Featured

22 വർഷത്തെ കണ്ണീരിന് അവസാനം, ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ!

20260519 022846

നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ്. ഇന്നത്തെ നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബോർൺമൗതിനോട് 1-1 ന്റെ സമനില വഴങ്ങിയതോടെയാണ് ആഴ്‌സണൽ കിരീടം ഉറപ്പിച്ചത്. ഇതോടെ വെറും ഒരു മത്സരം മാത്രം അവശേഷിക്കുമ്പോൾ നാലു പോയിന്റ് മുന്നിലുള്ള ആഴ്‌സണൽ അവസാന മത്സരത്തിന് മുമ്പ് കിരീടം ഉറപ്പിച്ചു. യൂറോപ്യൻ യോഗ്യതക്ക് ആയി രണ്ടും കൽപ്പിച്ചു ഇറങ്ങിയ കഴിഞ്ഞ 16 മത്സരങ്ങളിൽ നിന്നു തോൽവി അറിയാതെ എത്തിയ ബോർൺമൗതിനോട് മാഞ്ചസ്റ്റർ സിറ്റി അക്ഷരാർത്ഥത്തിൽ വിയർത്തു. 39 മത്തെ മിനിറ്റിൽ മികച്ച ടീം നീക്കത്തിന് ഒടുവിൽ ട്രുഫറ്റിന്റെ ഉഗ്രൻ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ ജൂനിയർ കുർപി ബോർൺമൗതിനു മുൻതൂക്കം നൽകി.

തുടർന്ന് രണ്ടാം പകുതിയിലും നിരവധി അവസരങ്ങൾ ആണ് ബോർൺമൗത് സൃഷ്ടിച്ചത്. എന്നാൽ പോസ്റ്റും ഡോണരൂമയും വില്ലൻ ആയപ്പോൾ അവർക്ക് രണ്ടാം ഗോൾ കണ്ടത്താൻ ആയില്ല. തുടർന്ന് 95 മത്തെ മിനിറ്റിൽ ഏർലിങ് ഹാളണ്ട് നേടിയ ഗോൾ സിറ്റിക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയഗോൾ നേടാൻ അവർക്ക് സമയം ഉണ്ടായിരുന്നില്ല. സമനിലയോടെ യൂറോപ്യൻ ഫുട്‌ബോൾ കളിക്കാനുള്ള യോഗ്യത ബോർൺമൗത് സ്വന്തമാക്കി. ഇതോടെ 22 വർഷത്തെ നീണ്ട കാത്തിരിപ്പ് ആഴ്‌സണൽ അവസാനിപ്പിച്ചു. ക്ലബിന്റെ ചരിത്രത്തിലെ നാലാം പ്രീമിയർ ലീഗ് കിരീടവും പതിനാലാം ഇംഗ്ലീഷ് ലീഗ് കിരീടവും ആണ് ഇത്. ഈ മാസം 30 നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയെ ഇംഗ്ലീഷ് ജേതാക്കൾ ആയി തന്നെയാവും ഇതോടെ മിഖേൽ ആർട്ടെറ്റയുടെ ടീം നേരിടുക.