കേരളത്തിനു രണ്ടാം തോല്‍വിയോടെ പുറത്തേക്കുള്ള വഴി, ജാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റ് ജയത്തിലേക്ക് നയിച്ച് സൗരഭ് തിവാരി

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാമത്തെ തോല്‍വി. ആനന്ദ് സിംഗും വിരാട് സിംഗും മികവ് പുലര്‍ത്തിയ മത്സരത്തില്‍ സൗരഭ് തിവാരിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. തോല്‍വിയോടെ കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു. ഡല്‍ഹിയും ജാര്‍ഖണ്ഡും ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് കടന്നു. ഡല്‍ഹിയ്ക്കും ജാര്‍ഖണ്ഡിനും അഞ്ച് വിജയത്തോടെ 20 പോയിന്റ് നേടാനായപ്പോള്‍ കേരളത്തിനു 16 പോയിന്റാണ് നാല് മത്സരത്തില്‍ നിന്ന് നേടാനായത്. യോഗ്യത നേടിയ മറ്റു രണ്ട് ടീമുകളെക്കാള്‍ മികച്ച റണ്‍ റേറ്റ് കേരളത്തിനു സ്വന്തമാക്കാനായിരുന്നുവെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ ജയം കൈവിട്ടത് ടീമിനു തിരിച്ചടിയായി.

47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ആനന്ദ് സിംഗാണ് കേരളത്തിന്റെ 176 റണ്‍സ് എന്ന സ്കോറിനെ മറികടക്കുവാനുള്ള ജാര്‍ഖണ്ഡിന്റെ അടിത്തറ പാകിയത്. ഇഷാന്‍ കിഷനെ വേഗത്തില്‍ നഷ്ടമായെങ്കിലും വിരാട് സിംഗുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 71 റണ്‍സാണ് ജാര്‍ഖണ്ഡിനു ജയം ഒരുക്കിയത്.

വിരാട് സിംബ് 29 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ആനന്ദ് സിംഗ് ബാറ്റിംഗ് സൗരഭ് തിവാരിയുമായി ചേര്‍ന്ന് ബാറ്റിംഗ് തുടര്‍ന്നു. മൂന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂടി നേടിയ ശേഷം താരം പുറത്താകുമ്പോള്‍ അവസാന അഞ്ചോവറില്‍ ജാര്‍ഖണ്ഡിനു ജയിക്കുവാന്‍ 44 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അടുത്ത ഓവറില്‍ ഇഷാന്‍ ജഗ്ഗിയെയും അതിനടുത്ത ഓവറില്‍ കുമാര്‍ ദിയോബ്രതിനെയും ജാര്‍ഖണ്ഡിനു നഷ്ടമായെങ്കിലും സൗരഭ് തിവാരി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. തിവാരി 24 പന്തില്‍ നിന്ന് 50 റണ്‍സ് നേടി അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ നേടി ജാര്‍ഖണ്ഡിന്റെ ജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി 36 റണ്‍സ് നേടിയ സച്ചിന്‍ ബേബി ടോപ് സ്കോറര്‍ ആവുകയായിരുന്നു. രോഹന്‍ എസ് കുന്നുമ്മല്‍ 34 റണ്‍സും വിഷ്ണു വിനോദ്(27), വിനൂപ് ഷീല മനോഹരന്‍(31) എന്നിവര്‍ക്കാര്‍ക്കും തന്നെ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിച്ചിരുന്നില്ല. സല്‍മാന്‍ നിസാര്‍ 8 പന്തില്‍ നിന്ന് പുറത്താകാതെ 21 റണ്‍സ് നേടിയാണ് കേരളത്തിനെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന സ്കോറിലേക്ക് എത്തിച്ചത്.

