എൽപിഎല്ലിൽ കളിക്കാൻ വിജയ് ശങ്കർ; കാൻഡി റോയൽസുമായി കരാറൊപ്പിട്ടു

മുൻ ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിനെ ലങ്ക പ്രീമിയർ ലീഗ് (LPL 2026) സീസണിന് മുന്നോടിയായി വിദേശ താരമായി കാൻഡി റോയൽസ് ടീമിലെടുത്തു. പുതിയ അവസരങ്ങൾ തേടുന്നതിനും കൂടുതൽ ക്രിക്കറ്റ് കളിക്കുന്നതിനുമായി മെയ് 22-ന് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിജയ് ശങ്കറിന്റെ ആദ്യ വലിയ നീക്കമാണിത്. വൻ താരനിരയുമായാണ് കാൻഡി റോയൽസ് ഇത്തവണ ലീഗിനെത്തുന്നത്. ഇംഗ്ലണ്ട് താരം മൊയീൻ അലിയെ വിദേശ ഐക്കൺ താരമായും, വനിന്ദു ഹസരംഗ, ഏഞ്ചലോ മാത്യൂസ് എന്നിവരെ പ്രാദേശിക ഐക്കൺ താരങ്ങളായും അവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലങ്ക പ്രീമിയർ ലീഗ് വീണ്ടും ക്രിക്കറ്റ് കലണ്ടറിലേക്ക് തിരിച്ചെത്തുന്നത്. ജൂലൈ 17-ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഓഗസ്റ്റ് 18-നാണ് നിശ്ചയിച്ചിരിക്കുന്നത്. 2026 ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് ശേഷം ശ്രീലങ്ക തങ്ങളുടെ ആഭ്യന്തര ടി20 കലണ്ടർ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് എൽപിഎല്ലിന്റെ ഈ തിരിച്ചുവരവ്. വിജയ് ശങ്കറിന് പുറമെ ഷാക്കിബ് അൽ ഹസൻ, തസ്കിൻ അഹമ്മദ്, ജെയിംസ് നീഷം, റാസി വാൻ ഡെർ ഡസ്സൻ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര താരങ്ങളും വിവിധ ടീമുകളുടെ മാർക്വി താരങ്ങളായി ഈ സീസണിൽ കളിക്കുന്നുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അന്താരാഷ്ട്ര ലീഗുകളിൽ സജീവമാകാൻ ഒരുങ്ങുന്ന വിജയ് ശങ്കറിന് ലങ്ക പ്രീമിയർ ലീഗിലെ ഈ അവസരം കരിയറിൽ ഒരു പുതിയ തുടക്കമാകും. കാൻഡി റോയൽസിന്റെ മധ്യനിരയ്ക്ക് കരുത്തുപകരാൻ വിജയ് ശങ്കറിന്റെ ഓൾറൗണ്ട് മികവിന് സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. അനുഭവസമ്പന്നരായ വിദേശ താരങ്ങളുടെയും ലങ്കൻ കരുത്തിന്റെയും സാന്നിധ്യം ഇത്തവണത്തെ ലങ്ക പ്രീമിയർ ലീഗ് മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കുമെന്ന് ഉറപ്പാണ്.