മാക്സ്‍വെല്‍ മാജിക്, സ്റ്റാര്‍സിനു 189 റണ്‍സ്

സിഡ്നി സിക്സേര്‍സിനെതിരെയുള്ള ബിഗ് ബാഷ് മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഗ്ലെന്‍ മാക്സ്‍വെല്‍. ടോസ് നേടി സിക്സേര്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിനുള്ളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട സ്റ്റാര്‍സിനു രക്ഷകനായി എത്തിയത് മൂന്നാം വിക്കറ്റിലെ മാക്സ്‍വെല്‍-റോബ് ക്വിനി കൂട്ടുകെട്ടായിരുന്നു. 36 റണ്‍സ് നേടി ക്വിനി പുറത്താകുമ്പോള്‍ 119 റണ്‍സാണ് സ്റ്റാര്‍സിനായി സഖ്യം മൂന്നാം വിക്കറ്റില്‍ നേടിയത്.

23 പന്തില്‍ നിന്ന് 50 റണ്‍സ് തികച്ച മാക്സിയ്ക്ക് എന്നാല്‍ തന്റെ ശതകം പൂര്‍ത്തിയാക്കാനാകാതെയാണ് മടങ്ങേണ്ടി വന്നത്.  47 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ മാക്സ്‍വെല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 7 ബൗണ്ടറിയും 4 സിക്സുമാണ് ഇന്നിംഗ്സില്‍ മാക്സ്വെല്‍ നേടിയത്. ജെയിംസ് ഫോക്നര്‍ പുറത്താകാതെ നേടിയ 21 റണ്‍സിന്റെ ബലത്തില്‍ 20 ഓവര്‍ പിന്നിട്ടപ്പോള്‍ സ്റ്റാര്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. ഇവാന്‍ ഗുല്‍ബിസ് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

കാര്‍ലോസ് ബ്രാത്‍വൈറ്റ് സിക്സേര്‍സിനായി 2 വിക്കറ്റും ബെന്‍ ഡ്വാര്‍ഷൂയിസ്, നഥാന്‍ ലയണ്‍ ജോ ഡെന്‍ലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial