കറാച്ചിയെ എറിഞ്ഞ് തകര്‍ത്ത് ഹാരിസ് റൗഫ്, ലാഹോറിനു മികച്ച ജയം

എബി ഡി വില്ലിയേഴ്സ് വീണ്ടും പരാജയപ്പെട്ടുവെങ്കിലും കറാച്ചി കിംഗ്സിനെതിരെ വിജയം പിടിച്ചെടുത്ത് ലാഹോര്‍ ഖലന്തേഴ്സ്. 20 ഓവറില്‍ നിന്ന് 138 റണ്‍സ് മാത്രമാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലാഹോര്‍ നേടിയതെങ്കിലും 116 റണ്‍സിനു എതിരാളികളായ കറാച്ചിയെ എറിഞ്ഞിട്ട് 22 റണ്‍സിന്റെ വിജയമാണ് ലാഹോര്‍ സ്വന്തമാക്കിയത്.

സൊഹൈല്‍ അക്തര്‍(39), ഫകര്‍ സമന്‍(26), ആന്റണ്‍ ഡെവ്സിച്ച്(28) എന്നിവരാണ് ലാഹോര്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്. എബി ഡി വില്ലിയേഴ്സ് 3 റണ്‍സ് മാത്രമാണ് നേടിയത്. ഉമര്‍ ഖാന്‍ രണ്ടും മുഹമ്മദ് അമീര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ കറാച്ചിയ്ക്കായി ഓരോ വിക്കറ്റും നേടി.

മുഹമ്മദ് റിസ്വാനും(34), ബാബര്‍ അസവും(28) പൊരുതി നോക്കിയെങ്കിലും കറാച്ചിയുടെ നടുവൊടിച്ചത് ഹാരിസ് റൗഫിന്റെ തകര്‍പ്പന്‍ സ്പെല്ലാണ്. റൗഫ് 4 വിക്കറ്റും രാഹത് അലി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ 19.5 ഓവറില്‍ 116 റണ്‍സിനു കറാച്ചി ഓള്‍ഔട്ട് ആയി. ഷഹീന്‍ അഫ്രീദിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

അനായാസ ജയവുമായി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

ടോപ് ഓര്‍ഡറില്‍ ലൂക്ക് റോഞ്ചി അര്‍ദ്ധ ശതകവുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നൂറ് റണ്‍സ് കടക്കുമോ എന്ന് തോന്നിപ്പിച്ച ഇസ്ലാമാബാദ് യുണൈറ്റഡിനെ എട്ടാം വിക്കറ്റില്‍ സമിത് പട്ടേല്‍(20*) ഫഹീം അഷ്റഫ്(20*) കൂട്ടുകെട്ട് ടീമിനെ 125/7 എന്ന സ്കോറിലേക്ക് നയിച്ചുവെങ്കിലും അനായാസമായ അഞ്ച് വിക്കറ്റ് വിജയം നേടി മുല്‍ത്താന്‍ സുല്‍ത്താന്‍സ്.

18.4 ഓവറില്‍ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ മുല്‍ത്താന്‍ വിജയം കുറിച്ചപ്പോള്‍ 31 റണ്‍സ് നേടിയ ഷൊയ്ബ് മാലിക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഷാഹിദ് അഫ്രീദി 8 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 7 പന്തില്‍ 16 റണ്‍സുമായി ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക പ്രകടനം നടത്തി. ഓപ്പണര്‍ ഷാന്‍ മക്സൂദ് 26 റണ്‍സ് നേടി പുറത്തായി.

തന്റെ നാലോവറില്‍ 11 റണ്‍സിനു 2 വിക്കറ്റ് നേടിയ മുല്‍ത്താന്റെ അലി ഷഫീക്കാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഷാഹിദ് അഫ്രീദി, ജുനൈദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ രണ്ട് പന്ത് അവശേഷിക്കെ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ ക്വേറ്റ മറികടക്കുകയായിരുന്നു.

