CricketFeatured

സഞ്ജുവിന്റെ ഫിഫ്റ്റിയ്ക്ക് ശേഷം ഇന്ത്യയുടെ വിജയമൊരുക്കി ശ്രേയസ്സ് അയ്യരും നമന്‍ ധീറും

Sanjusamson

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം താളംതെറ്റിയ ഇന്ത്യയെ ആദ്യ ടി20യിൽ വിജയത്തിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യരും നമന്‍ ധീറും. ടോപ് ഓര്‍ഡറിൽ സഞ്ജുവും അഭിഷേകും നൽകിയ മിന്നും തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും ശ്രേയസ്സ് അയ്യരും നമന്‍ ധിറും ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ വിജയം.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 93 റൺസാണ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. അഭിഷേക് 12 പന്തിൽ 29 റൺസ് നേടി പുറത്തായപ്പോള്‍ സഞ്ജു സാംസൺ 33 പന്തിൽ 67 റൺസ് നേടി പുറത്തായി. തിലക് വര്‍മ്മയും ഇഷാന്‍ കിഷനും വേഗത്തിൽ പുറത്തായപ്പോള്‍ ഇന്ത്യ 122/4 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് അക്സര്‍ പട്ടേൽ – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്ത് മുന്നോട്ട് നയിച്ചത്.

Shreyasiyernamandhir

ആറാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും നമന്‍ ധീറും നേടിയ 43 റൺസാണ് മത്സരഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 16 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. എന്നാൽ 42 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

എന്നാൽ നമന്‍ ധീര്‍ നിര്‍ണ്ണായക ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 8 റൺസായി വിജയ ലക്ഷ്യം മാറ്റി. 19.4 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടി വിജയം കുറിച്ചപ്പോള്‍ നമന്‍ ധീര്‍ 15 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു.