തമിഴ്നാടിനെതിരെയും തിളങ്ങി റെയ്‍ന, എന്നാല്‍ ജയമില്ല

- Advertisement -

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് ഫോം കണ്ടെത്തി ഉത്തര്‍ പ്രദേശിന്റെ സുരേഷ് റെയ്‍ന. എന്നാല്‍ മികച്ച മറുപടിയുമായി തമിഴ്നാട് ബാറ്റ്സ്മാന്മാര്‍ ടീമിനെ 5 വിക്കറ്റ് വിജയം നേടിക്കൊടുക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സുരേഷ് റെയ്‍ന(61), അക്ഷ്ദീപ് നാഥ്(38*), ശിവം ചൗധരി(38) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. തമിഴ്നാടിനായി വാഷിംഗ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് നേടി.

Sanjay Yadav

163 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ തമിഴ്നാടിനെ സഞ്ജയ് യാദവിന്റെ ബാറ്റിംഗാണ് റണ്‍ റേറ്റ് വരുതിയിലാക്കാന്‍ സഹായിച്ചത്. 29 പന്തില്‍ 50 റണ്‍സ് തികച്ച സഞ്ജയ് 52 റണ്‍സ് നേടി പുറത്താകുമ്പോള്‍ തമിഴ്നാടിനു വിജയം 34 റണ്‍സ് അകലെയായിരുന്നു. പ്രവീണ്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 18 എന്ന നിലയിലേക്ക് എത്തിച്ച യുപി വീണ്ടും വിജയ പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ അങ്കിത് രാജ്പുത് എറിഞ്ഞ 19ാം ഓവറില്‍ 13 റണ്‍സ് നേടി തമിഴ്നാട് ബൗളര്‍മാര്‍ മത്സരം തിരികെ സ്വന്തം പക്ഷത്തേക്കാക്കി. അവസാന ഓവറില്‍ 5 റണ്‍സ് വേണ്ടിയിരുന്ന തമിഴ്നാട് 4 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

11 പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഗദീഷനും ആറ് റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രീകാന്ത് അനിരുദ്ധയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഭരത് ശങ്കര്‍(30), വാഷിംഗ്ടണ്‍ സുന്ദര്‍(33) എന്നിവരായിരുന്നു തമിഴ്നാടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഉത്തര്‍ പ്രദേശിനായി അങ്കിത് രാജ്പുതും മൊഹ്സിന്‍ ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ കുമാറിനു ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement