പഞ്ചാബിനെ വട്ടം ചുറ്റി ഡല്‍ഹി ബൗളര്‍മാര്‍, തിളങ്ങിയത് മില്ലറും സര്‍ഫ്രാസും പിന്നെ അവസാന ഓവറുകളില്‍ മന്‍ദീപിന്റെ കൂറ്റനടികളും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കെഎല്‍ രാഹുലും സാം കറനും സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ലഭിച്ച തുടക്കം അധികം നേരം നീണ്ട് നില്‍ക്കാതെ എല്ലാവരും മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 166 റണ്‍സ് മാത്രം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി വലിയ സ്കോറിലേക്ക് പഞ്ചാബിനെ വിടാതെ പിടിച്ചുകെട്ടിയ ഡല്‍ഹി ബൗളര്‍മാര്‍ക്കാണ് ഈ സ്കോറില്‍ പഞ്ചാബിനെ ഒതുക്കിയതിന്റെ ക്രെ‍ഡിറ്റ് ലഭിക്കേണ്ടത്.

ആദ്യ രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും തന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ വെറും 30 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ ക്രിസ് മോറിസാണ് ഡല്‍ഹി ബൗളര്‍മാരില്‍ തിളങ്ങിയത്. കാഗിസോ റബാഡയും സന്ദീപ് ലാമിച്ചാനെയും രണ്ട് വീതം വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ വിശ്രമം നല്‍കി സാം കറനെ ഓപ്പണിംഗില്‍ ഇറക്കി നടത്തിയ പരീക്ഷണം ഒരു പരിധി വരെ വിജയം കണ്ടുവെങ്കിലും കെഎല്‍ രാഹുലിനും സാം കറനും ഏറെ നേരം ക്രീസില്‍ നില്‍ക്കാനാകാതെ പോയത് പഞ്ചാബിനു തിരിച്ചടിയാകുകയായിരുന്നു. 11 പന്തില്‍ നിന്ന് 15 റണ്‍സ് നേടി ലോകേഷ് രാഹുലിനെ ക്രിസ് മോറിസ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ സാം കറന്റെ വിക്കറ്റ് സന്ദീപ് ലാമിച്ചാനെ നേടി. ഫോമിലുള്ള മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 58/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് കണ്ടത് പഞ്ചാബിന്റെ തിരിച്ചുവരവായിരുന്നു. 62 റണ്‍സ് നാലാം വിക്കറ്റില്‍ നേടി സര്‍ഫ്രാസ്-മില്ലര്‍ കൂട്ടുകെട്ട് ടീമിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചപ്പോളാണ് സന്ദീപ് ലാമിച്ചാനെ വീണ്ടും അന്തകനായി അവതരിച്ചു. 29 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ സര്‍ഫ്രാസ് ഖാനെയാണ് സന്ദീപ് പുറത്താക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം പഞ്ചാബിന്റെ പ്രതീക്ഷയായ ഡേവിഡ് മില്ലറുടെ വിക്കറ്റ് ക്രിസ് മോറിസ് വീഴ്ത്തി. 30 പന്തില്‍ നിന്നാണ് 43 റണ്‍സ് മില്ലര്‍ നേടിയത്.

മില്ലറുടെ പുറത്താകല്‍ കൂടി സംഭവിച്ചതിനു ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. കാഗിസോ റബാഡ എറിഞ്ഞ അവസാന ഓവറുകളിലെ അവസാന രണ്ട് പന്തുകളില്‍ ഫോറും സിക്സും നേടി മന്‍ദീപ് പഞ്ചാബിന്റെ സ്കോര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിലേക്ക് നയിച്ചു. 21 പന്തില്‍ നിന്ന് പുറത്താകാതെ മന്‍ദീപ് 29 റണ്‍സ് നേടി.