CricketFeaturedT20 World Cup

വീണ്ടും സഞ്ജു മാജിക്!!! ഇന്ത്യയ്ക്ക് 253 റൺസ്

Sanjusamson 2 E1772722523217

സഞ്ജു സാംസൺ തന്റെ ബാറ്റിംഗ് ഫോം തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഐസിസി ടി20 മത്സരത്തിൽ 253 എന്ന മികച്ച സ്കോര്‍ നേടി ഇന്ത്യ. 89 റൺസ് നേടിയ സഞ്ജുവിനൊപ്പം 43 റൺസുമായി ശിവം ദുബേയും 38 റൺസ് നേടി ഇഷാന്‍ കിഷനും ആണ് തിളങ്ങിയത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

അഭിഷേക് ശര്‍മ്മയെ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ നഷ്ടമായപ്പോള്‍ മികച്ച രീതിയിൽ തുടങ്ങിയ സഞ്ജുവിന് ഒരു ക്യാച്ച് ഡ്രോപ്പും തുണയായി. ഹാരി ബ്രൂക്ക് ആയിരുന്നു സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത്. സഞ്ജുവും ഇഷാനും ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഇന്ത്യ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 67 റൺസാണ് നേടിയത്.

പവര്‍പ്ലേയ്ക്ക് ശേഷവും ഈ കൂട്ടുകെട്ട് മികവ് തുടര്‍ന്നപ്പോള്‍ സഞ്ജു സാംസൺ തുടരെ തന്റെ രണ്ടാമത്തെ ഫിഫ്റ്റി നേടി. ലിയാം ഡോസണെ സിക്സര്‍ പറത്തി 26 പന്തിൽ നിന്നാണ് താരം ഈ നേട്ടം സാധ്യമാക്കിയത്. 8.3 ഓവറിൽ ഇന്ത്യ തങ്ങളുടെ സ്കോര്‍ നൂറിലെത്തിച്ചു.

18 പന്തിൽ 39 റൺസ് നേടിയ ഇഷാന്‍ കിഷനെ ആദിൽ റഷീദ് പുറത്താക്കുമ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 45 പന്തിൽ നിന്ന് 97 റൺസാണ് നേടിയത്. ഇഷാനെ നഷ്ടമാകുമ്പോള്‍ ഇന്ത്യ 9.3 ഓവറിൽ 117/2 എന്ന നിലയിലായിരുന്നു.

ഇഷാന് പകരമെത്തിയ ശിവം ദുബേ ആദിൽ റഷീദിനെ ഇരട്ട സിക്സുമായി വരവേറ്റപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ കുതിയ്ക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ജോഫ്ര ആര്‍ച്ചറെ രണ്ട് സിക്സുകള്‍ക്ക് സഞ്ജു സാംസൺ പായിച്ചപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 13 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി. വിൽ ജാക്സ് എറിഞ്ഞ അടുത്ത ഓവറിൽ സഞ്ജു സാംസണെ പുറത്താക്കി നിര്‍ണ്ണായക ബ്രേക്ക്ത്രൂ ഇംഗ്ലണ്ടിന് ലഭിച്ചു. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജു 8 ഫോറും 7 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

Shivamdube

ദുബേ 25 പന്തിൽ 43 റൺസും നേടി അവസാന ഓവറുകളിലെ ഇന്ത്യയുടെ സ്കോറിംഗ് വേഗതയുയര്‍ത്തി. തിലക് വര്‍മ്മ 7 പന്തിൽ 21 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസുമായി ഇന്ത്യയെ 253 റൺസിലേക്ക് എത്തിച്ചു.