കെയിന്‍ റിച്ചാര്‍ഡ്സണ്‍ പരിക്കേറ്റ് പുറത്ത്, പകരക്കാരനായി ആന്‍ഡ്രൂ ടൈ എത്തും

പരിശീലനത്തിനിടെ പരിക്കേറ്റ് ഓസ്ട്രേലിയന്‍ താരം കെയിന്‍ റിച്ചാര്‍ഡ്സണ്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തുടര്‍ന്ന് ഉണ്ടാകില്ലെന്ന് അറിയിച്ച് ഓസ്ട്രേലിയ. ഇടത് വശത്തെ സ്ട്രെയിന്‍ ആണ് താരത്തിന്റെ ലഭ്യത ഇല്ലാതാക്കിയത്. ബിഗ് ബാഷില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമാക്കിയെങ്കിലും ലോകകപ്പിനു മുമ്പുള്ള താരത്തിനു കഴിവ് തെളിയിക്കുവാനുള്ള അവസരം ഇതോടെ നഷ്ടമാകുകയായിരുന്നു.

ആദ്യ ടി20യ്ക്ക് മുമ്പാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചതെന്നും കൂടുതല്‍ പരിശോധനയില്‍ പരിക്ക് ഭേദമാകുവാന്‍ അധിക കാലം വേണ്ടി വരുമെന്നും പരമ്പരയില്‍ ഒര ഘട്ടത്തിലും താരത്തിന്റെ സേവനം ടീമിനു ലഭിയ്ക്കില്ലെന്നും മനസ്സിലാക്കുകയായിരുന്നു എന്നാണ് ഓസ്ട്രേലിയയുടെ ഫിസിയോ ഡേവിഡ് ബീക്കിലി പറഞ്ഞത്. കെയിന്‍ റിച്ചാര്‍ഡ്സണ്‍ നാട്ടിലേക്ക് ഉടന്‍ മടങ്ങി റീഹാബ് പ്രക്രിയയുമായി മുന്നോട്ട് പോകുമെന്നാണ് ഡേവിഡ് അറിയിച്ചത്.

കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ആന്‍ഡ്രൂ ടൈ ഓസ്ട്രേലിയന്‍ ടീമിനൊപ്പം ചേരും. ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകളിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനാകുമെന്ന് തെളിയിച്ച താരമാണ് ആന്‍‍ഡ്രൂ ടൈ.

Previous articleഫുട്ബോൾ ചെറിയ കളിയല്ല, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കൊയ്ത് ഫുട്ബോൾ സിനിമകൾ
Next articleഇന്ത്യ ഓസ്ട്രേലിയയെ വിലകുറച്ച് കണ്ടു, അതിനു വലിയ വില കൊടുക്കേണ്ടി വന്നു, ഉമേഷിനെ കളിപ്പിച്ചത് മണ്ടത്തരം