ഇന്ത്യയ്ക്ക് ആശ്വാസം!!! അനായാസ ജയവുമായി ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍

ഐസിസി ടി20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തിൽ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി സെമി ഫൈനലില്‍ കടന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് വെസ്റ്റിന്‍ഡീസ് നേടിയ 176/8 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 16.1 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.
ഒരു ഘട്ടത്തിൽ 83/7 എന്ന നിലയിലേക്ക് തകര്‍ന്ന വെസ്റ്റിന്‍ഡീസിനെ ജേസൺ ഹോള്‍ഡര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയ 89 റൺസാണ് ആശ്വാസമായി മാറിയത്. 57 പന്തിൽ നിന്ന് ഈ കൂട്ടുകെട്ട് ഈ റൺസ് നേടിയപ്പോള്‍ ഹോള്‍ഡര്‍ 31 പന്തിൽ 49 റൺസ് നേടി പുറത്തായി. റൊമാരിയോ ഷെപ്പേര്‍ഡ് 37 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് സര്‍വ്വാധിപത്യമാണ് മത്സരത്തിൽ കണ്ടത്. 24 പന്തിൽ 47 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ ടീമിന് നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്ക 8 ഓവറിൽ 95 റൺസാണ് നേടിയത്. ഡി കോക്ക് പുറത്തായ ശേഷം 82 റൺസ് കൂട്ടുകെട്ടുമായി എയ്ഡന്‍ മാര്‍ക്രം – റയാന്‍ റിക്കൽട്ടൺ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
മാര്‍ക്രം 46 പന്തിൽ 82 റൺസും റിക്കൽട്ടൺ 28 പന്തിൽ 45 റൺസും നേടി ദക്ഷിണാഫ്രിക്കയുടെ 9 വിക്കറ്റ് ജയം ഉറപ്പാക്കി.