നാലാം ജയവുമായി കേരളം, നാഗലാണ്ടിനെതിരെ 10 വിക്കറ്റ് വിജയം

നാഗലാണ്ടിനെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത നാഗലാണ്ടിനെ 103 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം 12.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കേരളം ലക്ഷ്യം മറികടക്കുകയായിരുന്നു. വിഷ്ണു വിനോദും രോഹന്‍ എസ് കുന്നുമ്മലും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് കേരളത്തിന്റെ ജയം ഉറപ്പാക്കിയത്. വിഷ്ണു വിനോദ് 38 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ 36 പന്തില്‍ 51 റണ്‍സ് നേടി.

നിധീഷ് എംഡി നേടിയ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ബേസില്‍ തമ്പിയും വിനൂപ് മനോഹരനും രണ്ട് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍ 103 റണ്‍‍സാണ് നാഗലാണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 49 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ രോഹിത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

വിജയ വഴിയില്‍ തിരികെ എത്തി കേരളം, തകര്‍ത്തത് ഇര്‍ഫാന്‍ പത്താന്റെ ജമ്മു കാശ്മീരിനെ

ഇര്‍ഫാന്‍ പത്താന്‍ കളിക്കാരനായും കോച്ചായും എത്തുന്ന ജമ്മു കാശ്മീരിനെ കീഴടക്കി സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 159 റണ്‍സ് നേടിയപ്പോള്‍ എതിരാളികള്‍ക്ക് 65 റണ്‍സാണ് നേടാനായത്. മത്സരത്തില്‍ 94 റണ്‍സിന്റെ ജയമാണ് കേരളം നേടിയത്.

52 റണ്‍സ് നേടിയ വിനൂപ് മനോഹരന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്‍(32), വിഷ്ണു വിനോദ്(23), സല്‍മാന്‍ നിസാര്‍(23*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കേരളം 159/7 എന്ന സ്കോറിലേക്ക് നീങ്ങിയത്. ഇര്‍ഫാന്‍ പത്താനും പര്‍വേസ് റസൂലും രണ്ട് വീതം വിക്കറ്റാണ് ജമ്മു കാശ്മീരിനു വേണ്ടി നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമ്മു കാശ്മീര്‍ ബാറ്റ്സ്മാന്മാര്‍ക്ക് നിലയുറപ്പിക്കുവാന്‍ അവസരം നല്‍കാതെ കേരള ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അവരുടെ ഇന്നിംഗ്സ് 14.2 ഓവറില്‍ അവസാനിച്ചു. കേരളത്തിനായി മിഥുന്‍ മൂന്നും വിനൂപ് മനോഹരന്‍, നിധീഷ് എംഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തിളങ്ങി. 24 റണ്‍സ് നേടിയ ജതിന്‍ വാദ്വാന്‍ ആണ് ജമ്മു കാശ്മീരിന്റെ ടോപ് സ്കോറര്‍.

മൂന്നാം മത്സരത്തില്‍ കേരളത്തിനു തോല്‍വി, ഐപിഎല്‍ താരത്തിന്റെ മികവില്‍ ഡല്‍ഹിയ്ക്ക് ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ കേരളത്തിനു പരാജയം. ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ആന്ധ്രയെയും കീഴടക്കിയ കേരളത്തിനു ഡല്‍ഹിയോട് തോല്‍വിയായിരുന്നു ഫലം. വിനൂപ് ഷീല മനോഹരന്‍(38), സച്ചിന്‍ ബേബി(37) എന്നിവര്‍ മാത്രം ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കേരളം 139 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരം നിതീഷ് റാണ 36 പന്തില്‍ നിന്ന് പുറത്താകാതെ 52 റണ്‍സ് നേടി വിജയം ഒരുക്കുകയായിരുന്നു. ഉന്മുക്ത് ചന്ദ്(33), ഹിതേന്‍ ദലാല്‍(28) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. വിജയ സമയത്ത് റാണയ്ക്ക് കൂട്ടായി ഹിമ്മത് സിംഗ് 19 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

ആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയ്ക്കെതിരെ എട്ട് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവില്‍ 160/6 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത കേരളം നേടിയത്. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് വിഷ്ണു വിനോദ് പുറത്തായത്. സച്ചിന്‍ ബേബി 38 റണ്‍സും അരുണ്‍ കാര്‍ത്തിക് 31 റണ്‍സും നേടി കേരളത്തിനായി തിളങ്ങി. ആന്ധ്രയ്ക്ക് വേണ്ടി ഗിരിനാഥ് റെഡ്ഢി രണ്ട് വിക്കറ്റ് നേടി.

