അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് കോളിന്‍ മണ്‍റോയും കീറണ്‍ പൊള്ളാര്‍ഡും, തല്ലാവാസിനെതിരെ 184 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

Sports Correspondent

തങ്ങളുടെ ഏഴാം ജയം ലക്ഷ്യമാക്കി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് ജമൈക്ക തല്ലാവാസിനെതിരെ 184 റണ്‍സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ജമൈക്കയ്ക്കെതിരെ ഈ സ്കോര്‍ ട്രിന്‍ബാഗോ നേടിയത്. സുനില്‍ നരൈന്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ ബാറ്റിംഗ് ആരംഭിച്ച ട്രിന്‍ബാഗോയ്ക്ക് തുണയായത് അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. അര്‍ദ്ധ ശതകവുമായി കോളിന്‍ മണ്‍റോയും താരത്തിന് പിന്തുണ നല്‍കി.

11 പന്തില്‍ 29 റണ്‍സുമായി സുനില്‍ നരൈനാണ് ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം ആരംഭിച്ചത്. 2.4 ഓവറില്‍ നരൈന്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 32 റണ്‍സായിരുന്നു. പിന്നീട് മണ്‍റോയുമായി ചേര്‍ന്ന് ലെന്‍ഡല്‍ സിമ്മണ്‍സ്(25) രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂടി നേടി.

ടിം സീഫെര്‍ട്ട് 13 പന്തില്‍ 18 റണ്‍സ് നേടി പുറത്തായ ശേഷം 111/3 എന്ന നിലയില്‍ മണ്‍റോയ്ക്കൊപ്പം ക്രീസിലെത്തിയ കീറണ്‍ പൊള്ളാര്‍ഡ് തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 പന്തില്‍ നിന്ന് 73 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ 54 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ മണ്‍റോ പുറത്തായപ്പോള്‍ പൊള്ളാര്‍ഡ് 16 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.