അവസാന ഓവറില്‍ വിജയിക്കുവാന്‍ മൂന്ന് റണ്‍സ്, ഇന്ത്യയ്ക്ക് നേടാനായത് ഒരു റണ്‍സ്

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ കാലിടറി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ 119 റണ്‍സിനു പിടിച്ചുകെട്ടിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. ഇരു ടീമുകള്‍ക്കും ആറ് വിക്കറ്റാണ് നഷ്ടമായത്. സ്മൃതി മന്ഥാന മികച്ച തുടക്കം നല്‍കിയ ശേഷം ഇന്ത്യ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 39 പന്തില്‍ നിന്ന് സ്മൃതി 58 റണ്‍സ് നേടി പുറത്തായ ശേഷം ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു. 30 റണ്‍സുമായി മിത്താലി രാജ് പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്ക് മികവ് പുലര്‍ത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ ജയിക്കുവാന്‍ 3 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന ടീമിനു ഒരു റണ്‍സാണ് ഓവറില്‍ നിന്ന് നേടാനായത്. ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ട ഭാരതി ഫുല്‍മാലി റണ്ണെടുക്കാനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ അടുത്ത പന്തില്‍ താരം പുറത്തായപ്പോള്‍ ലക്ഷ്യം രണ്ട് പന്തില്‍ നിന്ന് മൂന്നായി മാറി.

അടുത്ത പന്തില്‍ അനൂജ പാട്ടിലിനെ പുറത്താക്കി കേറ്റ് ക്രോസ് ഹാട്രിക്കിന്റെ വക്കിലെത്തി. അവസാന പന്തില്‍ നിന്ന് ടൈയ്ക്കായി 2 റണ്‍സ് വേണ്ടിയിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ടേയ്ക്ക് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ കേറ്റ് ക്രോസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡാനിയേല്‍ വയട്ട് പരമ്പരയിലെ താരമായി മാറി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട്(24), താമി ബ്യൂമോണ്ട്(29), ആമി എല്ലെന്‍ ജോണ്‍സ്(26) എന്നിവര്‍ മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും അവസാന ഓവറിലെ പ്രകടനം ടീമിനെ പരമ്പര തൂത്തുവാരാന്‍ സഹായിച്ചു. ഇന്ത്യയ്ക്കായി അനൂജ പാട്ടിലും ഹര്‍ലീന്‍ ഡിയോളും രണ്ട് വീതം വിക്കറ്റ് നേടി.