ഓസ്ട്രേലിയന്‍ വിജയവും സെമിയും സാധ്യമാക്കി ക്യാപ്റ്റൻ മെഗ് ലാന്നിംഗ്, ഇന്ത്യയ്ക്ക് മൂന്നാം തോൽവി

Sports Correspondent

വനിത ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ് ഓസ്ട്രേലിയയോട് തോൽവി. 277/7 എന്ന സ്കോര്‍ നേടിയ ശേഷം അവസാന ഓവര്‍ വരെ ഇന്ത്യ പൊരുതി നോക്കിയെങ്കിലും മെഗ് ലാന്നിംഗ്സിന്റെ ഇന്നിംഗ്സ് ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതാക്കി. 3 പന്ത് അവശേഷിക്കെയാണ് ഓസ്ട്രേലിയയുടെ 6 വിക്കറ്റ് വിജയം.

ലക്ഷ്യം 8 റൺസ് അകലെ എത്തിയപ്പോള്‍ 97 റൺസ് നേടിയ ലാന്നിംഗിനെ മേഘന സിംഗ് പുറത്താക്കിയപ്പോള്‍ മത്സരത്തിൽ ഇന്ത്യ നേരിയ സാധ്യത കണ്ടു. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ ബെത്ത് മൂണി ബൗണ്ടറി നേടിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.അടുത്ത പന്തിൽ ഡബിളും വീണ്ടുമൊരു ബൗണ്ടറിയും നേടി ബെത്ത് മൂണി ഓസ്ട്രേലിയയെ സെമി ഫൈനലിലേക്ക് എത്തിച്ചു.

Australiawomen

ഓപ്പണിംഗ് വിക്കറ്റിൽ അലൈസ ഹീലിയും റേച്ചൽ ഹെയ്‍ന്‍സും ചേര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മിന്നും തുടക്കമാണ് നല്‍കിയത്. 121 റൺസ് കൂട്ടുകെട്ടിന് ശേഷം 72 റൺസ് നേടി അലൈസ ഹീലിയാണ് ആദ്യ പുറത്തായത്. തൊട്ടടുത്ത ഓവറിൽ 43 റൺസ് നേടിയ ഹെയ്ന്‍സും പുറത്തായതോടെ ഓസ്ട്രേലിയ 123/2 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് 103 റൺസ് കൂട്ടുകെട്ടുമായി എല്‍സെ പെറിയും(28) മെഗ് ലാന്നിംഗും ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. പെറി പുറത്തായ ശേഷം ബെത്ത് മൂണി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. 44 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മൂണി 30 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ 2 വിക്കറ്റ് നേടി.

ഇന്നത്തെ തോല്‍വിയോടെ ഇന്ത്യയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിക്കേണ്ടത് അനിവാര്യമായി മാറിയിട്ടുണ്ട്. അത് കൂടാതെ മറ്റു ടീമുകളുടെ മത്സര ഫലത്തെയും ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി സാധ്യത.