കമ്രാന്‍ അക്മലും മിസ്ബ ഉള്‍ ഹക്കും 49 റണ്‍സ് വീതം നേടിയാണ് പേഷ്വാര്‍ നിരയില്‍ തിളങ്ങിയത്. മിസ്ബ പുറത്താകാതെ നിന്നപ്പോള്‍ ലിയാം ഡോസണും 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഷൊയ്ബ് മക്സൂദ് 26 റണ്‍സ് നേടി. ക്വേറ്റയ്ക്ക് വേണ്ടി മുഹമ്മദ് നവാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയര്‍, ഗുലാം മുദ്ദാസ്സര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഉമര്‍ അക്മലും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ അഹമ്മദ് ഷെഹ്സാദിനെ നഷ്ടമായ ക്വേറ്റയ്ക്ക് ഷെയിന്‍ വാട്സണെയും(19), റിലീ റൂസോവിനെയും(19) വേഗത്തില്‍ നഷ്ടമായി. എന്നാല്‍ ഉമര്‍ അക്മല്‍ 50 പന്തില്‍ നിന്ന് 7 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് 37 റണ്‍സുമായി ഉമറിനു മികച്ച പിന്തുണ നല്‍കി. പുറത്താകാതെ നിന്ന ഉമര്‍ അക്മലിനൊപ്പം 11 റണ്‍സുമായി ഡ്വെയിന്‍ സ്മിത്തുമാണ് വിജയ സമയത്ത് ക്വേറ്റയ്ക്കായി ക്രീസിലുണ്ടായിരുന്നത്. പേഷ്വാറിനു വേണ്ടി വഹാബ് റിയാസ് തന്റെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് 2 വിക്കറ്റ് നേടി. വെറും 18 റണ്‍സാണ് താരം തന്റെ നാലോവറില്‍ വിട്ട് നല്‍കിയത്.

തിളങ്ങാനാകാതെ എബി ഡി വില്ലിയേഴ്സ്, ലാഹോര്‍ ഖലന്തേഴ്സിനെ പരാജയപ്പെടുത്തി ഇസ്ലാമാബാദ് തുടങ്ങി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019ന്റെ ഉദ്ഘാടന മത്സരത്തില്‍ 5 വിക്കറ്റ് വിജയവുമായി ഇസ്ലാമാബാദ് യുണൈറ്റഡ്. ലാഹോര്‍ ഖലന്തേഴ്സിന്റെ 172 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 4 പന്ത് അവശേഷിക്കെയാണ് ഇസ്ലാമാബാദ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ലാഹോറിനു 171 റണ്‍സ് മാത്രമാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ഫകര്‍ സമന്‍ 43 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ സൊഹൈല്‍ അക്തര്‍(37), എബി ഡി വില്ലിയേഴ്സ്(24) എന്നിവരും വേഗത്തില്‍ പുറത്തായി. ഫഹീം അഷ്റഫ് 2 വിക്കറ്റ് നേടി.

ഇസ്ലാമാബാദിനായി ബാറ്റിംഗിലിറങ്ങിയ താരങ്ങളാരും വലിയ സ്കോറുകള്‍ നേടിയില്ലെങ്കിലും താരങ്ങളെല്ലാം നല്‍കിയ ശ്രദ്ധേയമായ സംഭാവന ടീമിനു ഗുണം ചെയ്യുകയായിരുന്നു. രാഹത്ത് അലി തന്റെ ഒരോവറില്‍ മൂന്ന് വിക്കറ്റുമായി ഇസ്ലാമാബാദിനെ ബുദ്ധിമുട്ടിച്ചുവെങ്കിലും ഹുസൈന്‍ തലത്(37), ആസിഫ് അലി(36*), ഫഹീം അഷ്റഫ്(23*), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(24), ലൂക്ക് റോഞ്ചി(27) എന്നിങ്ങനെ ബാറ്റ്സ്മാന്മാരുടെ പ്രകടനം ടീമിനു സഹായകരമാകുകയായിരുന്നു.

