148 റണ്‍സ് വിജയം, ഇന്ത്യ എ യ്ക്ക് പരമ്പര, മനീഷ് പാണ്ടേയ്ക്ക് ശതകം, ക്രുണാലിന് അഞ്ച് വിക്കറ്റ്

- Advertisement -

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് എ ടീമിനെ തകര്‍ത്ത് മൂന്നാമത്തെ അനൗദ്യോഗിക ഏകദിനവും സ്വന്തമാക്കി ഇന്ത്യ എ. ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ടേയുടെ ശതകവും ക്രുണാല്‍ പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടവും തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 295 റണ്‍സാണ് നേടിയത്. അതേ സമയം വിന്‍ഡീസ് 147 റണ്‍സിന് ഓള്‍ഔട്ട് ആയി.

ഓപ്പണര്‍ അന്മോല്‍പ്രീത് പൂജ്യത്തിന് പുറത്തായെങ്കിലും ശ്രേയസ്സ് അയ്യരും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അയ്യര്‍ 47 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 109 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍ 77 റണ്‍സ് നേടി പുറത്തായി. ഇരുവരെയും റഖീം കോണ്‍വാല്‍ ആണ് പുറത്താക്കിയത്. 87 പന്തില്‍ നിന്ന് അതിവേഗത്തില്‍ തന്റെ 100 റണ്‍സ് തികച്ച് മനീഷ് പാണ്ടേയും പുറത്തായപ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് 295 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 89/2 എന്ന നിലയില്‍ നിന്ന് 117/9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ 34.2 ഓവറില്‍ 147 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ എ 148 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

Advertisement