ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ താരം

വനിത ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ പേസ് ബൗളിംഗ് താരം ജൂലന്‍ ഗോസ്വാമി. ഓസ്ട്രേലിയയുടെ മെഗാന്‍ ഷൂട്ട്, പാക്കിസ്ഥാന്റെ സന മിര്‍ എന്നിവരെ പിന്തള്ളിയാണ് താന്‍ ഫെബ്രുവരി 2017ല്‍ സ്വന്തമാക്കിയ ഒന്നാം റാങ്കിലേക്ക് ജൂലന്‍ വീണ്ടും തിരികെ എത്തുന്നത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ എട്ട് വിക്കറ്റുകളാണ് ജൂലന്‍ ഗോസ്വാമി നേടിയത്. പരമ്പര ഇന്ത്യ 2-1നു വിജയിച്ചിരുന്നു.

ഏകദിനത്തില്‍ 218 വിക്കറ്റുമായി ഏറ്റവും ഉയര്‍ന്ന വിക്കറ്റ് നേട്ടക്കാരിയും ജൂലന്‍ ഗോസ്വാമി തന്നെയാണ്. ഇന്ത്യയുടെ ശിഖ പാണ്ടേ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ ജെസ്സ് ജോനാസ്സന്‍ ആണ് റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത്.