സെഞ്ച്വറിയുമായി ബെത്തൽ, 7 റൺസ് വിജയത്തോടെ ഇന്ത്യ ഫൈനലില്‍

ജേക്കബ് ബെത്തല്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ. ഇന്ന് 253/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യയ്ക്ക് എന്നാൽ കനത്ത വെല്ലുവിളിയാണ് ഇംഗ്ലണ്ട് അവസാന രണ്ടോവര്‍ വരെ നടത്തിയത്. 2 ഓവറിൽ 39 റൺസിലേക്ക് ലക്ഷ്യം കുറച്ച് കൊണ്ടുവരുവാന്‍ ഇംഗ്ലണ്ടിനെ ജേക്കബ് ബെത്തൽ ശതകവുമായി സഹായിച്ചുവെങ്കിലും അന്തിമ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. വിജയത്തോടെ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു.7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ഫിൽ സാള്‍ട്ടിനെയും ഹാരി ബ്രൂക്കിനെയും വേഗത്തിൽ പുറത്തായപ്പോള്‍ ജേക്കബ് ബെത്തലും ജോസ് ബട്‍ലറും അടിച്ച് തകര്‍ക്കുകയായിരുന്നു. 17 പന്തിൽ 25 റൺസ് നേടിയ ജോസ് ബട്‍ലറിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കി ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നേടിക്കൊടുത്തു.

പവര്‍പ്ലേയിൽ 68 റൺസാണ് ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ജേക്കബ് ബെത്തലും ടോം ബാന്റണും അതിവേഗം സ്കോറിംഗ് നടത്തിയെങ്കിലും അക്സര്‍ പട്ടേലിനെ തുടരെ രണ്ട് സിക്സര്‍ നേടിയ ടോം ബാന്റണേ തൊട്ടടുത്ത പന്തിൽ പുറത്താക്കി അക്സര്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നേടിക്കൊടുത്തു.
അഞ്ചാം വിക്കറ്റിൽ ജേക്കബ് ബെത്തലും വിൽ ജാക്സും മത്സരഗതിയെ ഇംഗ്ലണ്ട് പക്ഷത്തേക്ക് മാറ്റുന്നതാണ് കണ്ടത്. ഇരുവരും ഇന്ത്യന്‍ ബൗളിംഗിനെ കടന്നാക്രമിച്ചപ്പോള്‍ 39 പന്തിൽ നിന്ന് 77 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. എന്നാൽ 14ാം ഓവറിൽ വിൽ ജാക്സിനെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് നിര്‍ണ്ണായക ബ്രേക്ക്ത്രൂ നൽകി. 20 പന്തിൽ നിന്ന് 35 റൺസാണ് ജാക്സ് നേടിയത്.
മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ 82 റൺസായിരുന്നു ഇംഗ്ലണ്ട് നേടേണ്ടിയിരുന്നത്. ബെത്തലും സാം കറനും അടുത്ത രണ്ടോവറിൽ നിന്ന് 22 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ലക്ഷ്യം 4 ഓവറിൽ 60 റൺസായി മാറി.
അര്‍ഷ്ദീപ് 17ാം ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും അവസാന രണ്ട് പന്തിൽ ഒരു സിക്സും ഫോറും നേടി ജേക്കബ് ബെത്തൽ റൺ റേറ്റ് നിയന്ത്രണത്തിൽ തന്നെ നിര്‍ത്തി. ജസ്പ്രീത് ബുംറ 18ാം ഓവറിൽ വെറും 6 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 2 ഓവറിൽ 39 റൺസായിരുന്നു.
19ാം ഓവറിന്റെ ആദ്യ പന്തിൽ ഹാര്‍ദ്ദിക്കിനെ സിക്സര്‍ പറത്തി ജേക്കബ് ബെത്തൽ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് കൂടുതൽ അടുത്തു. എന്നാൽ ഓവറിൽ സാം കറനെ (18) പുറത്താക്കി ഹാര്‍ദ്ദിക് 50 റൺസ് കൂട്ടുകെട്ട് തകര്‍ത്തു. ഓവറിൽ നിന്ന് വെറും 9 റൺസ് വിട്ട് നൽകി ഹാര്‍ദ്ദിക് മികച്ച തിരിച്ചുവരവ് നടത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ അവസാന ഓവറിലെ ലക്ഷ്യം 30 റൺസായിരുന്നു.
ശിവം ദുബേ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ജേക്കബ് ബെത്തൽ റണ്ണൗട്ടായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. 48 പന്തിൽ നിന്ന് 105 റൺസായിരുന്നു താരം നേടിയത്. ബെത്തൽ പുറത്തായ ശേഷം മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും ജോഫ്ര ആര്‍ച്ചര്‍ മൂന്ന് സിക്സുകള്‍ നേടി തോൽവി ഭാരം 7 റൺസാക്കി കുറച്ചു.