19.4 ഓവറില്‍ ആന്ധ്രയെ 152 റണ്‍സിനെ പുറത്താക്കിയാണ് കേരളം ടൂര്‍ണ്ണമെന്റിലെ രണ്ടാം വിജയം കേരളം സ്വന്തമാക്കിയത്. 36 പന്തില്‍ 57 റണ്‍സ് നേടി പ്രശാന്ത് കുമാറും ഗിനിനാഥ് റെഡ്ഢി 10 പന്തില്‍ നിന്ന് 22 റണ്‍സും നേടിയെങ്കിലും കേരളത്തിനു വേണ്ടി സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി, എംഡി നിധീഷ്, സുധേശന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി കേരളം വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടത്തോടെ സന്ദീപ് വാര്യര്‍ ആണ് കേരളത്തിന്റെ വിജയം സുനിശ്ചിതമാക്കിയത്.

ആറ് താരങ്ങള്‍ പൂജ്യത്തിനു പുറത്തായെങ്കിലും ജയം സ്വന്തമാക്കി മുംബൈ

പഞ്ചാബിനെതിരെ 35 റണ്‍സിന്റെ വിജയം സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി മുംബൈ. ഇന്ന് പഞ്ചാബിനെതിരെ 150/5 എന്ന നിലയില്‍ നിന്ന് 155 റണ്‍സിനു ഓള്‍ഔട്ട് ആയ മുംബൈ പഞ്ചാബിനെ 120 റണ്‍സിനു ഓള്‍ഔട്ടാക്കിയാണ് ജയം സ്വന്തമാക്കിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണി നാല് വിക്കറ്റുമായി മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചു. ശുഭം രഞ്ജനേ രണ്ട് വിക്കറ്റും നേടി.

54 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. ഗുര്‍കീരത്ത് മന്‍ 24 റണ്‍സ് നേടി പുറത്തായി. 18.2 ഓവറിലാണ് 120 റണ്‍സിനു പഞ്ചാബ് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവ്(80), ശ്രേയസ്സ് അയ്യര്‍(46) എന്നിവരുടെ പ്രകടനത്തില്‍ 155 റണ്‍സ് നേടുകയായിരുന്നു.

കുഞ്ഞന്മാരെ തകര്‍ത്തെത്തിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെിതിരെ റണ്‍സ് അടിച്ച് കൂട്ടിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും പൊരുതി ടീമിനെ 155 റണ്‍സിലേക്ക് നയിച്ചുവെങ്കിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം താരങ്ങള്‍ പൂജ്യത്തിനു പുറത്താകുക എന്ന നാണംകെട്ട റെക്കോര്‍ഡിനാണ് മുംബൈയ്ക്ക് ഇന്ന് പഞ്ചാബിനെതിരെ നേടേണ്ടി വന്നത്.

150/5 എന്ന നിലയില്‍ നിന്ന് 155 ടീം ഓള്‍ഔട്ട് ആയപ്പോള്‍ അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, ശര്‍ദ്ധുല്‍ താക്കൂര്‍, മുലാനി, ധവാല്‍ കുല്‍ക്കര്‍ണ്ണി, തുഷാര്‍ ദേശ്പാണ്ടേ എന്നിവരാണ് പൂജ്യത്തിനു പുറത്തായ താരങ്ങള്‍. 49 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരും മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

പഞ്ചാബിനായി ബല്‍തേജ് സിംഗും ബരീന്ദര്‍ സ്രാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ 2 വിക്കറ്റ് നേടി. ഇന്നലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ അയ്യരുടെ(147) റെക്കോര്‍ഡ് ശതകത്തിന്റെ ബലത്തില്‍ 258 റണ്‍സ് നേടിയ മുംബൈ സിക്കിമിനെ 104 റണ്‍സില്‍ നിര്‍ത്തി 154 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.

