക്കാൻ ആരാധകർ ഉണ്ട് എന്ന മയക്കത്തിലാണോ കളിക്കാർ എന്നതാണ് ചോദ്യം.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ ഇത്തിരി തപ്പി തടഞ്ഞപ്പോഴും ടീമിനു വേണ്ടി മയ്യും മനസ്സും മറന്ന് കളിക്കുന്ന കുറേ കളിക്കാർ ടീമിനൊപ്പം ഉണ്ടായിരുന്നു. ഹെങ്ബർട്ടിനു ക്യാപ്റ്റൻ ഹ്യൂസിനും ഉൾപ്പെടെയുള്ളവർ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിൽ ഇതുവരെ കളത്തിൽ ആ ആത്മാർത്ഥത കാണാനില്ല.

ഒരു കൂട്ടം മടിയന്മാരെ പോലെയാണ് കളിക്കാർ കളിക്കുന്നത്. ഒരു ഗോളിന് പിറകിൽ ആയാൽ പോലും പന്തുമായി മുന്നേറാനുള്ള ആവേശമോ 50-50 പന്തുകൾ വിജയിക്കാനുള്ള ശ്രമോ ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ നിന്ന് കാണാനില്ല. കളി കഴിഞ്ഞും കളിക്കു മുന്നേയും സാമൂഹിക മാധ്യമങ്ങളിൽ ആരാധകരെ‌ നല്ലതു പറഞ്ഞാൽ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന ആശ്വാസത്തിലാണ് കളിക്കാർ എന്നു തോന്നും.

ഒരുപാട് പ്രതീക്ഷയോടെ എത്തിയ റെനെ മുളൻസ്റ്റീനും കാര്യമായ ചലനങ്ങൾ ഫുട്ബോൾ സ്റ്റൈലിൽ പോലും ബ്ലാസ്റ്റേഴ്സ് ടീമിൽ കൊണ്ടുവരാൻ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം. മിഡ്ഫീൽഡിൽ ഒരു നല്ല കൂട്ടുകെട്ട് കണ്ടെത്താൻ വരെ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ആയില്ല. ഡിഫൻഡറായ കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ബ്രൗണിനെ മിഡ്ഫീൽഡിൽ കൊണ്ടുവരേണ്ട ഗതികേടിലാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ്.

എട്ടാമത്തെ സൈനിംഗ് ആയ വിദേശ മിഡ്ഫീൽഡർ എത്തുന്നതോടെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു കരുതാം, എന്നാലും കിടക്കുന്നു ഒരായിരം പ്രശ്നങ്ങൾ വേറെയും. ഏറ്റവും കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വെറുത്തിരുന്ന ബെംഗളൂരുവിനോട് വളരെ ദയനീയമായി പരാജയപ്പെട്ടിട്ടും ആരാധകർ പിറകിൽ ഉണ്ടെങ്കിൽ അവർ ഇതിലും മികച്ചത് അർഹിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്.

എതിരാളികളൊക്കെ വന്നു അത്ഭുതപെട്ട്, ബഹുമാനിക്കുകയും നന്ദി പറയുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തിനോട് ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരും ഇത്തിരി ബഹുമാനവും നന്ദിയും കാണിക്കണം. കാണിച്ച് തുടങ്ങണം. ഇല്ലായെങ്കിൽ കലിപ്പ് പോലും അടങ്ങില്ല കപ്പ് അവിടെ നിക്കട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗിൽ ഫെർഗൂസണെ മറികടന്ന് വെങ്ങറാശാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോർഡിന് കൂടെ ആഴ്സണൽ മാനേജർ വെങ്ങർ ഉടമയായിരിക്കുക ആണ്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിച്ച മാനേജർ എന്ന റെക്കോർഡാണ് ഇന്നലത്തെ മത്സരത്തോടെ വെങ്ങർ സ്വന്തമാക്കിയത്. മത്സരത്തിൽ ആഴ്സണൽ അവസാന നിമിഷത്തിൽ വഴങ്ങിയ പെനാൾട്ടി കാരണം ജയം വെങ്ങറിന് അന്യം നിന്നു.

ഇന്നലത്തെ മത്സരത്തോടെ 811 മത്സരങ്ങളിൽ വെങ്ങർ ആഴ്സണലിനെ പരിശീലിപ്പിച്ചു. 810 മത്സരങ്ങൾ പരിശീലിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ മാനേജർ സർ അലക്സ് ഫെർഗൂസന്റെ റെക്കോർഡാണ് വെങ്ങർ ഇതോടെ മറികടന്നത്.

ഹാരി റെഡ്നാപ്പ് 641 മത്സരങ്ങൾ, ഡേവിഡ് മോയെസ് 508 മത്സരങ്ങൾ, ബിഗ് സാം 495 മത്സരങ്ങൾ എന്നിവരാണ് വെങ്ങറിനും ഫെർഗൂസണും പിറകിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അത്‌ലറ്റിക്കോ ഡി കൊൽക്കത്ത

ഇന്ത്യന്‍ ഫുട്ബോളിന്‍റെ തറവാട് എന്നു വേണമെങ്കില്‍ കൊൽക്കത്തയെ വിളിക്കാം. ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ആഘോഷവേദിയും, പോര്‍ക്കളവുമായിരുന്നു കൊൽക്കത്ത. ഫുട്ബോള്‍ നെഞ്ചേറ്റിയ ജനത, ഇന്ത്യന്‍ ഫുട്ബോളിനെ ആഗോളപ്രശസ്ഥിയിലേക്കുയര്‍ത്തിയ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് തുടങ്ങിയ ചരിത്രപ്രാധ്യാനമുള്ള ക്ലബുകളുടെ ജന്മഭൂമി. ചോരയും, മരണവും വരെ കണ്ട ചരിത്രപ്രസിദ്ധമായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ക്ലബുകള്‍ തമ്മിലുള്ള കൊൽക്കത്ത നാട്ടങ്കത്തിന്‍റെ രണഭൂമി. ഇതൊക്കെ കണ്ട് തന്നെയാണു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന പുതിയ പരീക്ഷണത്തിന്‍റെ ആദ്യപരീക്ഷണ വേദിയായി കൊല്‍ക്കത്തയെ ഐ.എസ്.എല്‍ നടത്തിപ്പുകാര്‍ തെരഞ്ഞെടുത്തത്. ആദ്യമൊന്നു സംശയിച്ച കൊൽക്കത്ത സൗരവ് ദാദയുടെ ടീമിനെ ഏറ്റടുക്കാന്‍ പക്ഷേ അധികം താമസമുണ്ടായില്ല, ആദ്യസീസണിലെ ചാമ്പ്യന്‍പട്ടം അവര്‍ ആഘോഷിക്കുക തന്നെയായിരുന്നു.

വലിയ രണ്ടു വെല്ലുവിളികളാണു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രഥമ ചാമ്പ്യന്മാരെ മൂന്നാം സീസണിൽ കാത്തിരിക്കുന്നത്. സൗരവ് ഗാംഗുലിയുടെ ടീമിനെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായ സാള്‍ട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ നിന്നു രബീന്ദ്ര സരോഭര്‍ സ്റ്റേഡിയത്തിലേക്കുള്ള മാറ്റമാണ്. ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന 17 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പില്‍ ഫൈനലടക്കം പ്രഥാനമത്സരങ്ങള്‍ക്കു വേദിയാകുമെന്നു കരുതപ്പെടുന്ന സാള്‍ട്ട്‍ലേക്ക് സ്റ്റേഡിയം അതിനായുള്ള അറ്റകുറ്റപണിയിലാണ്. 68,000 ത്തിനു മുകളിൽ കാണികളെ ഉള്‍കൊള്ളാവുന്ന സാള്‍ട്ട് ലേക്കിലേക്കു ഏതാണ്ടു 45, 000 മുകളില്‍ കാണികള്‍ ഓരോ മത്സരത്തിനും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഒഴുകിയെത്തി എന്നാണു കണക്കുകള്‍. എന്നാല്‍ ഈ കാണികളുടെ പകുതി ഉള്‍കൊള്ളാന്നെ രബീന്ദ്ര സരോഭര്‍ സ്റ്റേഡിയത്തിനാവുകയുള്ളു. 26, 000 പേരെ മാത്രം ഉള്‍കൊള്ളാവുന്ന രബീന്ദ്ര സരോഭര്‍ സ്റ്റേഡിയം ഒരു തരത്തിലും സാള്‍ട്ട് ലേക്കിനു പകരം വക്കാനാവില്ല എന്നതാണു സത്യം. കാണികളില്‍ ഉണ്ടാവുന്ന ഈ കുറവ് ഹോം മത്സരങ്ങളിൽ ടീമിനെ എങ്ങനെ ബാധിക്കുമെന്നു കണ്ട് തന്നെ അറിയേണ്ടി വരും. അതിനോടൊപ്പം ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാവും കഴിഞ്ഞ രണ്ടു വര്‍ഷമായില്‍ ടീമിനെ പരിശീലിപ്പിച്ച കോച്ച് അന്‍റോണിയോ ഹബ്ബാസിന്‍റെ ടീം വിടല്‍. വേതന പ്രശ്നമാണു ഹബ്ബാസ് ടീം വിടാനുള്ള കാരണമായി പറയപ്പെടുന്നത്. മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ പൂനെ എഫ്.സിയിലേക്കാണു ഹബ്ബാസ് കൂടുമാറിയിരിക്കുന്നത്.

