CricketFeaturedT20 World Cup

പവര്‍പ്ലേയിലെ മികച്ച തുടക്കം അവസാനം വരെ തുടര്‍ന്ന് ഇന്ത്യ, 256 റൺസ്

Abhisheksharma

സിംബാബ്‍വേയ്ക്കെതിരെ 256 റൺസെന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ബാറ്റിംഗ് പരാജയത്തിന് ശേഷം ഇന്ന് സിംബാബ്‍വേയ്ക്കെതിരെ ഇറങ്ങിയ ബാറ്റ്സ്മാന്മാരെല്ലാം അതിവേഗത്തിൽ സ്കോര്‍ ചെയ്യുന്നതാണ് കണ്ടത്. 4 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ അഭിഷേക് ശര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ദ്ധ ശതകങ്ങള്‍ നേടി.

സഞ്ജുവും അഭിഷേകും ഓപ്പണിംഗിനായി എത്തിയപ്പോള്‍ ഇഷാന്‍ വൺ ഡൗണായും തിലക് വര്‍മ്മ അവസാന ഓവറുകളിലും ഇറക്കിയ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ മാറ്റം ഫലം കാണുന്നതാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽ റൺസ് അതിവേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടിയ തിലക് വര്‍മ്മയാണ് ഇന്ത്യന്‍ നിരയിൽ ഇന്ന് ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയത്.

15 പന്തിൽ 24 റൺസ് നേടിയ സഞ്ജു സാംസണിനെ ഇന്ത്യയ്ക്ക് നഷ്ടമാകുമ്പോള്‍ 3.4 ഓവറിൽ ഇന്ത്യ 48 റൺസാണ് നേടിയത്. ബ്ലെസ്സിംഗ് മുസറബാനിയ്ക്കായിരുന്നു സഞ്ജുവിന്റെ വിക്കറ്റ്.
സഞ്ജു നൽകിയ മികച്ച തുടക്കത്തിനൊപ്പം അഭിഷേക് ശര്‍മ്മയും ഇഷാന്‍ കിഷനും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ പവര്‍പ്ലേയിൽ ഇന്ത്യ 80 റൺസാണ് നേടിയത്.

ഇഷാന്‍ കിഷന്‍ അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് 42 പന്തിൽ നിന്ന് 72 റൺസ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 24 പന്തിൽ 34 റൺസ് നേടി സിക്കന്ദര്‍ റാസയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അഭിഷേക് ശര്‍മ്മ – സൂര്യകുമാര്‍ യാദവ് 13 പന്തിൽ 30 റൺസ് നേടിയപ്പോള്‍ 30 പന്തിൽ നിന്ന് 55 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്.

13 പന്തിൽ 33 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ റിച്ചാര്‍ഡ് എന്‍ഗാരാവയാണ് പുറത്താക്കിയത്. അതിന് ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തി. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് തകര്‍ത്താടിയപ്പോള്‍ വെറും 31 പന്തിൽ നിന്ന് 84 റൺസാണ് ഇവര്‍ നേടിയത്. തിലക് വര്‍മ്മ 16 പന്തിൽ 44 റൺസും ഹാര്‍ദ്ദിക് 23 പന്തിൽ 50 റൺസുമാണ് നേടിയത്.