83 റണ്‍സ് വിജയം സ്വന്തമാക്കി കേരളം

മണിപ്പൂരിനെതിരെ 83 റണ്‍സിന്റെ വിജയം നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നായകന്‍ സച്ചിന്‍ ബേബി പുറത്താകാതെ നേടിയ 75 റണ്‍സിന്റെ ബലത്തില്‍ 186/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മണിപ്പൂരിനു 20 ഓവറില്‍ നിന്ന് 103 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. മത്സരം വിജയിച്ചത് വഴി കേരളത്തിനു 4 പോയിന്റ് ലഭിയ്ക്കുകയും ചെയ്തു.

കേരളത്തിനായി സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിധീഷ് എംഡി, രോഹന്‍ പ്രേം, മിഥുന്‍ എസ്, വിനൂപ് ഷീല മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 28 പന്തില്‍ നിന്ന് പുറത്താകാതെ 40 റണ്‍സ് നേടിയ യശ്പാല്‍ സിംഗും 32 റണ്‍സ് നേടിയ മയാംഗ് രാഘവും ആണ് മണിപ്പൂര്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയ താരങ്ങള്‍.

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സച്ചിന്‍ ബേബി, മണിപ്പൂരിനെതിരെ 186 റണ്‍സ് നേടി കേരളം

16 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകര്‍ച്ചയില്‍ നിന്ന് 186 റണ്‍സെന്ന വലിയ സ്കോര്‍ നേടി കേരളം. ഇന്ന് നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെയായിരുന്നു കേരളത്തിന്റെ വെടിക്കെട്ട് പ്രകടനം. സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിനു തുണയായത്. 46 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്ന സച്ചിനു പിന്തുണയായി മുഹമ്മദ് അസ്ഹറുദ്ദീന്‍ 26 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്തായി.

വിഷ്ണു വിനോദ് 34 റണ്‍സും ഡാരില്‍ എസ് ഫെരാരിയോ 22 റണ്‍സും നേടി പുറത്തായി. രണ്ട് കേരള താരങ്ങള്‍ റണ്‍ഔട്ട് ആയപ്പോള്‍ മണിപ്പൂരിനായി ക്യാപ്റ്റന്‍ ഹോമേന്ദ്രോ രണ്ട് വിക്കറ്റ് നേടി.

ടോസ് കേരളത്തിനു, മണിപ്പൂരിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത്, സഞ്ജു സാംസണ്‍ ഇല്ല

മണിപ്പൂരിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് കേരളം. രഞ്ജി ട്രോഫിയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. കേരളത്തിനു വേണ്ടി ഡാരില്‍ എസ് ഫെരാരിയോ കളിക്കുന്നുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീനാണ് വിക്കറ്റ് കീപ്പറുടെ റോളില്‍. വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിഷ്ണു വിനോദാണ് ടീമിലെ മറ്റൊരു കീപ്പര്‍.

കേരളം: വിഷ്ണു വിനോദ്, അരുണ്‍ കാര്‍‍ത്തിക്, ഡാരില്‍ എസ് ഫെരാരിയോ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, രോഹന്‍ പ്രേം, വിനൂപ ഷീല മനോഹരന്‍, നിധീഷ് എംഡി, മിഥുന്‍ എസ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍

മണിപ്പൂര്‍: ബിശ്വോര്‍ജിത്ത്, ഹോമേന്ദ്രോ, നര്‍സിംഗ് യാദവ്, കിഷന്‍, ഷാ, പ്രൊഫുല്ലമണി, മയാംഗ് രാഘവ്, അജയ് സിംഗ്, ഹൃതിക് കനോജിയ, യശ്പാല്‍ സിംഗ്, പ്രിയോജിത് കെ

