ഇന്ത്യ ഓസ്ട്രേലിയയെ വിലകുറച്ച് കണ്ടു, അതിനു വലിയ വില കൊടുക്കേണ്ടി വന്നു, ഉമേഷിനെ കളിപ്പിച്ചത് മണ്ടത്തരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വൈസാഗിലെ ആദ്യ ടി20യില്‍ ബാറ്റിംഗ് പരാജയത്തിനു ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വിജയ സാധ്യത തിരിച്ചുകൊണ്ടുവരുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറില്‍ 14 റണ്‍സ് ഉമേഷ് യാദവ് വിട്ടു നല്‍കിയപ്പോള്‍ ഓസ്ട്രേലിയ ആദ്യ മത്സരം വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20യില്‍ പരാജയപ്പെടുന്നത്. നേരത്തെ ന്യൂസിലാണ്ടില്‍ മൂന്നാം ടി20യില്‍ പരാജയപ്പെട്ട ടീം ഇവിടെ വീണ്ടും ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. നാട്ടില്‍ എട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 പരാജയമായിരുന്നു ഇത്. ഓസ്ട്രേലിയയെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും പരാജയപ്പെടുത്തിയ ഇന്ത്യ ഓസ്ട്രേലിയയെ വില കുറച്ച് കണ്ടതാണ് തോല്‍വിയ്ക്ക് കാരണമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെടുന്നത്.

ടി20 പോലുള്ള ഫോര്‍മാറ്റില്‍ പ്രത്യേകിച്ചും ക്രിക്കറ്റില്‍ പൊതുവേയും എതിരാളികളെ വിലകുറച്ച് കാണരുതെന്ന ബോധ്യം കൂടി ഈ മത്സരത്തോടെ ഇന്ത്യയ്ക്ക് വന്ന് കാണുമെന്ന് സുനില്‍ അഭിപ്രായപ്പെട്ടു. ശിഖര്‍ ധവാനെ പോലെ സീനിയര്‍ താരത്തെ പുറത്തിരുത്തി കെഎല്‍ രാഹുലിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാനുള്ള ഇന്ത്യയുടെ തീരമാനവും മധ്യ നിരയില്‍ മൂന്ന് കീപ്പര്‍മാരുമായി പോകുവാന്‍ തീരുമാനിച്ചതും ഇതിനുദാഹരണമാണെന്ന് ഗവാസ്കര്‍ പറഞ്ഞു.

രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു അര്‍ദ്ധ ശതകം നേടിയെങ്കിലും അധിക നേരം ക്രീസില്‍ ചെലവഴിക്കുവാന്‍ താരത്തിനായില്ല അത് പന്തും മറ്റു കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ ചുമലില്‍ അധിക ചുമതല വരുത്തുകയും അവര്‍ പരാജയപ്പെടുകയും ചെയ്തു. താരതമ്യേന പുതുമുഖമായ ക്രുണാല്‍ പാണ്ഡ്യയായിരുന്നു മധ്യ നിരയിലെ മറ്റൊരു ബാറ്റ്സ്മാനെന്നും സുനില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

വൈറ്റ് ബോള്‍ ക്രിക്കറ്റിനു അനുയോജ്യമല്ലാത്ത താരമാണ് ഉമേഷ് യാദവെന്നും താരത്തെ കളിപ്പിച്ചത് മണ്ടത്തരമെന്നുമാണ് ഗവാസ്കര്‍ പറഞ്ഞത്. ഓസ്ട്രേലിയ ജയത്തിലേക്ക് അനായാസം നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 19ാം ഓവറില്‍ ജസ്പ്രീത് ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയെങ്കിലും അടുത്ത ഓവറില്‍ ഉമേഷ് യാദവിനെ 14 റണ്‍സ് നേടി ഓസ്ട്രേലിയ വിജയം കുറിയ്ക്കുകയായിരുന്നു.