വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

- Advertisement -

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ റൂട്ട് ആയിരുന്നു. ടോപ് ഓര്‍ഡറില്‍ ക്രിസ് ഗെയില്‍ 36 റണ്‍സ് നേടിയെങ്കിലും പൂരന്‍-ഹെറ്റ്മ്യര്‍ എന്നിവരൊഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

നിക്കോളസ് പൂരന്‍ 63 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 39 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും ജോ റൂട്ട് കൂട്ടുകെട്ട് തകര്‍ത്തു. 55/3 എന്ന നിലയില്‍ നിന്ന് 144/3 എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു വിന്‍‍ഡീസിന്റെ തകര്‍ച്ച. ഹെറ്റ്മ്യറിനെയും ജേസണ്‍ ഹോള്‍ഡറിനെയും റിട്ടേണ്‍ ക്യാച്ചിലൂടെ ജോ റൂട്ട് പുറത്താക്കി.

16 പന്തില്‍ 21 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ ഇന്നിംഗ്സിനു അധികം ആയുസ്സില്ലാതെ പോയപ്പോള്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വീതം വിക്കറ്റ് നേടി വിന്‍ഡീസ് വാലറ്റത്തെ തുടച്ച് നീക്കി. 44.4 ഓവറിലാണ് വിന്‍ഡീസ് 212 റണ്‍സിനു ഓള്‍ഔട്ട് ആയത്.

Advertisement