ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ മറികടന്ന് ഇന്ത്യ

Klrahul

ഇഷാന്‍ കിഷനും കെഎൽ രാഹുലും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് നേടിയ 188/5 എന്ന സ്കോര്‍ 3 വിക്കറ്റ് നഷ്ടത്തിൽ 6 പന്ത് അവശേഷിക്കെ മറികടന്ന് ഇന്ത്യ.

കെഎൽ രാഹുല്‍ 24 പന്തിൽ 51 റൺസ് നേടി തുടങ്ങിയ വെടിക്കെട്ട് ഇഷാന്‍ കിഷന്റെ 46 പന്തിൽ നിന്നുള്ള 70 റൺസിന്റെ സഹായത്തോടെ മുന്നോട്ട് നയിക്കുകയായിരുന്നു. 82 റൺസാണ് ഒന്നാം വിക്കറ്റിൽ രാഹുല്‍ ഇഷാന്‍ കൂട്ടുകെട്ട് നേടിയത്.

11 റൺസ് നേടിയ വിരാട് കോഹ്‍ലിയെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റായി നഷ്ടമായപ്പോള്‍ ഇഷാന്‍ കിഷന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി അടുത്ത താരത്തിന് അവസരം നല്‍കുവാനായി മടങ്ങി. സൂര്യകുമാര്‍ യാദവിനെ നഷ്ടമായ ഇന്ത്യയ്ക്ക് 12 പന്തിൽ 20 റൺസായിരുന്നു അവസാന രണ്ടോവറിൽ വേണ്ടിയിരുന്നത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ 19ാം ഓവറിൽ 23റൺസ് പിറന്നപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തിയ ഋഷഭ് പന്താണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. പന്ത് 14 പന്തിൽ 29 റൺസും ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 12 റൺസും നേടി ഇന്ത്യയ്ക്കായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ജോണി ബൈര്‍സ്റ്റോ 36 പന്തിൽ 49 റൺസ് നേടിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റൺ(30), മോയിന്‍ അലി(20 പന്തിൽ പുറത്താകാതെ 43 റൺസ്) എന്നിവര്‍ക്കൊപ്പം ജേസൺ റോയ്(17), ജോസ് ബട്‍ലര്‍(18) എന്നിവരും അതിവേഗത്തിൽ റൺസ് നേടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി.

Previous articleചാമ്പ്യന്മാരെ സന്നാഹ മത്സരത്തിൽ വീഴ്ത്തി പാക്കിസ്ഥാന്‍
Next articleനമീബിയയ്ക്കെതിരെ വിജയവുമായി ശ്രീലങ്ക