രാഹത് അലി നാല് വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളര്‍മാര്‍ക്കാര്‍ക്കും വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതും ലാഹോറിനു തിരിച്ചടിയായി. 4 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് രാഹത് തന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

എബി ഡി വില്ലിയേഴ്സ് ടൂര്‍ണ്ണമെന്റ് കളിക്കില്ലെന്നത് അഭ്യൂഹം, താരം പൂര്‍ണ്ണാരോഗ്യവാനെന്ന് പറഞ്ഞ് ഫ്രാഞ്ചൈസി

മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡി വില്ലിയേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ലെന്നും താരം പരിക്കേറ്റതിനാലാണ് ഇതെന്ന തരത്തിലുള്ള ശക്തമായ അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പടരുമ്പോളും ഇതെല്ലാം വ്യാജമാണെന്ന് സ്ഥിതീകരിച്ച് ഫ്രാഞ്ചൈസി രംഗത്ത്. താരത്തിന്റെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലാഹോര്‍ ഖലന്തേഴ്സ് ആണ് താരം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പരിക്ക് മൂലും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമുള്ള വാര്‍ത്ത പുറത്ത് വിടുന്നത്.

ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ലാഹോര്‍ ഖലന്തേഴ്സ് ഇസ്ലാമാബാദ് യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത്. താരം പരിക്കേറ്റ് പുറത്തായിട്ടില്ലെന്ന് പറയുമ്പോളും ഇന്നത്തെ മത്സരത്തില്‍ എബി ഡി വില്ലിയേഴ്സ് കളിക്കുമോ എന്നത് ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടില്ല.

നരൈന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നഷ്ടമായേക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിന്‍ഡീസ് താരം സുനില്‍ നരൈന്‍ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. താരത്തിനു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായി മാറിയത്. താരം വൈദ്യ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മാത്രമാകും പങ്കെടുക്കുവാന്‍ യോഗ്യനാണോ അല്ലയോ എന്നതിനെ സംബന്ധിച്ച തീരുമാനം പുറത്ത് വരിക.

ലോഹോര്‍ ഖലന്തേഴ്സില്‍ നിന്ന് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ആണ് സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. താരത്തിനു പങ്കെടുക്കാനാകില്ലെങ്കില്‍ അത് ടീമിനു വലിയ തിരിച്ചടിയാണ്. പകരം താരമായി സോമര്‍സെറ്റിന്റെ മാക്സ് വാല്ലറെ ഗ്ലാഡിയേറ്റേഴ്സ് ടീമിലെത്തിക്കുമെന്നാണ് അറിയുന്നത്. താരം ഇപ്പോള്‍ കരുതല്‍ താരമായാണ് ടീമിലേക്ക് വിളിച്ചിട്ടുള്ളത്.

നരൈനെ പോലെയുള്ള താരത്തിനു പകരക്കാരനെ കണ്ടെത്താനാകില്ലെന്നാണ് ക്വേറ്റയുടെ കോച്ച് മോയിന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ടീമില്‍ മികച്ച വേറെ താരങ്ങളുണ്ടെന്നാണ് മോയിന്‍ വ്യക്തമാക്കിയത്. പേഷ്വാര്‍ സല്‍മിയ്ക്കെതിരെ ഫെബ്രുവരി 15നാണ് ഗ്ലാഡിയേറ്റേഴ്സിന്റെ ആദ്യ മത്സരം.

നിക്കോളസ് പൂരനു പകരക്കാരനെ കണ്ടെത്തി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

വിന്‍ഡീസ് ഏകദിന ടീമിലേക്ക് വിളിയെത്തിയതിനെത്തുടര്‍ന്ന് മുല്‍ത്താന്‍ സുല്‍ത്താന്‍സിനു വേണ്ടി കളിക്കാന്‍ കഴിയാത്ത വെടിക്കെട്ട് ബാറ്റിംഗ് താരം നിക്കോളസ് പൂരനു പകരക്കാരനെ കണ്ടെത്തി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. മറ്റൊരു വിന്‍ഡീസ് താരവും ടി20 ലീഗുകളില്‍ സ്ഥിരം സാന്നിധ്യമായ ജോണ്‍സണ്‍ ചാള്‍സിനെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്. 2012, 2016 വര്‍ഷങ്ങളില്‍ ലോക ടി20 കിരീടം നേടിയ വിന്‍ഡീസ് സംഘത്തിലെ അംഗമാണ് ചാള്‍സ്.

ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് നിക്കോളസ് പൂരനെ ഏകദിന ടീമിലേക്ക് എത്തിച്ചത്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുമ്പ് ക്വേറ്റ ഗ്ലാഡിയേറ്റേര്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ജോണ്‍സണ്‍ ചാള്‍സ്. വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി വഹിക്കുന്ന താരമാണ് ജോണ്‍സണ്‍ ചാള്‍സ്.

ഫെബ്രുവരി 15നു ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമാണ് മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ആദ്യ മത്സരം. ദുബായിയില്‍ കറാച്ചി കിംഗ്സ് ആണ് ടീമിന്റെ എതിരാളികള്‍.

ഇസ്ലാമാബാദ് യുണൈറ്റഡിനു പുതിയ നായകന്‍

പാക്കിസ്ഥാന്‍‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഇസ്ലാമാബാദ് യുണൈറ്റഡിനു പുതിയ നായകന്‍. മുഹമ്മദ് സമി ടീമിനെ പുതിയ സീസണില്‍ നയിക്കുമെന്നാണ് ഫ്രാഞ്ചൈസി ഇന്ന് വ്യക്തമാക്കിയത്. കറാച്ചിയെ 27 ടി20 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള താരം ഇസ്ലാമാബാദ് യുണൈറ്റഡിന്റെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഫെബ്രുവരി 14നു ലാഹോര്‍ ഖലന്തേഴ്സിനെതിരെയാണ് ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ആദ്യ മത്സരം. പിഎസ്എലിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇസ്ലാമാബാദ് യുണൈറ്റഡ്.

ടീമിന്റെ ഉപനായകനായി നേരത്തെ തന്നെ ഷദബ് ഖാനെ പ്രഖ്യാപിച്ചിരുന്നു.

സ്മിത്തിനു പകരക്കാരനായി ആന്‍ഡ്രേ റസ്സല്‍

പരിക്കേറ്റ് ആറാഴ്ചയോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്ന സ്റ്റീവന്‍ സ്മിത്തിനു പകരക്കാരനെ പ്രഖ്യാപിച്ച് മുല്‍ത്താന്‍ സുല്‍ത്താന്‍സ്. പകരം ആന്‍ഡ്രേ റസ്സലിനെയാണ് മുല്‍ത്താന്‍ ടീമിലെത്തിച്ചിരിക്കുന്നത്. മുമ്പ് ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആന്‍ഡ്രേ റസ്സല്‍. മുല്‍ത്താന്‍ ടീമില്‍ മറ്റൊരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ജോ ഡെന്‍ലിയ്ക്ക് പകരം ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജെയിംസ് വിന്‍സിനെയാണ് ടീം ടീമിലെത്തിച്ചിരിക്കുന്നത്.

ഫെബ്രുവരി 14നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ആരംഭിക്കുക. എട്ട് മത്സരങ്ങളോളം പാക്കിസ്ഥാനിലാവും നടക്കുക. ലാഹോറില്‍ മൂന്നും കറാച്ചിയില്‍ അഞ്ച് മത്സരങ്ങളുമാണ് ഇത്തവണ നടക്കുക. ഫെബ്രുവരി 14ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡ് ലാഹോര്‍ ഖലന്തേഴ്സിനെ നേരിടും. ദുബായിയിലാണ് മത്സരം.

ലാഹോറില്‍ കളിക്കുമെന്ന് അറിയിച്ച് എബി ഡി വില്ലിയേഴ്സ്

11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ കളിക്കാനൊരുങ്ങി എബി ഡി വില്ലിയേഴ്സ്. ലാഹോര്‍ ഖലന്തേഴ്സിനു വേണ്ടി ഇസ്ലാമാബാദ് യുണൈറ്റഡ്, മുല്‍ത്താന്‍ സുല്‍ത്താന്സ് എന്നിവര്‍ക്കെതിരെ ലാഹോറില്‍ നടക്കുന്ന ഹോം മത്സരത്തില്‍ താരം കളിക്കുമെന്ന് ഇന്ന് അറിയിക്കുകയായിരുന്നു. 2007ല്‍ ദക്ഷിണാഫ്രിക്കയുടെ പാക്കിസ്ഥാന്‍ ടൂറിലാണ് എബി അവസാനമായി പാക്കിസ്ഥാനില്‍ കാല് കുത്തുന്നത്.

