മെസ്സിയുടെ പരിക്ക് ഗുരുതരമല്ല; ആശങ്കയൊഴിഞ്ഞ് അർജന്റീന ക്യാമ്പ്!

ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ തള്ളി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിനിടെ പേശിവലിവിനെത്തുടർന്ന് മെസ്സിയെ പിൻവലിച്ചതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. എന്നാൽ ആദ്യ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം പരിക്ക് അത്ര ഗുരുതരമല്ലെന്നും ടീം പൂർണ്ണ ആത്മവിശ്വാസത്തിൽ ആണെന്നും സ്കലോണി വ്യക്തമാക്കി.
നീണ്ട ക്ലബ്ബ് സീസണുകൾക്ക് ശേഷം മെസ്സി ഉൾപ്പെടെയുള്ള പല പ്രമുഖ കളിക്കാരും ചെറിയ പരിക്കുകളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ എസൈസയിൽ (Ezeiza) പ്രാഥമിക പരിശീലനം ആരംഭിച്ച അർജന്റീന ടീം ജൂൺ ഒന്നിന് തങ്ങളുടെ ബേസ് ക്യാമ്പ് കാൻസാസ് സിറ്റിയിലേക്ക് മാറ്റും. പരിക്കേറ്റ ഡിഫൻഡർമാരായ നഹുവേൽ മൊളീന, ഗോൺസാലോ മോന്റിയൽ എന്നിവർക്ക് പകരക്കാരായി അഗസ്റ്റിൻ ഗിയായ്, നിക്കോളാസ് കപാൽഡോ എന്നിവരെ ഉൾപ്പെടുത്തി 30 അംഗ പ്രാഥമിക സ്ക്വാഡാണ് സ്കലോണി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ടീമിലെ പത്തോളം കളിക്കാർ ഫിറ്റ്‌നസ് പ്രശ്നങ്ങൾ നേരിടുന്നതിനാൽ വളരെ മുൻകരുതലോടെയാണ് പരിശീലകൻ കാര്യങ്ങളെ നോക്കിക്കാണുന്നത്.
വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിലും ജൂൺ 16-ന് അൾജീരിയക്കെതിരെ നടക്കുന്ന അർജന്റീനയുടെ ആദ്യ ലോകകപ്പ് പോരാട്ടത്തിലും മെസ്സി കളിക്കുമോ എന്നത് അദ്ദേഹത്തിന്റെ റിക്കവറി പുരോഗതിയെ ആശ്രയിച്ചിരിക്കും.