സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍ ഇല്ല

ഫെബ്രുവരി 21നു ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ടി20 ട്രോഫിയ്ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ നായകന്‍. 15 അംഗ സംഘത്തെയാണ് കേരളം പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആന്ധ്രയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രഞ്ജിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്ത പേസര്‍മാരായ ബേസില്‍ തമ്പിയും സന്ദീപ് വാര്യര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഫെബ്രുവരി 10നു കേരള താരങ്ങള്‍ തലശ്ശേരിയില്‍ പ്രാരംഭ ക്യാംപിനായി എത്തും. ഫെബ്രുവരി 9നു അകം കണ്ണൂര്‍ ജില്ല അസോസ്സിയേഷനില്‍ താരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

കേരളം: സച്ചിന്‍ ബേബി, രോഹന്‍ പ്രേം, രാഹുല്‍ പി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ജലജ് സക്സേന, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, നിധീഷ് എംഡി, ആസിഫ് കെഎം, അക്ഷയ് ചന്ദ്രന്‍, വീനൂപ് മനോഹരന്‍, മിഥുന്‍ എസ്, അരുണ്‍ കാര്‍ത്തിക്, മോനിഷ്

ഒഫീഷ്യലുകള്‍: ഡേവ് വാട്ട്മോര്‍(കോച്ച്), സജികുമാര്‍(മാനേജര്‍), സെബാസ്റ്റ്യന്‍ ആന്റണി(അസിസ്റ്റന്റ് കോച്ച്), മസ്ഹര്‍ മൊയ്ദു(അസിസ്റ്റന്റ് കോച്ച്), രാജേഷ് ചൗഹാന്‍(ട്രെയിനര്‍), ആദര്‍ശ്(ഫിസിയോതെറാപിസ്റ്റ്)

കരുണ്‍ നായര്‍ക്ക് ശതകം, ജാര്‍ഖണ്ഡിനെ തകര്‍ത്ത് കര്‍ണ്ണാടക

നായകന്‍ കരുണ്‍ നായര്‍ 52 പന്തില്‍ നേടിയ ശതകത്തിന്റെ ബലത്തില്‍ മികച്ച വിജയവുമായി കര്‍ണ്ണാടക. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 201 റണ്‍സ് നേടിയപ്പോള്‍ കരുണ്‍ നായര്‍ 100 റണ്‍സ് നേടി പുറത്തായി. പവന്‍ ദേശ്പാണ്ഡേ(56) ആണ് മറ്റൊരു പ്രധാന സ്കോറര്‍. മോനു കുമാര്‍(2), വരുണ്‍ ആരോണ്‍, വികാസ് സിംഗ് എന്നിവരാണ് കര്‍ണ്ണാടകയുടെ വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ജാര്‍ഖണ്ഡ് 78 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ 123 റണ്‍സിന്റെ വിജയമാണ് കര്‍ണ്ണാടക സ്വന്തമാക്കിയത്. 18 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡിന്റെ ടോപ് സ്കോറര്‍. ശ്രീനാഥ് അരവിന്ദ്, പ്രസീദ് കൃഷ്ണ, അഭിമന്യു മിഥുന്‍, ജഗദീഷ സുജിത് എന്നിവരാണ് കര്‍ണ്ണാടകയ്ക്കായി 2 വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെയ്നയ്ക്ക് അര്‍ദ്ധ ശതകം, ഉത്തര്‍ പ്രദേശിനു 7 വിക്കറ്റ് ജയം

സുരേഷ് റെയ്ന തന്റെ മികച്ച ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ സയ്യദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ ഉത്തര്‍ പ്രദേശിനു ജയം. ബറോഡയ്ക്കെിതരെ 7 വിക്കറ്റ് ജയമാണ് റെയ്നയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ ഉര്‍വില്‍ പട്ടേല്‍(96), കേധാര്‍ ദേവദര്‍(37), ദീപക് ഹൂഡ(45) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 192/3 എന്ന സ്കോര്‍ നേടി. ഉത്തര്‍ പ്രദേശിനായി മൊഹ്സിന്‍ ഖാന്‍ 2 വിക്കറ്റ് നേടി.

ഉര്‍വില്‍ പട്ടേലിനെ വെല്ലുന്ന പ്രകടനമാണ് ഉത്തര്‍ പ്രദേശിനായി ഉമംഗ് ശര്‍മ്മ(95) നേടിയത്. ഒപ്പം സുരേഷ് റെയ്ന അര്‍ദ്ധ ശതകവുമായി എത്തിയപ്പോള്‍ ടീം വിജയത്തിലേക്ക് അടുത്തു. 56 റണ്‍സ് നേടിയ റെയ്നയും ഉമംഗും പുറത്തായെങ്കിലും റിങ്കു സിംഗ് 11 പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പ് വരുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമിഴ്നാടിനെതിരെയും തിളങ്ങി റെയ്‍ന, എന്നാല്‍ ജയമില്ല

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് ഫോം കണ്ടെത്തി ഉത്തര്‍ പ്രദേശിന്റെ സുരേഷ് റെയ്‍ന. എന്നാല്‍ മികച്ച മറുപടിയുമായി തമിഴ്നാട് ബാറ്റ്സ്മാന്മാര്‍ ടീമിനെ 5 വിക്കറ്റ് വിജയം നേടിക്കൊടുക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സുരേഷ് റെയ്‍ന(61), അക്ഷ്ദീപ് നാഥ്(38*), ശിവം ചൗധരി(38) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. തമിഴ്നാടിനായി വാഷിംഗ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് നേടി.

Sanjay Yadav

163 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ തമിഴ്നാടിനെ സഞ്ജയ് യാദവിന്റെ ബാറ്റിംഗാണ് റണ്‍ റേറ്റ് വരുതിയിലാക്കാന്‍ സഹായിച്ചത്. 29 പന്തില്‍ 50 റണ്‍സ് തികച്ച സഞ്ജയ് 52 റണ്‍സ് നേടി പുറത്താകുമ്പോള്‍ തമിഴ്നാടിനു വിജയം 34 റണ്‍സ് അകലെയായിരുന്നു. പ്രവീണ്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 18 എന്ന നിലയിലേക്ക് എത്തിച്ച യുപി വീണ്ടും വിജയ പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ അങ്കിത് രാജ്പുത് എറിഞ്ഞ 19ാം ഓവറില്‍ 13 റണ്‍സ് നേടി തമിഴ്നാട് ബൗളര്‍മാര്‍ മത്സരം തിരികെ സ്വന്തം പക്ഷത്തേക്കാക്കി. അവസാന ഓവറില്‍ 5 റണ്‍സ് വേണ്ടിയിരുന്ന തമിഴ്നാട് 4 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

11 പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഗദീഷനും ആറ് റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രീകാന്ത് അനിരുദ്ധയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഭരത് ശങ്കര്‍(30), വാഷിംഗ്ടണ്‍ സുന്ദര്‍(33) എന്നിവരായിരുന്നു തമിഴ്നാടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഉത്തര്‍ പ്രദേശിനായി അങ്കിത് രാജ്പുതും മൊഹ്സിന്‍ ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ കുമാറിനു ഒരു വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫോമിലേക്ക് മടങ്ങിയെത്തി റൈന

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫോമിലേക്ക് മടങ്ങിയെത്തി സുരേഷ് റൈന. ഇന്ന് നടന്ന് സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് സുരേഷ് റൈനയുടെ മിന്നും ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുപി ബംഗാളിനെതിരെ 235 റണ്‍സ് നേടിയത്. 3 വിക്കറ്റാണ് ടീമിനു നഷ്ടമായത്. 59 പന്തില്‍ നിന്നാണ് റൈന 126 റണ്‍സുമായി പുറത്താകാതെ നിന്നത്.

13 ബൗണ്ടറിയും 7 സിക്സും സഹിതമാണ് റൈന 126 റണ്‍സ് നേടിയത്. അക്ഷ്ദീപ് നാഥ്(80) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 43 പന്തിലാണ് അക്ഷ്ദീപ് തന്റെ 80 റണ്‍സ് നേടിയത്. ബംഗാള്‍ നിരയില്‍ അശോക് ദിണ്ഡ മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 29 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റാണ് ദിണ്ഡ വീഴ്ത്തിയത്.

