ലോക ചാമ്പ്യന്മാരെ വീഴ്ത്തി അയര്‍ലണ്ട്, ജയം 34 റൺസിന്

അയര്‍ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ആദ്യ ടി20 മത്സരത്തിൽ ടീമിന് കാലിടറി. ഇന്ന് അയര്‍ലണ്ട് നൽകിയ 183 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 18.5 ഓവറിൽ 148 റൺസ് മാത്രം നേടാനായപ്പോള്‍ ടീം 34 റൺസിന് പരാജയം ഏറ്റുവാങ്ങി.
മലയാളി താരം സഞ്ജു സാംസൺ 5 റൺസ് നേടി പുറത്തായപ്പോള്‍ 50 റൺസ് നേടിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 25 റൺസ് നേടിയ ശിവം ദുബേ അവസാന ഘട്ടത്തിൽ പൊരുതി നോക്കിയെങ്കിലും അയര്‍ലണ്ട് ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അഭിഷേക് ശര്‍മ്മ ഒരു വശത്ത് മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോളും മറുവശത്ത് വിക്കറ്റുമായി അയര്‍ലണ്ട് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. നാലാം വിക്കറ്റായി അഭിഷേക് പുറത്താകുമ്പോള്‍ താരം 20 പന്തിൽ 50 റൺസാണ് നേടിയത്. ഇന്ത്യയുടെ സ്കോര്‍ 80/4 എന്ന നിലയിലായിരുന്നു.
അധികം വൈകാതെ 19 റൺസ് നേടിയ തിലക് വര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടപ്പോള്‍ ടീം 90/5 എന്ന നിലയിലേക്ക് വീണു. വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യയ്ക്ക് സ്കോര്‍ നൂറ് റൺസ് എത്തിയപ്പോള്‍ നഷ്ടമായപ്പോള്‍ പിന്നീട് ശിവം ദുബേയും അക്സര്‍ പട്ടേലും ഏഴാം വിക്കറ്റിൽ 35 റൺസ് നേടി പ്രതീക്ഷ നൽകി. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ ഇന്ത്യയ്ക്ക് നഷ്ടമായി. ദുബേ 25 റൺസ് നേടി പുറത്തായപ്പോള്‍ അക്സര്‍ 15 റൺസാണ് നേടിയത്. അയര്‍ലണ്ട് ബൗളിംഗിൽ മാത്യു ഹംഫ്രീസ്, മാത്യു ഹോളാര്‍ഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജയ് മൂന്‍ഡ്ര രണ്ട് വിക്കറ്റ് നേടി.
നേരത്തെ അയര്‍ലണ്ട് ബാറ്റിംഗിനിടെ ടീം 51/4 എന്ന നിലയിലേക്ക് വീണുവെങ്കിലും ലോര്‍ക്കന്‍ ടക്കര്‍ – ഗാരെത്ത് ഡെലാനി കൂട്ടുകെട്ട് ടീമിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. ടക്കര്‍ 36 പന്തിൽ 50 റൺസ് നേടിയപ്പോള്‍ ഡെലാനി 32 പന്തിൽ 49 റൺസ് നേടി. അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ മൂന്നും അര്‍ഷ്ദീപ് സിംഗ്, അക്സര്‍ പട്ടേൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.