ഡല്‍ഹി കുതിപ്പിനു തടയിട്ട് ഡ്വെയിന്‍ ബ്രാവോ, ചെന്നൈയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ മത്സരത്തിന്റെ മികവ് രണ്ടാം മത്സരത്തില്‍ പുലര്‍ത്തുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും ടീമിനെ 147/6 എന്ന സ്കോറിലേക്ക് നയിച്ചു. ഡ്വെയിന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് വലിയ സ്കോര്‍ നേടാമെന്ന ഡല്‍ഹി പ്രതീക്ഷയ്ക്ക് തിരിച്ചടിയായത്. ഏഴാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 20 റണ്‍സ് നേടിയാണ് രാഹുല്‍ തെവാത്തിയ(11*)-അക്സര്‍ പട്ടേല്‍(9*) ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹിയ്ക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 36 റണ്‍സ് നേടി മുന്നേറുകയായിരുന്നു ഡല്‍ഹിയ്ക്ക് പൃഥ്വി ഷായെ നഷ്ടമായി. 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ പൃഥ്വി ഷായെ ദീപക് ചഹാര്‍ ആണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ ധവാനും ശ്രേയസ്സ് അയ്യരും കൂടി മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടി ഡല്‍ഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ടിനു വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് മുന്നോട്ട് നയിക്കുവാനായിരുന്നില്ല. 7.1 ഓവറില്‍ 43 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ധവാന്‍-അയ്യര്‍ കൂട്ടുകെട്ട് തകര്‍ത്തത് ഇമ്രാന്‍ താഹിറാണ്. 18 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ താഹിര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

എന്നാല്‍ ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഡല്‍ഹി വീണ്ടും മുന്നോട്ട് കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 41 റണ്‍സാണ് നേടിയത്. ഇതില്‍ ഋഷഭ് പന്ത് തന്നെയാണ് പതിവു പോലെ കൂടുതല്‍ അപകടകാരിയായത്. 13 പന്തില്‍ 25 റണ്‍സ് നേടിയ പന്തിനെ ശര്‍ദ്ധുല്‍ താക്കൂര്‍ മികച്ചൊരു ക്യാച്ച് നേടി പുറത്താക്കുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോയ്ക്കാണ് വിക്കറ്റ്. അതെ ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിനെയും ബ്രാവോ തന്നെ പുറത്താക്കി.

അടുത്ത ഓവറില്‍ കീമോ പോളിനെ രവീന്ദ്ര ജഡേജ പുറത്താക്കിയെങ്കിലും ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം നേടി. തൊട്ടടുത്ത ഓവറില്‍ ശിഖര്‍ ധവാനെ ബ്രോവോ പുറത്താക്കി. 51 റണ്‍സായിരുന്നു താരം നേടിയത്. നാലോവറില്‍ നിന്ന് 33 റണ്‍സ് വഴങ്ങിയാണ് ബ്രാവോ തന്റെ മൂന്ന് വിക്കറ്റ് നേടിയത്.