കിരീടത്തിന് അരികിലേക്ക് ന്യൂസിലാണ്ട്, ഡാരിൽ മിച്ചലിന് തകര്‍പ്പന്‍ അര്‍ദ്ധ ശതകം

Darylmitchell

167 റൺസെന്ന വിജയ ലക്ഷ്യം 19 ഓവറിൽ ന്യൂസിലാണ്ട് കൈക്കലാക്കിയപ്പോള്‍ ടീമിന് തുണയായത് ഡാരിൽ മിച്ചൽ പുറത്താകാതെ 47 പന്തിൽ നിന്ന് നേടിയ 72 റൺസ്. ഇംഗ്ലണ്ടിനെതിരെ വിജയവുമായി തങ്ങളുടെ ആദ്യ ടി20 ഫൈനൽ ഉറപ്പാക്കിയ ന്യൂസിലാണ്ട് 5 വിക്കറ്റ് വിജയം ആണ് ഇന്ന് മത്സരത്തിൽ നേടിയത്.

ആദ്യ ഓവറിൽ മാര്‍ട്ടിന്‍ ഗപ്ടിലും മൂന്നാം ഓവറിൽ കെയിന്‍ വില്യംസണെയും ക്രിസ് വോക്സ് പുറത്താക്കുമ്പോള്‍ ന്യൂസിലാണ്ട് 13 റൺസാണ് നേടിയത്. പിന്നീട് മിച്ചലും കോൺവേയും ചേര്‍ന്ന് 82 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

46 റൺസ് നേടിയ കോൺവേയെയും ഗ്ലെന്‍ ഫിലിപ്പ്സിനെയും ലിവിംഗ്സ്റ്റൺ അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തിയപ്പോള്‍ 11 പന്തിൽ 27 റൺസ് നേടി ജെയിംസ് നീഷം ന്യൂസിലാണ്ട് വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു.

ആദില്‍ റഷീദ് താരത്തിനെ പുറത്താക്കുന്നതിന് മുമ്പ് 40 റൺസാണ് അഞ്ചാം വിക്കറ്റിൽ നീഷവും മിച്ചലും ചേര്‍ന്ന് നേടിയത്. 19ാം ഓവര്‍ എറിഞ്ഞ ക്രിസ് വോക്സിനെ 20 റൺസ് പായിച്ച് ന്യൂസിലാണ്ട് വിജയം ഒരുക്കിയപ്പോള്‍ ഓവറിൽ 19 റൺസും മിച്ചലായിരുന്നു നേടിയത്.

അവസാന നാലോവറിൽ 57 റൺസെന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു ന്യൂസിലാണ്ടിന് മുന്നിലെങ്കിലും ജെയിംസ് നീഷവും ക്രിസ് ജോര്‍ദ്ദനെ 17ാം ഓവറിൽ അടിച്ച് പറപ്പിച്ചപ്പോള്‍ ഓവറിൽ നിന്ന് 23 റൺസാണ് പിറന്നത്.

18ാം ഓവറിൽ നീഷവും മിച്ചലും ഓരോ സിക്സ് വീതം നേടിയെങ്കിലും നീഷത്തിന്റെ വിക്കറ്റ് അവസാന പന്തിൽ നഷ്ടമായത് ന്യൂസിലാണ്ടിന് തിരിച്ചടിയായി. 3 സിക്സാണ് താരം നേടിയത്. 2 ഓവറിൽ 20 റൺസ് വേണ്ട ഘട്ടത്തിൽ ക്രിസ് വോക്സിനെ കണക്കിന് പ്രഹരം ഏല്പിച്ചാണ് ഡാരിൽ മിച്ചൽ ന്യൂസിലാണ്ടിനെ കന്നി ടി20 ഫൈനലിലേക്ക് എത്തിച്ചത്.

Previous articleഗോൺസാലസിന്റെ കൊറോണ മാറിയില്ല, അർജന്റീന സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു
Next articleആഴ്‌സണലിന്റെ ഒക്ടോബറിലെ മികച്ച താരമായി ആരോൺ റാമ്സ്ഡേൽ