FeaturedFootball

ചെൽസിക്ക് വീണ്ടും തോൽവി, എവർട്ടനോടും നാണം കെട്ടു

Everton Chelsea Ndiye

മോശം ഫോമിലൂടെ പോവുന്ന ചെൽസിക്ക് വീണ്ടും തോൽവി. പ്രീമിയർ ലീഗിൽ എവർട്ടനോടാണ് ചെൽസി തോൽവിയറിഞ്ഞത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടന്റെ ജയം. ചെൽസിയുടെ തുടർച്ചയായ നാലാമത്തെ തോൽവിയാണ് ഇത്. ഇന്നത്തെ തോൽവിയോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ചെൽസിക്ക് വെല്ലുവിളിയാകും.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ എവർട്ടൺ ബെറ്റോയിലൂടെയാണ് ആദ്യം ഗോൾ നേടിയത്. ചെൽസി പ്രതിരോധം മുറിച്ച് ഗാർണർ നൽകിയ പാസിൽ നിന്നാണ് ബെറ്റോ ഗോൾ നേടിയത്. തുടർന്ന് എവർട്ടൺ ഗോൾ കീപ്പർ പിക്‌ഫോർഡിന്റെ മികച്ച സേവ് ചെൽസിയെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞു.

രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ച് ഇറങ്ങിയ ചെൽസിക്കെതിരെ രണ്ടാമത്തെ ഗോളും നേടി എവർട്ടൺ കളിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ ചെൽസി ഗോൾ കീപ്പർ സാഞ്ചസിന്റെ പിഴവിൽ നിന്ന് ബെറ്റോ തന്റെ രണ്ടാമത്തെ ഗോളും നേടി. തുടർന്ന് എൻഡിയെയിലൂടെ എവർട്ടൺ തങ്ങളുടെ മൂന്നാമത്തെ ഗോളും നേടി എവർട്ടൺ ഗോൾ പട്ടിക പൂർത്തിയാക്കി.