22 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ റൈന 49 പന്തുകള്‍ നേരിട്ടാണ് ശതകം നേടിയത്. ബംഗാള്‍ ആദ്യ മത്സരത്തില്‍ ബറോഡയോട് 17 റണ്‍സിനു തോല്‍വി വഴങ്ങിയിരുന്നു. 236 റണ്‍സ് എന്ന വിജയലക്ഷ്യം നേടുക ബംഗാളിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മത്സരം സമനിലയില്‍, സൂപ്പര്‍ ഓവറില്‍ പ‍ഞ്ചാബ്

കര്‍ണ്ണാടകയ്ക്കെതിരെ സൂപ്പര്‍ ഓവര്‍ ജയവുമായി പഞ്ചാബ്. സയ്യദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എ മത്സരത്തിലാണ് കര്‍ണ്ണാടകയെ പിന്തള്ളി പഞ്ചാബ് തങ്ങളുടെ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. അനിരുദ്ധ ജോഷി (19 പന്തില്‍ പുറത്താകാതെ 40 റണ്‍സ്), രവികുമാര്‍ സമര്‍ത്ഥ്(31), സിഎം ഗൗതം(36) എന്നിവരാണ് കര്‍ണ്ണാടകയ്ക്കായി തിളങ്ങിയത്. പഞ്ചാബിനായി ബല്‍തേജ് സിംഗ് മൂന്നും മന്‍പ്രീത് ഗോണി രണ്ടും വിക്കറ്റ് നേടി.

മന്‍ദീപ് സിംഗ്(45), ഹര്‍ഭജന്‍ സിംഗ്(33), യുവരാജ് സിംഗ്(29) എന്നിവരാണ് പഞ്ചാബിനായി തിളങ്ങിയത്. 9 വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബിനു അവസാന പന്തില്‍ നിന്ന് 7 റണ്‍സ് ജയത്തിനായി നേടേണ്ട സാഹചര്യത്തില്‍ ടീം 6 റണ്‍സ് നേടുകയായിരുന്നു. കര്‍ണ്ണാടകയ്ക്കായി ശ്രീനാഥ് അരവിന്ദ് 4 വിക്കറ്റ് നേടി.

സൂപ്പര്‍ ഓവറില്‍ പഞ്ചാബ് 15 റണ്‍സ് നേടിയപ്പോള്‍ കര്‍ണ്ണാടകയ്ക്ക് 11 റണ്‍സ് മാത്രമേ നേടാനായുള്ളു. മന്‍ദീപ് സിംഗ്(10*), യുവരാജ് സിംഗ്(5*) എന്നിവര്‍ പഞ്ചാബിനായി ബാറ്റിംഗിനിറങ്ങിയപ്പോള്‍ കരുണ്‍ നായര്‍(8*), അനിരുദ്ധ(2*) എന്നിരാണ് കര്‍ണ്ണാടകയ്ക്കായി ചേസിംഗിന് ഇറങ്ങിയത്.

സിദ്ധാര്‍ത്ഥ് കൗള്‍ ആണ് വിജയികള്‍ക്കായി പന്തെറിഞ്ഞത്. കര്‍ണ്ണാടകയുടെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് കെ ഗൗതം ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അമ്പാട്ടി റായിഡുവിനു ബിസിസിഐ നോട്ടീസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ കര്‍ണ്ണാടയുമായുള്ള മത്സരത്തിനിടെയുണ്ടായ വിവാദത്തിനെത്തുടര്‍ന്ന് ഹൈദ്രാബാദ് ടീമംഗങ്ങളും അമ്പയര്‍മാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ഹൈദ്രാബാദ് നായകന്‍ അമ്പാട്ടി റായിഡുവിനും മാനേജര്‍ ക്രിഷന്‍ റാവുവിനും ബിസിസിഐയുടെ നോട്ടീസ്. ജനുവരി 11നു നടന്ന മത്സരത്തില്‍ വിവാദമായ തീരുമാനത്തിനു ശേഷം കര്‍ണ്ണാടക 2 റണ്‍സിനു ജയിച്ചിരുന്നു. മത്സരശേഷം താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്ത് കടക്കുവാന്‍ വിസമ്മതിച്ചതിനാല്‍ തൊട്ടു പിന്നാലെ നടക്കേണ്ട കേരളത്തിന്റെ മത്സരം വൈകുകയായിരുന്നു.

ആദ്യ പകുതിയ്ക്ക് ശേഷം കര്‍ണ്ണാടകയുടെ സ്കോറിനോട് അമ്പയര്‍മാരുടെ പിഴവ് തിരുത്തുന്നതിന്റെ ഭാഗമായി രണ്ട് റണ്‍സ് കൂടി ചേര്‍ക്കുവാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് കര്‍ണ്ണാടക ഈ രണ്ട് റണ്‍സിനു ജയിക്കാനിടയായത് ഹൈദ്രാബാദിനെ ചൊടിപ്പിക്കുകയായിരുന്നു. മത്സരം സമനിലയാണെന്നും സൂപ്പര്‍ ഓവര്‍ ആവശ്യമാണെന്നും അമ്പാട്ടി റായിഡു വാദിക്കുകയായിരുന്നു.

ഏഴ് ദിവസത്തിനകം റായിഡുവും മാനേജറും ബിസിസിഐയുടെ നോട്ടീസിനു മറുപടി നല്‍കണമെന്നാണ് നിലവില്‍ ബിസിസിഐയുടെ ഉത്തരവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഉന്മുക്ത് ചന്ദ് ഡല്‍ഹി ടി20 ടീമില്‍

മുന്‍ അണ്ടര്‍-19 ലോകകപ്പ് ജേതാവും(നായകനും) വരും കാലത്തെ മികച്ച താരമായി മാറുമെന്നും ഏറെ വിലയിരുത്തപ്പെട്ട ഉന്മുക്ത് ചന്ദ് ഡല്‍ഹി ടി20 ടീമില്‍. ഏറെ പ്രതീക്ഷകളുമായാണ് താരം ജുനിയര്‍ ക്രിക്കറ്റില്‍ നിന്ന് എത്തിയതെങ്കിലും ആ പ്രകടനം പിന്നീട് തുടരാന്‍ താരത്തിനു സാധിക്കാതെ വന്നപ്പോള്‍ ഐപിഎലിലും പിന്നീട് സംസ്ഥാന ടീമിലും ഇടം പിടിക്കുവാന്‍ താരം ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോള്‍ രഞ്ജിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരം ഏവരെയും ഞെട്ടിച്ച് ഡല്‍ഹിയുടെ ടി20 ടീമിിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗിലേക്ക് ഡല്‍ഹി യോഗ്യത നേടിയപ്പോളാണ് ഉന്മുക്ത് ചന്ദിനെ പോലെ സീനിയര്‍ താരങ്ങളെ ഡല്‍ഹി തിരികെ ടീമിലെത്തിച്ചത്.

U-23 ഏകദിന ടൂര്‍ണ്ണമെന്റും ടി20 ലീഗിനു സമാന്തരമായി നടക്കുന്നതിനാല്‍ ടി20 സ്ക്വാഡിലുള്ള ചില താരങ്ങളെ U-23 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അപ്പോള്‍ ടീമില്‍ വന്ന ഒഴിവുകളിലേക്കാണ് ചന്ദിനെപ്പോലുള്ള താരങ്ങള്‍ മടങ്ങിയെത്തിയതെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഋഷഭ് പന്ത് മിന്നും ഫോമില്‍ കളിക്കുന്ന ഡല്‍ഹിയെ പ്രദീപ് സാംഗ്വാന്‍ ആണ് നയിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെടിക്കെട്ട് തുടക്കം മുതലാക്കാനാകാതെ കേരളം, കര്‍ണ്ണാടകയോടും തോല്‍വി

ഓപ്പണര്‍മാരായ സഞ്ജു സാംസണും വിഷ്ണു വിനോദും നല്‍കിയ സ്ഫോടനാത്മകമായ തുടക്കം മുതലാക്കാന്‍ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ക്രീസിലെത്തിയ താരങ്ങള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കേരളത്തിനു സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണ്ണാടകത്തോടും തോല്‍വി. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 20 ഓവറില്‍ 181/6 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ കേരളത്തിനു 161 റണ്‍സ് മാത്രമേ നേടാനായുള്ളു.

8 ഓവറില്‍ സഞ്ജുവും വിഷ്ണു വിനോദും കൂടി 96 റണ്‍സാണ് അടിച്ചത്. സഞ്ജു സാംസണ്‍ 26 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ വിഷ്ണു വിനോദ് 26 പന്തില്‍ 46 റണ്‍സ് നേടി പുറത്തായി. വിഷ്ണു പുറത്താകുമ്പോള്‍ കേരളം 9.3 ഓവറില്‍ 109 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിനയ് കുമാര്‍ പതിമൂന്നാം ഓവറില്‍ സഞ്ജുവിനെയും(71), സല്‍മാന്‍ നിസാറിനെയും പുറത്താക്കിയപ്പോള്‍ കേരളം വീണ്ടും പ്രതിരോധത്തിലായി. സഞ്ജു സാംസണ്‍ 41 പന്തുകളില്‍ നിന്നാണ് 71 റണ്‍സ് നേടിയത്.