ടി20യിലും താന്‍ മോശകാരനല്ലെന്ന് തെളിയിച്ച് പുജാര, 61 പന്തില്‍ 100*

ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം വന്‍ മതിലാണെങ്കിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ ഈ സൂപ്പര്‍ താരത്തെ പരിഗണിക്കാറില്ല എന്നതാണ് സത്യാവസ്ഥ. ഐപിഎലിലെ ഇന്ത്യന്‍ ദേശീയ ടീമിലോ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ കാര്യമായ ഇടം നേടുവാന്‍ സാധിക്കാത്ത താരം തനിക്ക് ലഭിച്ച അവസരങ്ങള്‍ എന്നാല്‍ കൃത്യമായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റില്‍ റെയില്‍വേയ്ക്കെതിരെ ശതകം നേടിയാണ് താരം ഈ വര്‍ഷത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയത്.

റെയില്‍വേസിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി സൗരാഷ്ട്രയ്ക്കായി പുജാര 61 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. റോബി 46 റണ്‍സും ദേശായി 34 റണ്‍സും നേടി പുജാരയ്ക്ക് മികച്ച പിന്തുണ നല്‍കി.

14 ബൗണ്ടറിയും ഒരു സിക്സും അടക്കമായിരുന്നു പുജാരയുടെ ഇന്നിംഗ്സ്. സൗരാഷട്രയ്ക്കായി ടി20യില്‍ ആദ്യമായി ശതകം നേടുന്ന താരമാണ് ചേതേശ്വര്‍ പുജാര.

പൃഥ്വി ഷാ മടങ്ങിയെത്തുന്നു, മുംബൈയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍

ഓസ്ട്രേലിയ പരമ്പരയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് ടീമിനു പുറത്ത് പോയ പൃഥ്വി ഷാ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തു്നു. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിനുള്ള സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തി മുംബൈ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിനെ ഇന്ത്യന്‍ ടെസ്റ്റ് ഉപ-നായകന്‍ അജിങ്ക്യ രഹാനെ നയിക്കും. ഫെബ്രുവരി 21നു ഇന്‍ഡോറിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

മുംബൈയ്ക്കും പിന്നീട് ഇന്ത്യന്‍ ടീമിലേക്കും തിരികെ എത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പൃഥ്വി അറിയിച്ചു. ഏറെ മത്സരങ്ങള്‍ തനിക്ക് ഈ പരിക്ക് മൂലം നഷ്ടമായെങ്കിലും ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ താന്‍ റീഹാബ് നടപടിയുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് പൃഥ്വി ഷാ പറയുന്നത്. കഴിഞ്ഞ ദിവസം യോ-യോ ടെസ്റ്റ് വിജയിച്ചതോടെയാണ് മുംബൈ സെലക്ടര്‍മാര്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

ഒക്ടോബറില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ താരം ശതകം നേടിയെങ്കിലും നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിനു മുമ്പ് താരം പരിക്കേറ്റ് പുറത്താകുകയായിരുന്നു. പൃഥ്വി ഷാ ആദ്യ ടെസ്റ്റിനില്ലേലും പിന്നീടുള്ള മത്സരങ്ങളില്‍ പൂര്‍ണ്ണാരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത് സംഭവിച്ചില്ല.

തനിക്ക് ആദ്യം ആ പരമ്പരയില്‍ പങ്കെടുക്കാനാകാതെ പോയത് ഏറെ സങ്കടമുണ്ടാക്കിയെന്ന് പറഞ്ഞ പൃഥ്വി തനിക്ക് ഇന്ത്യക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. മികച്ചൊരു അനുഭവമായി മാറേണ്ടിയിരുന്ന പരമ്പരയായിരുന്നു അതെങ്കിലും സംഭവിച്ചതിന്മേല്‍ തനിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു.

Exit mobile version