അഞ്ചാം ടെസ്റ്റ് വേണ്ട, പകരം കൂടുതല്‍ പരിമിത ഓവര്‍ മത്സരങ്ങള്‍ – ക്രിക്കറ്റ് ഓസ്ട്രേലിയയോട് ബിസിസിഐ ഭാരവാഹി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂറില്‍ നാല് ടെസ്റ്റുകള്‍ക്ക് പകരം അഞ്ച് ടെസ്റ്റ് ഇന്ത്യ കളിക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം പരമ്പര നടന്നപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചുവെങ്കിലും ബിസിസിഐ അത് നിരാകരിക്കുകയായിരുന്നു. ഇപ്പോള്‍ കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് മുടങ്ങി നില്‍ക്കുന്ന അവസരത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യ കളിക്കണമെന്നും പരമ്പര അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെയാക്കണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അഞ്ചാം ടെസ്റ്റല്ല പകരം കൂടുതല്‍ പരിമിത ഓവര്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍ ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം ക്രിക്കറ്റ് വീണ്ടും പുനരാരംഭിച്ച ശേഷം മാത്രമേ നടക്കുള്ളുവെന്നാണ് ധമാല്‍ വ്യക്തമാക്കിയത്. അഞ്ച് ടെസ്റ്റുകളെന്ന ആശയം ലോക്ക്ഡൗണിന് മുന്നെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിര്‍ദ്ദേശിച്ചത്. എന്നാലിപ്പോള്‍ ആ സാഹചര്യം അല്ലെന്നും ബോര്‍ഡുകള്‍ സാഹചര്യം മെച്ചപ്പെട്ട ശേഷം ഇതിന്മേലുള്ള ചര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം ടെസ്റ്റ് വേണോ അതോ അധികം രണ്ട് ഏകദിനമോ ടി20യോ വേണമോ എന്നത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു. വരുമാനമാണ് ലക്ഷ്യമെങ്കില്‍ ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നുമാണ് ടെസ്റ്റിനെക്കാള്‍ കൂടുതല്‍ വരുമാനമെന്നും അരുണ്‍ വിശദമാക്കി.