CricketFeatured

റാഞ്ചിയിൽ സഞ്ജുവിന്റെ തേരോട്ടം, ഇന്ത്യയ്ക്ക് 249 റൺസ്

Sanjusamson

സഞ്ജു സാംസൺ നേടിയ 82 റൺസിന്റെ ബലത്തിൽ റാഞ്ചി ടി20യിൽ ബാറ്റിംഗ് മികവ് പുലര്‍ത്തി ഇന്ത്യ. ടോസ് നേടി വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ 249 റൺസാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും മികച്ച രീതിയിൽ ബാറ്റ് വീശി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

അഭിഷേക് ശര്‍മ്മ 12 പന്തിൽ 20 റൺസ് നേടി പുറത്തായപ്പോള്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 42 റൺസാണ് നേടിയത്. സഞ്ജുവും ഇഷാന്‍ കിഷനും തകര്‍ത്താടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 43 പന്തിൽ നിന്ന് 97 റൺസാണ് നേടിയത്. അഭിഷേകിനെ പുറത്താക്കിയ റോസ്ടൺ ചേസ് തന്നെയാണ് 22 പന്തിൽ 43 റൺസ് നേടിയ ഇഷാന്‍ കിഷന്റെയും വിക്കറ്റ് നേടിയത്.

Rostonchase

ശിവം ദുബേയെ പുറത്താക്കി ചേസ് തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി. 41 പന്തിൽ 82 റൺസ് നേടിയ സഞ്ജു പുറത്താകുമ്പോള്‍ ഇന്ത്യ 162/4 എന്ന നിലയിലായിരുന്നു. പിന്നീട് ശ്രേയസ്സ് അയ്യരും തിലക് വര്‍മ്മയും ഇന്ത്യയുടെ സ്കോര്‍ 200 കടത്തി.

അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 32 പന്തിൽ 83 റൺസാണ് നേടിയത്. അയ്യര്‍ 18 പന്തിൽ 40 റൺസ് നേടി പുറത്തായപ്പോള്‍ തിലക് വര്‍മ്മ 18 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു. റോസ്ടൺ ചേസ് മൂന്നും ഷമാര്‍ സ്പ്രിംഗ‍ർ രണ്ട് വിക്കറ്റും നേടി.