ആദ്യ സീസണിലെ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ആയില്ലെങ്കിലും കഴിഞ്ഞ തവണ സെമിഫൈനൽ വരെ എത്താന്‍ കൊൽക്കത്തയ്ക്കായി. സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മാഡ്രിഡിനു പങ്കാളിത്തമുള്ള കൊൽക്കത്തയുടെ പ്രധാന കരുത്തുകളില്‍ ഒന്നും കളത്തിനു പുറത്തും അകത്തുമുള്ള സ്പാനിഷ് സാന്നിധ്യമാണ്. അന്‍റോണിയോ ഹബ്ബാസിനെ പോലെ തന്നെ പുതിയ കോച്ച് ഫ്രാന്‍സിസ്കോ മൊലീനയും അത്ലെറ്റികോ മാഡ്രിഡില്‍ നിന്നു തന്നെയാണു എത്തുന്നത്. മുന്‍ അത്ലെറ്റികോ മാഡ്രിഡ് ഗോള്‍ കീപ്പറായിരുന്ന മൊലീന 415 ലാലീഗ മത്സരങ്ങളില്‍ വലകാത്തിട്ടുണ്ട്. സ്പെയിനിനായി 9 മത്സരങ്ങള്‍ കളിച്ച പരിചയവും ഇദ്ദേഹത്തിനുണ്ട്. പരിശീലനരംഗത്ത് അത്രവലിയ അനുഭവപരിചയം അവകാശപ്പെടാനില്ലെങ്കിലും 46 കാരനായ കാന്‍സറിനെ വരെ അതിജീവിച്ച മൊലീനയുടെ പോരാട്ടവീര്യത്തിലാവും കൊൽകത്തയുടെ പ്രതീക്ഷകള്‍ കിടക്കുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്നെ ഏറ്റവും അപകടകരമായ മുന്നേറ്റനിരയാവും കൊൽക്കത്തയുടെ പ്രധാനശക്തി. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ പരിക്കിനെ തുടര്‍ന്നു നേരത്തെ പിന്മാറേണ്ടില്‍ വന്ന ടീമിന്‍റെ മാര്‍ക്വീ താരം കൂടിയായ മുന്‍ പോര്‍ച്ചുഗീസ് ഫോര്‍വേഡ് ഹെൽഡര്‍ പൊസ്റ്റീകയോടൊപ്പം ആദ്യസീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പവും രണ്ടാം സീസണിൽ കൊൽക്കത്തയ്ക്കൊപ്പവും മിന്നുന്ന പ്രകടനം കാഴ്ച വച്ച ഇയാന്‍ ഹ്യൂം കൂടി ചേരുമ്പോള്‍ എതിര്‍ പ്രതിരോധങ്ങളുടെ പേടിസ്വപ്നമായി മാറും കൊൽക്കത്ത മുന്നേറ്റം. കഴിഞ്ഞ സീസണില്‍ 2 ഹാട്രിക് അടക്കം 11 ഗോളുകള്‍ നേടിയ കാനഡതാരം ഹ്യൂമിന്‍റെ കാലുകള്‍ ഇത്തവണയും ഗോളുകള്‍ തന്നെയാവും ലക്ഷ്യം വയ്ക്കുക. ഇവര്‍ക്കു പിന്തുണ നൽകാന്‍ സ്പാനിഷ് താരം യുവാന്‍ ബെലെൻകോസയുമുണ്ട്. പൊതുവെ മികച്ച മധ്യനിര എന്നും കൊൽകത്തയുടെ വലിയ ശക്തിയാണ്. ഇന്ത്യന്‍ താരങ്ങളായ ബിക്രംജിത്ത് സിംഗ്, ജുവല്‍ രാജ എന്നിവര്‍ക്കൊപ്പം വിദേശതാരം നാറ്റോയേയും നിലനിര്‍ത്തിയ ടീം, ക്യാപ്റ്റന്‍ കൂടിയായ സ്പാനിഷ് താരം ബോജ ഫെര്‍ണാണ്ടസിനേയും നിലനിര്‍ത്താന്‍ മറന്നില്ല. ഒപ്പം ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിൽ പ്രധാന പങ്ക് വഹിച്ച സ്കോട്ട്‍ലാണ്ട് താരം സ്റ്റീഫന്‍ പിയേര്‍സനേയും ടീമില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പം സ്പാനിഷ് താരം ജാവില്‍ ലാറ, ദക്ഷിണാഫ്രിക്കന്‍ താരം സമീങ് ദൗത്തിയും ഇറങ്ങും. വലിയ പേരുകളിലില്ലെങ്കിലും ഈ മധ്യനിര എവിടെയും ആശ്രയിക്കാവുന്നതാണ്. പ്രതിരോധത്തില്‍ അനുഭവപരിചയമുള്ള സ്പാനിഷ് താരങ്ങളായ ടിറി, ഗല്ലാര്‍ഡോ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ കരുത്തിലാണു കൊൽക്കത്ത വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. മികച്ച ഇന്ത്യന്‍ താരങ്ങളായ അര്‍ണബ് മൊണ്ടാൽ, പ്രബീര്‍ ദാസ്, ദീപനാദ് തുടങ്ങിയവര്‍ അണിനിരക്കുന്ന പ്രതിരോധത്തിൽ ടീം വിട്ട മലയാളി താരം റിനോ ആന്‍റോയുടെ അഭാവം നിഴലിച്ചേക്കും. ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരായ ദെബ്ജിത് മംജൂദെർ, ഷിള്‍ട്ടന്‍ പോള്‍ തുടങ്ങിയവര്‍ ടീമിൽ ഉണ്ടങ്കിലും 37 കാരന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡാനി മല്ലോയിൽ ആവും മൊലീന വിശ്വാസം അര്‍പ്പിക്കാന്‍ സാധ്യത.

ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഏറ്റവും വലിയ രണഭൂമിയായ കൊൽക്കത്തയുടെ സ്വന്തം കടുവകള്‍ക്കു ഏറ്റവും വലിയ വെല്ലുവിളിയാവുക ആരാധക പ്രതീക്ഷകള്‍ തന്നെയാവും. മൊലീനയിലും സംഘത്തിലും ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ സീസണിലെ കീരീട പ്രകടനം, രണ്ടാം സീസണിലേ സെമി പ്രവേശനം ഇവ മുന്നോട്ട് വയ്ക്കുന്ന വലിയ പ്രതീക്ഷകള്‍ ടീമിനു അതിജീവിക്കാന്‍ ആവുമോ എന്നു കണ്ടറിയണം. കോച്ചിലും, സ്റ്റേഡിയത്തിലും വന്ന മാറ്റങ്ങളോട് ടീം എങ്ങനെ പ്രതികരിക്കും എന്നതാണു എല്ലാവരും ഉറ്റുനോക്കുന്ന വലിയകാര്യം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ ഒക്റ്റോബര്‍ രണ്ടിനു മുന്‍ വര്‍ഷങ്ങളിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയാണു കൊൽക്കത്തയുടെ ആദ്യ എതിരാളികള്‍.

Exit mobile version