മാര്‍ച്ച് 9, 10 തീയ്യതികളിലാണ് മത്സരങ്ഹള്‍ നടക്കുന്നത്. നേരത്തെ ഫാഫ് ഡു പ്ലെസി നയിച്ച ലോക ഇലവനില്‍ കളിക്കുന്നതിനായി അഞ്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹാഷിം അംല, ഡേവിഡ് മില്ലര്‍, മോണെ മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് അന്ന് ഡു പ്ലെസിയ്ക്ക് പുറമെ കളിക്കാനെത്തിയത്. അടുത്തിടെ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന ആറാമത്തെ ക്രിക്കറ്ററാവും ഡി വില്ലിയേഴ്സ് ഇതോടെ.

പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മടങ്ങിയെത്തുന്നതിന്റെ ഭാഗമാകുവാന്‍ തനിക്കും സാധിക്കണമെന്ന ചിന്തയാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് എബിഡി പറഞ്ഞു. 2007ല്‍ തനിക്ക് ലഭിച്ച പിന്തുണയും സ്വീകരണവും തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്നും താരം പറഞ്ഞു.

ഡാരെന്‍ സാമി ടീമിനെ നയിക്കുമെന്ന് പേഷ്വാര്‍ സല്‍മി ഉടമ

തുടര്‍ച്ചയായ മൂന്നാം സീസണിലും പേഷ്വാര്‍ സല്‍മിയെ വിന്‍ഡീസ് താരം ഡാരെന്‍ സാമി നയിക്കുമെന്ന് ഫ്രാഞ്ചൈസി ഉടമ ജാവേദ് അഫ്രീദി. 2017 സീസണില്‍ ആദ്യമായി ടീമിന്റെ നായക സ്ഥാനത്തെത്തിയ ഡാരെന്‍ സാമി പാക്കിസ്ഥാനില്‍ ഏറെ ആരാധകരുള്ള താരമാണ്. പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുവാന്‍ സന്നദ്ധ പ്രകടിപ്പിച്ച താരം രണ്ട് തവണ ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്ക് എത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിനെ ഫൈനലിലേക്ക് നയിച്ച ഡാരെന്‍ സാമി ഒരു തവണ സല്‍മിയെ വിജയ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഈ വര്‍ഷം നടന്ന ഫൈനലില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനോടു നേരിയ വ്യത്യാസത്തിലാണ് ടീം പരാജയപ്പെട്ടത്. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും ഈ സീസണിലും സാമി തന്നെ ടീമിനെ നയിക്കുകയായിരുന്നു.

സ്മിത്തിനെ സ്വന്തമാക്കി ദി സിക്സത്ത് ടീം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പ്ലേയര്‍ ഡ്രാഫ്ടില്‍ നിന്ന് സ്റ്റീവ് സ്മിത്തിനെ സ്വന്തമാക്കി ദി സിക്സത്ത് ടീം. മുള്‍ത്താന്‍ സുല്‍ത്താന്‍സ് എന്ന ടീമിനെ റദ്ദാക്കിയ ശേഷം ടീമിന്റെ പേര് പുതിയ ഫ്രാഞ്ചൈസികള്‍ എത്തുന്നത് വരെ ദി സിക്സത്ത് ടീം എന്നാണ് വിളിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലേയര്‍ ഡ്രാഫ്ടില്‍ പ്ലാറ്റിനം വിഭാഗത്തിലുള്ള താരമാണ് സ്റ്റീവന്‍ സ്മിത്ത്.

സ്മത്തിനു 1 കോടിയ്ക്കും 1.64 കോടി രൂപയ്ക്കുമിടയിലുള്ള തുകയായിരിക്കും ലഭിയ്ക്കുക. സ്മിത്തിന്റെ വിലക്ക് നീക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചതിനാല്‍ സീസണില്‍ പൂര്‍ണ്ണമായും താരം കളിയ്ക്കുമെന്നത് ഫ്രാഞ്ചൈസിയ്ക്കും ശുഭ വാര്‍ത്തയാണ്.

Exit mobile version