കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിജയം തുടർന്ന് കോഴിക്കോട്, എറണാകുളം ടീമുകൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണ്ണമെന്റിൽ കോഴിക്കോടിനും എറണാകുളത്തിനും തുടർച്ചയായ രണ്ടാം വിജയം. കൊല്ലത്തെ 26 റൺസിനാണ് കോഴിക്കോട് തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ എറണാകുളം ഏഴ് വിക്കറ്റിന് ഇടുക്കിയെ തോൽപ്പിച്ചു.
കൊല്ലത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്. ഒൻപത് പന്തുകളിൽ 28 റൺസ് നേടിയ എം. കാശിനാഥും 28 പന്തുകളിൽ 30 റൺസെടുത്ത മുഹമ്മദ് അസ്ലമുമാണ് കോഴിക്കോടിന് വേണ്ടി തിളങ്ങിയത്. കൊല്ലത്തിന് വേണ്ടി അജയഘോഷ് മൂന്നും ആഷിഖ് മുഹമ്മദ്, അശ്വന്ത് ശങ്കർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15 ഓവറിൽ അഞ്ച് വിക്കറ്റിന് 71 റൺസെടുത്തു നിൽക്കെ മഴ മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് വിജെഡി നിയമപ്രകാരം കോഴിക്കോടിനെ വിജയികളായി പ്രഖ്യാപിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അദ്വിത് ആണ് കോഴിക്കോടിന് വേണ്ടി മികച്ച ബൗളിങ് കാഴ്ചവച്ചത്.
എറണാകുളത്തിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇടുക്കി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. 29 റൺസെടുത്ത അജു പൗലോസാണ് ഇടുക്കിയുടെ ടോപ് സ്കോറർ. എറണാകുളത്തിന് വേണ്ടി ആസിഫ് സലാം മൂന്നും വി. അജിത് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളം 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 44 പന്തുകളിൽ 60 റൺസുമായി പുറത്താകാതെ നിന്ന വിപുൽ ശക്തിയാണ് എറണാകുളത്തിന് വിജയമൊരുക്കിയത്. ക്യാപ്റ്റൻ ഗോവിന്ദ് ദേവ് പൈ 29 റൺസെടുത്തു. ഇടുക്കിക്ക് വേണ്ടി അഖിൽ സ്കറിയ രണ്ട് വിക്കറ്റെടുത്തു.