ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍ നിന്ന് ദീപക് ഹൂഡ പിന്മാറി

ബറോഡയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡ പിന്മാറി. ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് താരത്തിന്റെ ഈ തീരുമാനം. പാണ്ഡ്യയുടെ പെരുമാറ്റത്തെ “ദാദാഗിരി” എന്നാണ് ഹൂഡ വിശേഷിപ്പിച്ചത്. ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന് താരം ഇമെയില്‍ അയയ്ക്കുകയും ചെയ്തു.

മറ്റു ടീമംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് തനിക്കെതിരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു ക്രുണാല്‍ ചെയ്തതെന്ന് ദീപക് ഹൂഡ വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളുടെ ടീമംഗങ്ങളും ഇത് കാണുന്നുണ്ടായിരുന്നുവെന്ന് ഹൂഡ വ്യക്തമാക്കി. പരിശീലനത്തിനിടെയും താരം ഇത് ആവര്‍ത്തിച്ചുവെന്നും പിന്നീട് തന്നെ തടയുകയും ചെയ്തുവെന്ന് ഹൂഡ പറഞ്ഞു.

തനിക്ക് ഈ പെരുമാറ്റത്തില്‍ തുടര്‍ന്ന് വലിയ വിഷമമുണ്ടായെന്നും താന്‍ ഡിപ്രസ്ഡും സമ്മര്‍ദ്ദത്തിനും അടിപ്പെട്ടുവെന്ന് ഹൂഡ വ്യക്തമാക്കി. കഴിഞ്ഞ 11 വര്‍ഷമായി ബറോഡയ്ക്കായി കളിക്കുന്ന താരമായ തനിക്ക് ഈ സ്ഥിതിയില്‍ തുടരുവാനാകില്ലെന്നും ഹൂഡ സൂചിപ്പിച്ചു.