കോഹ്ലി സച്ചിന്റെ 100 സെഞ്ച്വറിയും മറികടക്കും എന്ന് രവി ശാസ്ത്രി

വിരാട് കോഹ്ലിക്ക് 100 അന്താരാഷ്ട്ര സെഞ്ചുറികൾ തികയ്ക്കാൻ ആകും എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഇന്നലെ ന്യൂസിലൻഡിന് എതിരെ സെഞ്ച്വറി നേടിയതോടെ വിരാട് കോഹ്ലി 50 ഏകദിന സെഞ്ച്വറിയിയിൽ എത്തി സച്ചിന്റെ റെക്കോർഡ് മറികടന്നിരുന്നു‌. ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ സച്ചിന്റെ റെക്കോർഡ് ആണ് കോഹ്ലിയുടെ മുന്നിൽ ഉള്ളത്. സച്ചിന് 100 സെഞ്ച്വറിയും കോഹ്ലിക്ക് 80 സെഞ്ച്വറിയുമാണ് ഉള്ളത്.

“സച്ചിൻ ടെണ്ടുൽക്കർ 100 സെഞ്ച്വറി നേടിയപ്പോൾ ആരെങ്കിലും വിചാരിച്ചോ അതിന് അടുത്ത് ആരെങ്കിലും വരുമെന്ന്? കോഹ്ലിക്ക് ഇപ്പോൾ 80 അന്താരാഷ്ട്ര സെഞ്ചുറികൾ ആയി. അതിൽ 50 എണ്ണം ഏകദിനത്തിൽ തന്നെ നേടി, അസാദ്ധ്യമായി ഒന്നുമില്ല. കോഹ്ലിയുടെ അടുത്ത 10 ഇന്നിംഗ്‌സുകളിൽ നിങ്ങൾക്ക് മറ്റൊരു അഞ്ച് സെഞ്ച്വറി കൂടി കണ്ടേക്കാം,” ശാസ്ത്രി ഐസിസിയോട് പറഞ്ഞു.

“നിങ്ങൾക്ക് ഗെയിമിന്റെ മൂന്ന് ഫോർമാറ്റുകളുണ്ട്, കോഹ്ലി എല്ലാ ഫോർമാറ്റുകളുടെയും ഭാഗമാണ്. അദ്ദേഹത്തിന് ഇനിയും മൂന്നോ നാലോ വർഷത്തെ ക്രിക്കറ്റ് മുന്നിലുണ്ടെന്ന് കരുതുന്നു. 100 സെഞ്ച്വറിയിൽ കോഹ്ലി എത്താം” അദ്ദേഹം കൂട്ടിച്ചേർത്തു.

2003 മറക്കണം, 20 വർഷം മുമ്പുള്ള കണക്കു തീർക്കണം!! ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ

2003 ലോകകപ്പ് ഫൈനൽ ഒരു ഇന്ത്യക്കാരനും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ഓസ്ട്രേലിയ എന്ന ഏകദിന ക്രിക്കറ്റ് അന്ന് കണ്ട ഏറ്റവും മികച്ച ടീമിന് മുന്നിൽ അസ്തമിച്ച ദിവസം. 20 വർഷങ്ങൾക്ക് ഇപ്പുറം ആ പരാജയത്തിന് കണക്കു തീർക്കാൻ ഇന്ത്യക്ക് അവസരം വന്നിരിക്കുകയാണ്. അഹമ്മദാബാദിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ ആകും ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആയി എത്തുന്നത്.

അന്ന് ഓസ്ട്രേലിയ ആയിരുന്നു ലോകകത്തെ വിറപ്പിച്ചിരുന്ന ടീമെങ്കിൽ ഇന്ന് അത് ഇന്ത്യ ആണ്. അന്ന് പത്ത് മത്സരങ്ങൾ തുടർച്ചയായി ജയിച്ചായിരുന്നു ഓസ്ട്രേലിയ ഫൈനലിൽ എത്തിയത്. ഇന്ന് ഇന്ത്യയും അതുപോലെ പത്ത് മത്സരങ്ങൾ ജയിച്ചാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. അന്ന് 2003ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയ ഏകപക്ഷീയമായി വിജയിച്ചിരുന്നു. ഇത്തവണ ഇന്ത്യ ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയയെ തകർത്തിരുന്നു.

