ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെങ്ങറി ചോപ്ര-സിക്കി റെഡ്ഢി, അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് എന്നിവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

36 മിനുട്ട് നീണ്ട മത്സരത്തില്‍ ‍ഡച്ച് കൂട്ടുകെട്ടിനെ 21-16, 21-14 എന്ന സ്കോറിന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് മുന്നോട്ട് നീങ്ങിയത്. അതേ സമയം ഇംഗ്ലണ്ടിനോടാണ് മനു-സുമീത് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 19-21, 22-20, 15-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. മിക്സഡ് ഡബിള്‍സ് ജോഡികളായ പ്രണവ്-സിക്കി കൂട്ടുകെട്ട് 36 മിനുട്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ബ്രിട്ടീഷ് ടീമിനോട് 13-21, 18-21 എന്ന സ്കോറിന് പത്തി മടക്കി. സാത്വിക്-അശ്വിനി മിക്സഡ് ഡബിള്‍സ് ജോഡി 17-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോട് പരാജയമേറ്റുവാങ്ങി.

ആദ്യ ഗെയിം വിജയിച്ചുവെങ്കിലും പിന്നീട് ശ്രീകാന്ത് കിഡംബിയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. 21-15, 7-21, 14-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. ടിയെന്‍ ചെന്‍ ചൗവിനോടായിരുന്നു ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. സമാനമായ രീതിയില്‍ ആവേശപ്പോരിലാണ് സമീര്‍ വര്‍മ്മയുടെ പരാജയം. 1 മണിക്കൂര്‍ 24 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 22-20, 18-21, 18-21 എന്ന സ്കോറിന് ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് സമീര്‍ പരാജയപ്പെട്ടത്.

പാരുപ്പള്ളി കശ്യപ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയോട് 11-21, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ അടിയറവ് പറഞ്ഞു. സ്കോര്‍: 21-16, 13-21, 17-21.