സച്ചിന്‍ ബേബിയുടെ മികവില്‍ 191 റണ്‍സ് നേടി കേരളം, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ബേസില്‍ തമ്പിയും

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 191 റണ്‍സ്. നിശ്ചിത 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയും 30 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലുമാണ് കേരള നിരയില്‍ തിളങ്ങിയത്. സച്ചിന്‍ ബേബി 28 പന്തില്‍ നിന്ന് 58 റണ്‍സുമായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സച്ചിന്‍ ബേബി ഇന്നിംഗ്സില്‍ 4 വീതം ഫോറും സിക്സും നേടി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 25 റണ്‍സ് നേടി പുറത്തായി. ത്രിപുരയ്ക്ക് വേണ്ടി അജയ് ശാന്തന്‍ സര്‍ക്കാര്‍, മുര സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. അവസാന ഓവറുകളില്‍ ബേസില്‍ തമ്പി അടിച്ച് തകര്‍ത്തതോടെയാണ് കേരളം 191 എന്ന സ്കോറിലേക്ക് എത്തിയത്. ബേസില്‍ തമ്പി 12 പന്തില്‍ നിന്ന് 22 റണ്‍സ് നേടി.