ഇന്ത്യന്‍ ഫുട്ബോളിന് പുതിയ നാണക്കേട്!!! പാകമാകാത്ത് ജേഴ്സി നൽകി AIFF

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന എഎഫ്‌സി (AFC) ഏഷ്യൻ കപ്പിനായി എത്തിയ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് ജേഴ്സിയുടെ പേരിൽ നേരിടേണ്ടി വന്നത് വലിയ തിരിച്ചടി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അയച്ച ജേഴ്സികൾ പ്രായപൂർത്തിയാകാത്ത ജൂനിയർ ടീമുകൾക്കായി നിർമ്മിച്ചവയായിരുന്നു. ഇത് 26 അംഗ ടീമിലെ 80 ശതമാനം താരങ്ങൾക്കും പാകമാകാത്തതിനെത്തുടർന്ന് ഓസ്‌ട്രേലിയയിലെ പ്രാദേശിക വിപണിയിൽ നിന്നും തിരക്കിട്ട് പുതിയ കിറ്റുകൾ കണ്ടെത്തേണ്ടി വന്നു.
ഈ വീഴ്ച ടീമിനെ മാനസികമായി തളർത്തിയെന്നും മത്സരത്തിന് തൊട്ടുമുമ്പുള്ള നിർണ്ണായക സമയത്തെ ശ്രദ്ധ മാറ്റിയെന്നും താരങ്ങൾ എഐഎഫ്‌എഫിന് അയച്ച കത്തിൽ പരാതിപ്പെട്ടു.
രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിക്കാനിറങ്ങുമ്പോൾ കുറഞ്ഞത് പ്രൊഫഷണൽ നിലവാരമുള്ളതും ശരിയായ അളവിലുള്ളതുമായ വസ്ത്രങ്ങളെങ്കിലും നൽകേണ്ടതുണ്ടെന്ന് താരങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥ കളിക്കാരുടെ മനോവീര്യത്തെ ബാധിച്ചുവെന്നും ഇത്തരമൊരു പ്രധാന ടൂർണമെന്റിന് മുൻപ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.