109/0 എന്ന ശക്തമായ നിലയില്‍ നിന്ന് 128/3 എന്ന നിലയിലേക്ക് വീണ് കേരളം പതിയെ മത്സരം കൈവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 36 പന്തില്‍ 47 റണ്‍സ് വേണമെന്ന സ്ഥിതിയില്‍ കേരളത്തിന്റെ കൈവശം 7 വിക്കറ്റുകള്‍ ലഭ്യമായിരുന്നുവെങ്കിലും പ്രവീണ്‍ ദുബേയുടെ ബൗളിംഗിനു മുന്നില്‍ കേരളത്തിന്റെ മധ്യനിര വെള്ളം കുടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഡാരില്‍ എസ് ഫെരാരിയോയെയും(7), അരുണ്‍ കാര്‍ത്തികിനെയും(13) വീഴ്ത്തി ദുബേ കേരളത്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

കര്‍ണ്ണാടകയ്ക്കായി പ്രവീണ്‍ ദുബേ മൂന്നും വിനയ് കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ശ്രീനാഥ് അരവിന്ദ്, മിഥുന്‍ എ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക മയാംഗ് അഗര്‍വാലിന്റെ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 181 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ നഷ്ടമായ കര്‍ണ്ണാടകയ്ക്കായി 58 പന്തില്‍ നിന്നാണ് മയാംഗ് 86 റണ്‍സ് നേടിയത്. കേരളത്തിനായി കെഎം ആസിഫ് രണ്ടും അഭിഷേക് മോഹന്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് കര്‍ണ്ണാടക ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

സച്ചിന്‍ ബേബി ഇല്ലാതെ ഇറങ്ങിയ കേരളത്തിനെ സഞ്ജു സാംസണ്‍ ആണ് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരളത്തിനു ആദ്യ ജയം, സഞ്ജുവിന് അര്‍ദ്ധ ശതകം

നാലാം മത്സരത്തില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി കേരളം. ഇന്ന് ഗോവയ്ക്കെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളത്തിനു വിഷ്ണു വിനോദ് പതിവു പോലെ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ നാല് സിക്സുകളോട് കൂടി 34 റണ്‍സ് നേടി വിഷ്ണു പുറത്താകുമ്പോള്‍ കേരളം 4.5 ഓവറില്‍ 45 റണ്‍സ് നേടിയിരുന്നു.

മെല്ലെയാണ് തുടങ്ങിയതെങ്കിലും സഞ്ജു സാംസണും വിഷ്ണു പുറത്തായപ്പോള്‍ ക്രീസിലെത്തിയ അരുണ്‍ കാര്‍ത്തിക്കും ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ നൂറ് കടത്തി. 95 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ സഖ്യം കൂടുതല്‍ നഷ്ടമില്ലാതെ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 44 പന്തില്‍ നിന്ന് 65 റണ്‍സാണ് സഞ്ജു നേടിയത്. അരു‍ണ്‍ കാര്‍ത്തിക്  33 പന്തില്‍ നിന്ന് 37 റണ്‍സ് നേടി സഞ്ജുവിനു മികച്ച പിന്തുണ നല്‍കി.

15.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയാണ് കേരളം 9 വിക്കറ്റ് വിജയം ഗോവയ്ക്കെതിരെ നേടിയത്. 40 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സഞ്ജു പിന്നീട് നേരിട്ട നാല് പന്തുകളില്‍ നിന്ന് 12 റണ്‍സ് കൂടി നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 4 ബൗണ്ടറിയും 4 സിക്സുമാണ് സഞ്ജു തന്റെ ഇന്നിംഗ്സില്‍ നേടിയത്. അരു‍ണ്‍ കാര്‍ത്തിക് 6 ബൗണ്ടറിയും നേടി.

