കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയ്ക്കും വയനാടിനും വിജയം

തിരുവനന്തപുരം/ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണ്ണമെന്റിൽ പത്തനംതിട്ടയ്ക്കും വയനാടിനും വിജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് പത്തനംതിട്ട കോട്ടയത്തെ തോൽപ്പിച്ചത്. ഗ്രൂപ്പ് സി പോരാട്ടത്തിൽ വയനാട് പാലക്കാടിനെയും ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.
മംഗലപുരം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്തനംതിട്ടയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോട്ടയം 11.4 ഓവറിൽ അഞ്ച് വിക്കറ്റിന് 64 റൺസെടുത്തു നിൽക്കെ മഴ കളി തടസ്സപ്പെടുത്തി. തുടർന്ന് വിജെഡി നിയമപ്രകാരം പത്തനംതിട്ടയുടെ വിജയലക്ഷ്യം 11 ഓവറിൽ 71 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പത്തനംതിട്ട എട്ട് പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പത്തനംതിട്ടയ്ക്ക് വേണ്ടി സുധീഷ് മോഹൻ 28ഉം ഷൈൻ ജോൺ ജേക്കബ് 25ഉം കെ. ബി. അനന്ദു 15ഉം റൺസെടുത്തു. കോട്ടയത്തിന് വേണ്ടി സിജോമോൻ ജോസഫ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മഴയെ തുടർന്ന് അഞ്ച് ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ വയനാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാലക്കാട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വയനാട് 4.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 16 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 41 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ അജിനാസിന്റെ തകർപ്പൻ ഇന്നിങ്സാണ് വയനാടിന് വിജയം ഒരുക്കിയത്. ആലപ്പുഴ കെസിഎ എസ് ഡി കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്.