താന്‍ പരിഭ്രാന്തനായിരുന്നു, കളി മാറ്റിയത് ഫീല്‍ഡര്‍മാര്‍

- Advertisement -

ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നിന്നപ്പോള്‍ കളി കൈവിടുകയാണോന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ധോണിയെ പുറത്താക്കിയതുള്‍പ്പെടെ ഫീല്‍ഡിംഗിലെ മികവാണ് ഇരു ടീമുകളെയും വേര്‍തിരിച്ചതെന്നും വില്യംസണ്‍ പറഞ്ഞു. ത്രില്ലര്‍ സെമി ഫൈനലില്‍ കടമ്പ കടക്കുവാന്‍ ടീമിനെ സഹായിച്ചത് ഫീല്‍ഡിംഗാണ്. 17.2 ഓവറില്‍ 116 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയെ പുറത്താക്കി ന്യൂസിലാണ്ട് ബ്രേക്ക് ത്രൂ നേടുമ്പോള്‍ കെയിന്‍ വില്യംസണ്‍ മികച്ചൊരു ക്യാച്ച് നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. അടുത്ത ഓവറില്‍ ധോണിയെ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ന്യൂസിലാണ്ടിന് അനുകൂലമായി.

മികച്ച തുടക്കം സ്വന്തമാക്കിയ ശേഷം ഇന്ത്യ അവസാന ഓവര്‍ വരെ മത്സരം നീട്ടിയത് അഭിനന്ദാര്‍ഹമാണെന്ന് വില്യംസണ്‍ പറഞ്ഞു. ജഡേജയും ധോണിയും ക്രീസില്‍ നിന്ന് സമയത്ത് താന്‍ യഥാര്‍ത്ഥത്തില്‍ പരിഭ്രാന്തനായിരുന്നു. എന്നാല്‍ ഫീല്‍ഡിംഗ് ടീമിനെ തുണച്ചുവെന്ന് വില്യംസണ്‍ പറഞ്ഞു.

നേരത്തെ മത്സരത്തിന്റെ തുടക്കത്തില്‍ ജെയിംസ് നീഷം മികച്ചൊരു ക്യാച്ചിലൂടെ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയിരുന്നു. സമ്മര്‍ദ്ദ ഘട്ടത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ക്യാച്ച് പൂര്‍ത്തിയാക്കിയത് നായകന്‍ കെയിന്‍ വില്യംസണ്‍ തന്നെയായിരുന്നു.

Advertisement