നേരത്തെ കെഎം ആസിഫ്, അഭിഷേക് മോഹന്‍ എന്നിവര്‍ നേടിയ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഗോവയെ കേരളം 138 റണ്‍സില്‍ ഒതുക്കുകയായിരുന്നു. അവസാന ഓവറുകളിലാണ് ഗോവയുടെ റണ്ണൊഴുക്കിനു ഒരു ഗതി തന്നെ വന്നത്. 11.3 ഓവറുകള്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടമായ ഗോവ 64 റണ്‍സ് നേടി ബുദ്ധിമുട്ടുകയായിരുന്നു. അവസാന ഓവറുകളില്‍ കീനന്‍(36), ഗര്‍ഷന്‍ മിസാല്‍(23), 4 പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്ന ലക്ഷയ് ഗാര്‍ഗ് എന്നിവരുടെ പ്രകടനങ്ങളാണ് ടീം സ്കോര്‍ 138ല്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോവയ്ക്ക് കടിഞ്ഞാണിട്ട് കേരളം, ആസിഫിനു അഭിഷേകിനും മൂന്ന് വിക്കറ്റ്

മൂന്ന് തോല്‍വികള്‍ക്ക് ശേഷം നാലാം മത്സരത്തില്‍ ഗോവയെ കടിഞ്ഞാണിട്ട് കേരള ബൗളര്‍മാര്‍. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ നാലാം മത്സരത്തിനിറങ്ങിയ കേരളം ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞ കേരള ബൗളര്‍മാര്‍ ഗോവയ്ക്ക് റണ്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഗോവ നേടിയത്.

ഗോവന്‍ നിരയില്‍ കീനന്‍ 36 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. 28 റണ്‍സ് നേടിയ സഗുണ്‍ കാമത്ത്, ദര്‍ശന്‍ മിസാല്‍(23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് നിലയുറപ്പിക്കുവാനാകാതെ പോയതും ഗോവയ്ക്ക് തിരിച്ചടിയായി. അവസാന അഞ്ചോവറിലാണ് അമ്പതിനടുത്ത് റണ്‍സ് നേടി ഗോവ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. 11.3 ഓവറില്‍ 64/4 എന്ന നിലയില്‍ നിന്നാണ് 138/8 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഗോവ എത്തിയത്.

കേരളത്തിനായി ആസിഫും അഭിഷേക് മോഹനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഫാബിദ് അഹമ്മദിനും ബേസില്‍ തമ്പിയ്ക്കും ഒരു വിക്കറ്റ് വീതം ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരളത്തിനു മൂന്നാം തോല്‍വി, 22 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് അശ്വിന്‍ ഹെബ്ബാര്‍

ആന്ധ്രയ്ക്കെതിരെയുള്ള മത്സരവും പരാജയപ്പെട്ടതോടെ സൗത്ത് സോണ്‍ സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ മൂന്നാം തോല്‍വി. കേരളത്തിന്റെ സ്കോറായ 120 റണ്‍സ് പിന്തുടര്‍ന്ന ആന്ധ്ര  അവസാന  പന്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മത്സരം സ്വന്തമാക്കി. അശ്വിന്‍ ഹെബ്ബാര്‍ നേടിയ അര്‍ദ്ധ ശതകവും നായകന്‍ ഹനുമന വിഹാരി(25),  റിക്കി ഭുയി(17), രവി തേജ(15*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 6 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്.

34 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 4 സിക്സും സഹിതം 64 റണ്‍സ് നേടിയാണ് അശ്വിന്‍ ഹെബ്ബാര്‍ പുറത്തായത്. കേരളത്തിനായി മിഥുന്‍, ബേസില്‍ തമ്പി രണ്ടും മിഥുന്‍ ഒരു വിക്കറ്റും  നേടി. ഹെബ്ബാര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ ഓവറുകള്‍ ബാക്കി നില്‍ക്കെ അവസാനിക്കുമെന്ന് കരുതിയ മത്സരം അവസാന പന്ത് വരെ കൊണ്ടെത്തിക്കാനായി എന്നതില്‍ കേരളത്തിനു ആശ്വാസം കണ്ടെത്താവുന്നതാണ്.

നേരത്തെ വിഷ്ണു വിനോദ്(45), സഞ്ജു സാംസണ്‍(32) എന്നിവര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയപ്പോള്‍ കേരളം 12ാം ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 13 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഹരിശങ്കര്‍ റെഡ്ഢി നാലും അയ്യപ്പ ഭണ്ഡാരു മൂന്നു വിക്കറ്റുകള്‍ ആന്ധ്രയ്ക്കായി വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version