ഐപിഎൽ 2026 ആവേശത്തിന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂർ ഹൈദരാബാദിനെ നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് മാർച്ച് 28-ന് ആവേശകരമായ തുടക്കമാകും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലൂർ പോരാട്ടത്തിനിറങ്ങുന്നത്. 2025-ലെ തങ്ങളുടെ കന്നി കിരീട നേട്ടത്തിന് ശേഷം ആ ആത്മവിശ്വാസത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ സീസൺ ആരംഭിക്കാൻ കഴിയുന്നത് ബംഗ്ലൂരിന് വലിയ കരുത്താണ് നൽകുന്നത്.
ലീഗിന്റെ ആദ്യ ഘട്ടത്തിൽ മറ്റ് വമ്പൻ പോരാട്ടങ്ങളും ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നുണ്ട്. മാർച്ച് 29-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം ഗുവാഹത്തിയിലാണ് നടക്കുക. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ പഞ്ചാബ് കിംഗ്സ് മുല്ലൻപൂരിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.