അന്നത്തെ ഓസ്ട്രേലിയക്കും ഇന്നത്തെ ഇന്ത്യക്കും തമ്മിൽ അങ്ങനെ ഒരുപാട് സാമ്യങ്ങൾ. ഇനി ഫൈനലിൽ കൂടെ ഇന്ത്യ വിജയിക്കണം. അപ്പോൾ 2003 നമ്മുക്ക് മറക്കാം. ഓസ്ട്രേലിയയെ തോൽപ്പിച്ച് മൂന്നാം ലോകകപ്പും സ്വന്തമാക്കാം. 2003ൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ നേടിയത് അവരുടെ മൂന്നാം ലോകകപ്പ് ആയിരുന്നു.

ഇനി കലാശപ്പോരാട്ടം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ!!! ദക്ഷിണാഫ്രിക്കന്‍ വെല്ലുവിളി മറികടന്ന് ഓസ്ട്രേലിയ

ലോകകപ്പ് 2023 ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ലക്ഷ്യം 213 റൺസായിരുന്നുവെങ്കിലും അത്ര എളുപ്പമായിരുന്നില്ല ഓസ്ട്രേലിയന്‍ വിജയം. ഓസ്ട്രേലിയയുടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും 47.2 ഓവറിൽ ടീം 3 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. ട്രാവിസ് ഹെഡ് നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം ജോഷ് ഇംഗ്ലിസും സ്റ്റീവന്‍ സ്മിത്തും നിര്‍ണ്ണായക ബാറ്റിംഗ് കാഴ്ചവെച്ചു.

ഓപ്പണര്‍ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 6.1 ഓവറിൽ 60 റൺസ് നേടിയെങ്കിലും 29 റൺസ് നേടിയ വാര്‍ണറെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ഓസ്ട്രേലിയയ്ക്ക് മിച്ചൽ മാര്‍ഷിനെ പൂജ്യത്തിന് നഷ്ടമായി. 61/2 എന്ന നിലയിൽ നിന്ന് ഹെഡ് -സ്മിത്ത് കൂട്ടുകെട്ട് 45 റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും 62 റൺസ് നേടിയ ഹെഡിനെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.

മാര്‍നസ് ലാബൂഷാനെയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും തബ്രൈസ് ഷംസി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിൽ പ്രതീക്ഷ പുലര്‍ന്നു. 137/5 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ ഈ ഘട്ടത്തിൽ. അവിടെ നിന്ന് സ്മിത്തും ജോഷ് ഇംഗ്ലിസുമാണ് ഓസ്ട്രേലിയയെ മുന്നോട്ട്  നയിച്ചത്.

ഓസ്ട്രേലിയ വിജയത്തിന് 39 റൺസ് അകലെ എത്തിയപ്പോള്‍ 30 റൺസ് നേടിയ സ്റ്റീവ് സ്മത്ത് പുറത്താകുകയായിരുന്നു. 37 റൺസാണ് ജോഷ് ഇംഗ്ലിസും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 28 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെയും ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 7ാം വിക്കറ്റ് നഷ്ടമായി. വിജയത്തിനായി 20 റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്.

സ്റ്റാര്‍ക്ക് 16 റൺസും കമ്മിന്‍സ് 14 റൺസും നേടിയപ്പോള്‍ നിര്‍ണ്ണായകമായ 22 റൺസാണ് ഈ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയത്.

