ജലജ് സക്സേനയ്ക്ക് നാല് വിക്കറ്റ്, കേരളത്തിന് ത്രിപുരയ്ക്കെതിരെ 14 റണ്‍സ് വിജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ 14 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 191 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ നേടാനായുള്ളു. മിലിന്ദ് കുമാര്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ത്രിപുരയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തില്‍ താരത്തെ ബേസില്‍ തമ്പി പുറത്താക്കിയതോടെ ത്രിപുരയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

കേരളത്തിന് വേണ്ടി ജലജ് സക്സേന നാല് വിക്കറ്റും ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി. ഉദിയന്‍ ഉത്തം കുമാര്‍ ബോസ്(27), മണി ശങ്കര്‍ മുര സിംഗ്(27) തന്മയ് മിശ്ര(25) എന്നിവരാണ് ത്രിപുര നിരയില്‍ പൊരുതി നോക്കിയ മറ്റു താരങ്ങള്‍.