മിസ്ബ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഡ്രാഫ്ടിലേക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ക്യാംപില്‍ മിസ്ബ ഉള്‍ ഹക്ക് കളിക്കില്ലെങ്കിലും താരം കളിക്കാരനായി ടൂര്‍ണ്ണമെന്റിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്നുവെന്ന് സൂചനകള്‍. താരത്തിനെ മാനേജ്മെന്റ് റോളില്‍ എത്തിക്കുന്നതിന്റെ വക്കോളം ഇസ്ലാമാബാദ് യുണൈറ്റഡ് എത്തിയെങ്കിലും തനിക്ക് കളിക്കാരനായി തുടരണമെന്നാണ് ആഗ്രഹമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ പ്ലേയര്‍ ഡ്രാഫ്ടില്‍ പേര് ചേര്‍ക്കുമെന്നാണ് അറിയുന്നത്.

നാളെ നടക്കാനിരിക്കുന്ന കളിക്കാരുടെ ഡ്രാഫ്ടില്‍ താരവും അംഗമാകുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. താരത്തിനെ പിഎസ്എല്‍ സീസണ്‍ 4ല്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ മെന്ററായി നിയമിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിരുന്നതായിരുന്നുവെങ്കിലും അവസാന നിമിഷം താരം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ഫ്രാഞ്ചൈസി അവകാശങ്ങള്‍ റദ്ദാക്കി പിസിബി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ശരിയായ വിധത്തില്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് സ്ച്ചോന്‍ പ്രോപ്പര്‍ട്ടീസ് ബ്രോക്കര്‍ എല്‍എല്‍സി യുടെ ഉടമസ്ഥാവകാശത്തെ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. ബോര്‍ഡിനാണ് നിലവില്‍ ടീമിന്മേല്‍ അവകാശമെന്നതിനാല്‍ പുതിയ ഫ്രാഞ്ചൈസി ഉടമകള്‍ എത്തുന്നത് വരെ ടീമിന്റെ പ്ലേയര്‍ ‍ഡ്രാഫ്ടിലെ ഉത്തരവാദിത്വവും ബോര്‍ഡ് തന്നെ വഹിക്കുന്നതായിരിക്കും.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ പേര് “ദി സിക്സ്ത് ടീം” എന്നാക്കി മാറ്റിയാവും ഡ്രാഫ്ടില്‍ ടീം പങ്കെടുക്കുക. പുതിയ ഉടമകള്‍ എത്തി ടീമിന്റെ നാമവും പുതുക്കി നിശ്ചയിക്കാവുന്നതാണ്.

നരൈന്‍ ഗ്ലാഡിയേറ്റേഴ്സിലേക്ക്

ഓള്‍റൗണ്ടര്‍ സുനില്‍ നരൈനെ ടീമിലെത്തിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. സുനില്‍ നരൈനെയും ഉമര്‍ അക്മലിനെയും ലാഹോര്‍ ഖലന്തേഴ്സിന്റെ രാഹത് അലി, ഹസ്സന്‍ ഖാന്‍ എന്നിവര്‍ക്ക് പകരം കൈമാറ്റം നടത്തിയാണ് ക്വേറ്റ് സ്വന്തമാക്കിയത്. രണ്ടാം പതിപ്പില്‍ ഖലന്തേഴ്സിലെത്തിയ നരൈന്‍ 20 വിക്കറ്റുകള്‍ ടീമിനായി നേടിയിട്ടുണ്ട്.

ഫോമിലില്ലാത്ത ഉമര്‍ അക്മലിനെയും ടീം വിട്ടു നല്‍കിയിട്ടുണ്ട്. ആദ്യ പതിപ്പില്‍ 335 റണ്‍സ് നേടിയ താരം 5 ഇന്നിംഗ്സുകളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ഖലന്തേഴ്സിനു വേണ്ടി നേടിയത്. ഇലവനിലെ സ്ഥാനം നഷ്ടമായ ശേഷം അക്മല്‍ ടീമിനൊപ്പം യാത്ര ചെയ്യാതിരിക്കകു കൂടാതെ പരിശീലനങ്ങളില്‍ പങ്കെടുക്കാതിരിക്കുക എന്നീ സമീപനം കൈക്കൊണ്ടിരുന്നു.

പാക് ഇതിഹാസം സൂപ്പര്‍ ലീഗും മതിയാക്കുന്നു

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ താനുണ്ടാവില്ലെന്ന് അറിയിച്ച് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹക്ക്. 44 വയസ്സുകാരന്‍ ആദ്യ മൂന്ന് സീസണുകളിലും ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ഭാഗമായിരുന്നു. അടുത്ത സീസണില്‍ താരം കളിക്കാരനായി ഉണ്ടാകില്ലെന്ന് അറിയിച്ച ഫ്രാഞ്ചൈസി മിസ്ബയെ ടീമിലെ മറ്റു ചുമതലകളിലെത്തിക്കുവാന്‍ ശ്രമിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിസ്ബ ടി20യിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായി തുടര്‍ന്നു. എന്നാല്‍ പിസിബിയുടെ പുതിയ ക്രിക്കറ്റ് കമ്മിറ്റിയില്‍ പേര് നിര്‍ദ്ദേശിക്കപ്പെട്ടതോടെയാണ് രാജ്യത്തിന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനായി താരം ക്രിക്കറ്റ് മതിയാക്കുവാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേര് ചേര്‍ത്ത് സ്റ്റീവ് സ്മിത്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളിക്കുവാന്‍ പേര് ചേര്‍ത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് മൂലം ഓസ്ട്രേലിയയ്ക്ക് കളിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ലോകകപ്പ് 2019നു മുമ്പ് വിലക്ക് തീര്‍ന്ന് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ ശ്രമിക്കുന്ന സ്മിത്തിനു പിഎസ്എലിലെ മത്സര പരിചയും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.

സ്റ്റീവ് സ്മിത്തിനു പുറമേ ഡേവിഡ് വാര്‍ണറും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. വരും ദിവസങ്ങളില്‍ വാര്‍ണറുടെ കാര്യത്തിലും കൂടുതല്‍ വ്യക്തത വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

എബിഡിയെ സ്വാഗതം ചെയ്ത് ബും ബും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ കളിക്കുവാന്‍ തീരുമാനിച്ച എബി ഡി വില്ലിയേഴ്സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് സൂപ്പര്‍ താരത്തെ നിരാശപ്പെടുത്തുകയില്ലെന്നാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടത്. കറാച്ചി കിംഗ്സിനു വേണ്ടി പിഎസ്എലില്‍ കളിക്കുന്ന താരമാണ് ഷാഹിദ് അഫ്രീദി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ആരാധകരെ ഞെട്ടിച്ചത്. ഡ്രാഫ്ടില്‍ പേര് നല്‍കിയ ഡി വില്ലിയേഴ്സിനു വേണ്ടി അടുത്ത ലേലത്തില്‍ ടീമുകള്‍ തമ്മില്‍ യുദ്ധം തന്നെ പ്രതീക്ഷിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.

Exit mobile version