തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശ്, സിംബാബ്‍വേയ്ക്കെതിരെ 3 വിക്കറ്റ് ജയം, തുണയായത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

- Advertisement -

145 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിനെ നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ച് ജയത്തിലേക്ക് നയിച്ച് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്. 82 റണ്‍സ് നേടിയ മൊസ്ദേക്ക് ഹൊസൈന്‍-അഫിഫ് ഹൊസൈന്‍ കൂട്ടുകെട്ടിന്റെ പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് ബംഗ്ലാദേശിനെ കരകയറ്റിയത്. 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ സിംബാബ്‍വേ 144 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 29/4 എന്ന നിലയിലേക്കും 60/6 എന്ന നിലയിലേക്കും വീഴുകയായിരുന്നു.

അവിടെ നിന്ന് ഏറെ നിര്‍ണ്ണായക പ്രകടനവുമായി അഫിഫ് ഹൊസൈനും മൊസ്ദേക്ക് ഹൊസൈനും ടീമിന്റെ രക്ഷകരായി മാറുകയായിരുന്നു. ഇതില്‍ 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അഫിഫിന്റെ പ്രകടനമാണ് ഏറെ സുപ്രധാനമായത്. മൊസ്ദേക്ക് 30 റണ്‍സ് നേടി വിജയം ഉറപ്പാക്കുന്നതില്‍ അഫിഫിന് മികച്ച പിന്തുണ നല്‍കി.

26 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ അഫിഫ് പുറത്തായപ്പോള്‍ നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം നേടിയാല്‍ മതിയായിരുന്നു ബംഗ്ലാദേശിന്. രണ്ട് പന്ത് അവശേഷിക്കെയാണ് ബംഗ്ലാദേശിന്റെ വിജയം. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, നെവില്ലേ മാഡ്സിവ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും ഹാമിള്‍ട്ടണ്‍ മസകഡ്സ 34 റണ്‍സും നേടി. പുറത്താകാതെ നിന്ന റയാന്‍ ബര്‍ളിനൊപ്പം 27 റണ്‍സുമായി ടിനോടെന്‍ഡ മുടോംബോഡ്സിയും ബാറ്റിംഗ് മികവ് പുലര്‍ത്തി. 63/5 എന്ന നിലയിലേക്ക് ബാറ്റിംഗ് പാളിയ സിംബാബ്‍വേ പിന്നീട് 144 എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.

Advertisement