സെമിയിൽ കളി മറന്ന് ദക്ഷിണാഫ്രിക്ക, ശതകവുമായി പൊരുതി നിന്ന് മില്ലര്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് ഓസ്ട്രേലിയന്‍ പേസര്‍മാര്‍ക്ക് മുന്നിൽ പിടിച്ചുനിൽക്കുവാന്‍ സാധിക്കാതെ പോകുകയായിരുന്നു. ഡേവിഡ് മില്ലര്‍ നേടിയ ശതകത്തിന്റെ മികവാണ് ദക്ഷിണാഫ്രിക്കയെ 212 റൺസിലേക്ക് എത്തിച്ചത്.

24/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത് ഡേവിഡ് മില്ലറും ഹെയിന്‍റിച്ച് ക്ലാസ്സനും ചേര്‍ന്നാണ്. 95 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. 47 റൺസ് നേടിയ ക്ലാസ്സനെ ട്രാവിസ് ഹെഡ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ മാര്‍ക്കോ ജാന്‍സനെയും ഹെഡ് മടക്കിയയ്ച്ചു.

ഏഴാം വിക്കറ്റിൽ ഡേവിഡ് മില്ലറും ജെറാള്‍ഡ് കോയെറ്റ്സേയും ചേര്‍ന്ന് 53 റൺസാണ് നേടിയത്. 19 റൺസ് നേടിയ ജെറാള്‍ഡിനെ പുറത്താക്കി കമ്മിന്‍സ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. മില്ലര്‍ തന്റെ ശതകവും ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 റൺസും കടത്തിയ ഉടനെ താരം പുറത്താകുകയായിരുന്നു. കമ്മിന്‍സിന് ആണ് വിക്കറ്റ് ലഭിച്ചത്. 101 റൺസാണ് മില്ലര്‍ നേടിയത്.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സും മിച്ചൽ സ്റ്റാര്‍ക്കും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹാസൽവുഡും ട്രാവിസ് ഹെഡും രണ്ട് വീതം വിക്കറ്റും നേടി.

മുഹമ്മദ് ഷമി മാജിക്ക് കാണിക്കുകയാണ് എന്ന് ഉത്തപ്പ

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഇപ്പോൾ മാജിക്ക് കാണിക്കുകയാണ് എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ റോബിൻ ഉത്തപ്പ. “മുഹമ്മദ് ഷമി ഇപ്പോൾ മാജിക് ചെയ്യുകയാണ്. ഓരോ തവണയും അവന്റെ കൈയിൽ പന്ത് ലഭിക്കുമ്പോൾ അവൻ ശരി മാത്രം ചെയ്യുന്നു.” ഉത്തപ്പ പറഞ്ഞു.

“എല്ലാ താരങ്ങളും വിക്കറ്റുകൾ നേടുന്നതിനായി ഇന്ത്യയ്‌ക്കായി ഒത്തുചേരുന്നു, അത് കാണാൻ മനോഹരമാണ്. ബാറ്റർമാർ ഷമിയെ സമീപിക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ബഹുമാനം നിങ്ങൾക്ക് കാണാൻ കഴിയും, ”ഉത്തപ്പ പറഞ്ഞു.

“ഈ ഗ്രൂപ്പ് വളരെ ചെറുതും ഗ്രൂപ്പിനുള്ളിലെ സൗഹൃദം വളരെ മികച്ചതുമാണ്, എന്തെങ്കിലും സംഭവിച്ചാലും, ഞങ്ങൾ ഇതിലൂടെ കടന്നുപോകുമെന്നും ഈ ഗെയിമിൽ ഞങ്ങൾ വിജയിക്കും, എല്ലാ ഗെയിമുകളും ജയിക്കുമെന്നുമാണ് അവരുടെ വിശ്വാസം,” ഉത്തപ്പ കൂട്ടിച്ചേർത്തു.

രണ്ടാം സെമിയിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

ലോകകപ്പ് 2023 ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇന്ന് അറിയാം. ഇന്ന് രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയന്‍ നിരയിൽ മാര്‍ക്കസ് സ്റ്റോയിനിസും ഷോൺ അബോട്ടും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ പകരം ഗ്ലെന്‍ മാക്സ്വെല്ലും മിച്ചൽ സ്റ്റാര്‍ക്കും ടീമിലേക്ക് എത്തുന്നു.

ലുംഗിസാനി എന്‍ഗിഡിയ്ക്ക് പകരം തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് വരുന്നു.

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Temba Bavuma(c), Rassie van der Dussen, Aiden Markram, Heinrich Klaasen, David Miller, Marco Jansen, Keshav Maharaj, Gerald Coetzee, Kagiso Rabada, Tabraiz Shamsi

ഓസ്ട്രേലിയ: Travis Head, David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Glenn Maxwell, Josh Inglis(w), Pat Cummins(c), Mitchell Starc, Adam Zampa, Josh Hazlewood

“രോഹിത് ആക്രമിക്കാൻ തുടങ്ങിയാൽ നിർത്തില്ല, ഫിഫ്റ്റിയോ സെഞ്ച്വറിയോ ഓർത്ത് അവന് ആശങ്കയില്ല” വസീം അക്രം

ന്യൂസിലൻഡിനെതിരായ സെമിയിലെ രോഹിത് ശർമ്മയുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം പ്രശംസിച്ചു. രോഹിതിന്റെ നിസ്വാർത്ഥ നേതൃത്വം ആണ് ടീമിന് മാതൃകയാകുന്നത് എന്ന് വസീം അക്രം പറഞ്ഞു. “കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയുടെ സമ്പൂർണ്ണ പ്രകടനമായിരുന്നു ഇന്നലെ കണ്ടത്, ഇന്ത്യയെ നായകൻ മുന്നിൽ നിന്ന് നയിക്കുന്നു”. അദ്ദേഹം പറഞ്ഞു.

“രോഹിത്തിനെ കുറിച്ച് ആളുകൾ അധികം സംസാരിക്കാറില്ല, കാരണം അദ്ദേഹത്തിന് നിരവധി സെഞ്ചുറികൾ ലഭിച്ചിട്ടില്ല. എന്നാൽ അദ്ദേഹം നൽകുന്ന തുടക്കത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. 162 സ്‌ട്രൈക്ക് റേറ്റ് ബാറ്റ് ചെയ്ത അദ്ദേഹം 10 ഓവറിൽ 82 റൺസെടുത്തു‌.” അക്രം പറഞ്ഞു.

“അവൻ കളിച്ച ഷോട്ടുകൾ നോക്കൂ. അതാണ് രോഹിത് ശർമ്മയുടെ സൗന്ദര്യം. അവൻ ആരംഭിച്ചുകഴിഞ്ഞാൽ, അവൻ നിർത്തുന്നില്ല. തന്റെ അൻപതോ നൂറിനെയോ കുറിച്ചോർത്ത് അദ്ദേഹത്തിന് ആകുലതയില്ല,” അക്രം പറഞ്ഞു.

വിരാട് കോഹ്ലിയെ പ്രശംസിച്ച് മുഹമ്മദ് ഹഫീസ്

കഴിഞ്ഞ ആഴ്ച വിരാട് കോഹ്ലിക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയ മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ് ഇപ്പോൾ വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ തന്റെ അമ്പതാം സെഞ്ച്വറി കുറിച്ച് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി വിരാട് കോഹ്ലി മാറിയിരുന്നു. അതിനു പിന്നാലെയാണ് കോഹ്ലിയെ പ്രശംസിച്ച് ഹഫീസ് എത്തിയത്.

“അമ്പതാം ഏകദിന സെഞ്ച്വറി നേടി ലോക റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ രസിപ്പിക്കുക. ആരോഗ്യവാനും അനുഗ്രഹീതനുമായിരിക്കുക,” ഹഫീസ് എക്‌സിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിരാട് കോഹ്ലി തന്റെ 49ആം സെഞ്ച്വറി നേടിയപ്പോൾ കോഹ്ലിയെ സെൽഫിഷ് എന്ന് വിളിച്ച് ഹഫീസ് വിവാദത്തിൽ ആയിരുന്നു. കോഹ്ലി തനിക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നും ടീമിന് വേണ്ടിയല്ല എന്നും അന്ന് ഹഫീസ് പറഞ്ഞിരുന്നു.

