ജോഫ്രയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് പ്രഹരങ്ങളേല്പിച്ച് സാം കറന്‍, ഏകനായ പോരാളിയായി സ്റ്റീവ് സ്മിത്ത്

- Advertisement -

ചുറ്റും വിക്കറ്റുകള്‍ വീഴുമ്പോളും തനിക്ക് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നല്‍കിയ അവസരം ഇരു കൈയ്യാല്‍ സ്വീകരിച്ച് ബാറ്റ് വീശി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് സ്റ്റീവന്‍ സ്മിത്ത്. ജോഫ്ര ആര്‍ച്ചറും സാം കറനും ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തി മുന്നേറിയപ്പോളും ടീമിന് തലവേദനയായി സ്റ്റീവന്‍ സ്മിത്ത് നിലകൊള്ളുകയായിരുന്നു. സ്കോര്‍ 66ല്‍ നില്‍ക്കെ ജോ റൂട്ട് കൈവിട്ട അവസരത്തിന് ശേഷവും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ സ്മിത്ത് 16 റണ്‍സ് കൂടി നേടി 80 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ജോഫ്ര ആറും സാം കറന്‍ നാല് വിക്കറ്റും നേടിയപ്പോള്‍ 80 റണ്‍സ് നേടിയ സ്മിത്തിന്റെ വിക്കറ്റ് ക്രിസ് വോക്സിനായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പിന്തുണ നല്‍കിയ മാര്‍നസ് ലാബൂഷാനെ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലയണും പീറ്റര്‍ സിഡിലും ചേര്‍ന്ന് 37 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് നേടിയിരുന്നു.

25 റണ്‍സ് നേടിയ ലയണിനെ പുറത്താക്കിയാണ് ജോഫ്ര തന്റെ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. അധികം വൈകാതെ പീറ്റര്‍ സിഡിലിനെയും(18) പുറത്താക്കി ജോഫ്ര ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റ് നേടിയപ്പോള്‍ ഓസ്ട്രേലിയ 225 റണ്‍സിന് ഓള്‍ഔട്ട് ആയി. 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും ലീഡ് കുറച്ച് കൊണ്ടുവരാന്‍ ഓസ്ട്രേലിയയ്ക്കായത് വലിയ നേട്ടം തന്നെയാണ്.

Advertisement