പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ ശതകം

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ ബലത്തില്‍ 183 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍.

സന്ദീപ് വാര്യര്‍ ഓപ്പണര്‍മാരെ രണ്ടും തിരിച്ചയച്ചപ്പോള്‍ പഞ്ചാബ് 4.1 ഓവറില്‍ 22 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുമായി നിക്കോളസ് പൂരന്‍- മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് പഞ്ചാബിനെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. പാര്‍ട് ടൈം ബൗളര്‍ നിതീഷ് റാണയെ ആശ്രയിക്കേണ്ടി വരുകയായിരുന്നു ദിനേശ് കാര്‍ത്തിക്കിനു. 27 പന്തില്‍ നിന്ന് 3 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു നിക്കോളസ് പൂരന്റെ വെടിക്കെട്ട് പ്രകടനം. ബൗണ്ടറി ലൈനില്‍ സന്ദീപ് വാര്യര്‍ ആണ് നിര്‍ണ്ണായകമായ ക്യാച്ച് നേടിയത്.

20 റണ്‍സ് കൂടി നേടുന്നതിനിടെ മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു. 26 പന്തില്‍ 36 റണ്‍സാണ് മയാംഗ് നേടിയത്. അഞ്ചാ വിക്കറ്റില്‍ 38 റണ്‍സ് നേടി മന്ദീപ്-സാം കറന്‍ കൂട്ടുകെട്ട് മത്സരം വീണ്ടും പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിയ്ക്കുമെന്ന് കരുതിയപ്പോള്‍ ഹാരി ഗുര്‍ണേ മന്ദീപിനെ(25) പുറത്താക്കി.

17 റണ്‍സില്‍ സാം കറന്റെ ക്യാച്ച് റിങ്കു സിംഗ് കൈവിട്ടതിനു ശേഷം താരം അത് മുതലാക്കി  55 റണ്‍സ് നേടുകയായിരുന്നു. 24 പന്തില്‍ നിന്നാണ് താരത്തിന്റെ 55 റണ്‍സ്. ഏഴ് ഫോറും രണ്ട് ബൗണ്ടറിയുമാണ് താരം നേടിയത്.

ഏഴാം വിക്കറ്റില്‍ 11 പന്തില്‍ നിന്ന് 32 റണ്‍സാണ് സാം കറന്‍ നേടിയത്. മറുവശത്ത് ആന്‍ഡ്രൂ ടൈ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടി ബൗളര്‍മാരില്‍ ഏറ്റവും മികച്ച് നിന്നു. ആദ്യ മൂന്നോവറുകളില്‍ മികച്ച രീതിയില്‍ സുനില്‍ നരൈന്‍ പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില‍് കറന്‍ 16 റണ്‍സാണ് ഓവറില്‍ നിന്ന് നേടിയത്. അതേ ഓവറിലാണ് റിങ്കു സിംഗ് കറന്റെ ക്യാച്ച് കൈവിട്ടത്.