“താൻ സെഞ്ച്വറി നേടിയില്ല എന്നത് പ്രശ്നമല്ല, ടീം ഉദ്ദേശിച്ച ടാർഗറ്റ് നേടി” – ഗിൽ

ഇന്നലെ സെഞ്ച്വറി നേടും എന്ന് പ്രതീക്ഷപ്പെട്ടിരുന്ന ഗിൽ പരിക്ക് കാരണം തന്റെ ഇന്നിംഗ്സ് പകുതിക്ക് വെച്ച് റിട്ടയർ ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ താൻ സെഞ്ച്വറി നേടിയില്ല എന്ന കാര്യത്തിൽ വിഷമം ഇല്ല എന്ന് ഗിൽ പറഞ്ഞു. ടീം ആഗ്രഹിച്ച സ്കോർ ടീം നേടി. അതാണ് പ്രധാനം ഗിൽ പറഞ്ഞു. ഗിൽ ഇന്നലെ 66 പന്തിൽ നിന്ന് 80 റൺസ് എടുത്ത് പുറത്താകാതെ നിന്നിരുന്നു.

“എനിക്ക് ക്രാമ്പ് വന്നില്ലെങ്കിൽ, ഒരുപക്ഷേ ഞാൻ 100 സ്കോർ ചെയ്യുമായിരുന്നു. പക്ഷേ, ഞാൻ 100 സ്കോർ ചെയ്തോ ഇല്ലയോ എന്നത് പരിഗണിക്കേണ്ടതില്ല, ഞങ്ങൾ എത്തിച്ചേരാൻ ശ്രമിച്ച ടോട്ടലിൽ എത്തി., ഏകദേശം 400 സ്കോർ ചെയ്യാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.” ഗിൽ പറഞ്ഞു.

“25-30 ഓവർ വരെ ഞങ്ങൾക്ക് ഇത്രയധികം റൺസ് നേടണമായിരുന്നു, ഞങ്ങൾ അത് ചെയ്തു, അതിനാൽ ഞാൻ സെഞ്ച്വറി നേടിയോ ഇല്ലയോ എന്നത് പ്രശ്നമല്ല, ”ഗിൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“ക്രാമ്പ്സ് ഡെങ്കിപ്പനിയുടെ അനന്തരഫലമാണ്. താൻ കുറേ കിലോ കുറഞ്ഞിരുന്നു. അത് മസിലിനെ ബാധിക്കുന്നുണ്ട്”, ഗിൽ തന്റെ പരിക്കിനെ കുറിച്ച് പറഞ്ഞു.

മോഡേൺ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് കോഹ്ലി എന്ന് കെയ്ൻ വില്യംസൺ

ആധുനിക കളിയിലെ ഏറ്റവും മികച്ച കളിക്കാരൻ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി ആണെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. “കോഹ്ലിയുടെ നേട്ടം തികച്ചും സവിശേഷമായ കാര്യമാണ്, നിങ്ങൾ 50 ഗെയിമുകൾ കളിക്കുകയാണെങ്കിൽ തന്നെ വലിയ കാര്യമാണ്. അപ്പോൾ 50 സെഞ്ച്വറി നേടുന്നത് എത്ര വലിയ കാര്യമാണ്. ഇത് വിവരിക്കാൻ വാക്കുകൾ കണ്ടെത്താൻ അകുന്നില്ല.” വില്യംസൺ സെമി ഫൈനലിനു ശേഷം പറഞ്ഞു.

“യഥാർത്ഥത്തിൽ തന്റെ ടീമിന് വേണ്ടിയുള്ള ഗെയിമുകൾ ജയിക്കുന്നതിനാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്, അവന്റെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് അവന്റെ ചിന്ത,അവനാണ് ഏറ്റവും മികച്ചത്” ഇന്ത്യയ്‌ക്കെതിരായ തോൽവിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വില്യംസൺ പറഞ്ഞു.

“കോഹ്ലിയുടെ പ്രകടനങ്ങൾ ശരിക്കും അവിശ്വസനീയമാണ്. അതിന്റെ മറുവശത്ത് ആയിരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും,” വില്യംസൺ കൂട്ടിച്ചേർത്തു

ഷമിയുടെ ഈ പ്രകടനം കാലങ്ങളോളം ഓർമ്മിക്കപ്പെടും എന്ന് നരേന്ദ്ര മോദി

ന്യൂസിലൻഡിന് എതിരെ ഏഴ് വിക്കറ്റ് എടുത്ത് അത്ഭുത പ്രകടനം നടത്തിയ മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഷമിയുടെ മികച്ച സംഭാവനകളെ അഭിനന്ദിക്കുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഷമിയുടെ പ്രകടനം കാലങ്ങളായി ഓർമ്മിക്കപ്പെടും എന്നും മോദി കുറിച്ചു.

മോദിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, “ഇന്നത്തെ സെമി ഫൈനൽ കൂടുതൽ സവിശേഷമാക്കിയത് ചില മികച്ച വ്യക്തിഗത പ്രകടനങ്ങൾ ആയിരുന്നു. മുഹമ്മദ് ഷമിയുടെ ഈ ബൗളിംഗ് പ്രകടനം തലമുറകളോളം ക്രിക്കറ്റ് പ്രേമികൾ നെഞ്ചിൽ സൂക്ഷിക്കും. വെൽഡൺ ഷമി!”

ഷമിക്ക് ന്യൂസിലൻഡിന് എതിരായ വിക്കറ്റുകളോടെ ആകെ ലോകകപ്പിൽ 54 വിക്കറ്റുകൾ ആയി. ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി.

ഷമിയുടെ പ്രകടനങ്ങൾ അവിശ്വസനീയം എന്ന് ഗംഭീർ

മുഹമ്മദ് ഷമി ഈ ലോകകപ്പിൽ നടത്തുന്ന പ്രകടനങ്ങൾ അവിശ്വസനീയമാണ് എന്ന് ഗൗതം ഗംഭീർ. ഷമി ന്യൂസിലൻഡിനെതിരെ ഏഴു വിക്കറ്റുകൾ നേടിയതിനെ കുറിച്ച് സ്റ്റാർ സ്പോർട്സിൽ സംസാരിക്കുക ആയിരുന്നു ഗംഭീർ. ഒരു മത്സരത്തിൽ അതും ലോകകപ്പ് സെമി ഫൈനൽ പോലൊരു വലിയ മത്സരത്തിൽ 7 വിക്കറ്റുകൾ നേടുക എന്നത് അവിശ്വസനീയമാണ്. ഗംഭീർ പറഞ്ഞു. അദ്ദേഹം അത്ഭുതങ്ങൾ കാണിക്കുക ആണ് എന്നും ഗംഭീർ പറഞ്ഞു.

ഷമി ടീമിൽ എത്തിയതു മുതൽ ഇന്ത്യൻ ടീം തന്നെ മാറി. ആദ്യ പന്ത് മുതൽ ഷമി ഈ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഈ ടീമിലും ഫൈനൽ വരെയുള്ള യാത്രയിലും അദ്ദേഹത്തിന്റെ സ്വാധീനം വലുതാണ്. ഗംഭീർ പറഞ്ഞു. ഇന്ന് തുടക്കത്തിൽ ബുമ്ര താളം കിട്ടാതെ വിഷമിച്ചപ്പോൾ രോഹിതിന്റെ രക്ഷകനാകാൻ ഷമിക്ക് ആയി എന്നും ഗംഭീർ പറഞ്ഞു.

ഷമി ഉൾപ്പെടെ മൂന്ന് ലോകോത്തര ഫാസ്റ്റ് ബൗളർമാർ ഉണ്ട് എന്നത് രോഹിതിന് ലക്ഷ്വറി ആണ് എന്നും ഗംഭീർ പറഞ്ഞു.

Exit mobile version