വിരാട് കോഹ്‍ലിയുടേത് പോലുള്ള ‘പീക്ക് ഫോമില്‍” എത്തുക ലക്ഷ്യം

കഴിഞ്ഞ ഐപിഎല്‍ സീസണിലെ താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ജോസ് ബട്‍ലര്‍. തകര്‍ന്ന് കിടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓര്‍ഡറിലേക്ക് താരം എത്തിയ ശേഷം തുടരെ അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടി ടീമിനെ പ്ലേ ഓഫുകളിലേക്ക് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് അന്താരാഷ്ട്ര ഡ്യൂട്ടിയ്ക്കായി ബട്‍ലര്‍ മടങ്ങിയത്. അതേ സമയം ഐപിഎലിലെ തന്റെ പ്രകടനം ബട്‍ലര്‍ക്ക് ടെസ്റ്റ് ടീമില്‍ ഇടം നേടിക്കൊടുത്തു.

പിന്നീട് ഇങ്ങോട്ട് ഇംഗ്ലണ്ടിന്റെ ഏറ്റവും വിശ്വസനീയനായ ബാറ്റിംഗ് താരമായി ബട്‍ലര്‍ മാറുകയായിരുന്നു. ടെസ്റ്റില്‍ സ്ഥിരം സാന്നിധ്യമായി മാറുവാനും ഈ ഐപിഎല്‍ ഹീറോയ്ക്കായി. ടെസ്റ്റ് ക്രിക്കറ്റ് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന സ്ഥിതിയില്‍ നിന്നാണ് താരത്തിന്റെ ഉയര്‍ത്തെഴുന്നേല്പ്. അതിനു ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിലൂം താരം കൂടതല്‍ അപകടകാരിയായി മാറുന്ന കാഴ്ചയാണ് കണ്ടത്.

ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലി എന്ന പോലെയായി മാറി ഇംഗ്ലണ്ടിനു ജോസ് ബട്‍ലര്‍ എന്ന് പറഞ്ഞാല്‍ യാതൊരു അതിശയോക്തിയും ഇല്ലെന്ന് പറയാം. വീണ്ടും ഇന്ത്യയിലേക്ക് ഐപിഎല്‍ കളിക്കുവാനായി താരം മടങ്ങിയെത്തുമ്പോള്‍ ഇപ്പോളുള്ള താരത്തിന്റെ ഫോം നിലനിര്‍ത്തുവാന്‍ സാധിച്ചാല്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനു അത് വലിയ ഗുണം തന്നെ ചെയ്യും.

കോഹ്‍ലിയെ പോലെ കളിയ്ക്കുന്ന കളിയെല്ലാം ശതകം നേടുവാനുള്ള സാധ്യതയുണ്ടാക്കിയെടുക്കുന്ന തരത്തില്‍ തന്റെ കളിയെ മാറ്റുക എന്നതാണ് ഇപ്പോളത്തെ തന്റെ ലക്ഷ്യമെന്നാണ് ബട്‍ലര്‍ പറഞ്ഞത്. ഒരു ഘട്ടത്തില്‍ മികച്ച ഫോമും പിന്നീട് താഴെപ്പോകുന്നതുമല്ല എല്ലാ ദിവസവും മികവ് പുലര്‍ത്തി കളിക്കുക എന്നതാണ് തന്റെ ഇപ്പോളത്തെ ലക്ഷ്യമെന്നും ബട്‍ലര്‍ കൂട്ടിചേര്‍ത്തു.

Previous articleതാനാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന് വിനീഷ്യസ് ജൂനിയർ
Next articleഇംഗ്ലീഷ് ടീമിൽ വീണ്ടും പരിക്ക്