ഫോം തുടര്‍ന്ന ഫകര്‍ സമന് ശതകം, ഹസന്‍ അലിയുടെ തകര്‍പ്പനടികളുടെ ബലത്തില്‍ പാക്കിസ്ഥാന് 320 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 320 റണ്‍സ്. ഫകര്‍ സമന്റെ ശതകവും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ബാബര്‍ അസം, ഇമാം-ഉള്‍-ഹക്ക് എന്നിവരുടെ പ്രകടനങ്ങളാണ് പാക്കിസ്ഥാന് ഈ സ്കോര്‍ നല്‍കിയത്. അവസാന ഓവറുകളില്‍ ഹസന്‍ അലിയുടെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ പാക്കിസ്ഥാന്‍ മുന്നൂറ് കടക്കുകയായിരുന്നു. 94 റണ്‍സ് നേടിയ ബാബര്‍ അസം ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായി.

ഒന്നാം വിക്കറ്റില്‍ ഫകര്‍-ഇമാം കൂട്ടുകെട്ട് 112 റണ്‍സാണ് നേടിയത്. 57 റണ്‍സ് നേടിയ ഇമാമിനെ പുറത്താക്കി കേശവ് മഹാരാജ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഫകര്‍ സമനും ക്യാപ്റ്റന്‍ ബാബര്‍ അസമും ചേര്‍ന്ന് 96 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

തന്റെ ശതകം തികച്ച ഫകര്‍ സമനെ(101) പുറത്താക്കി കേശവ് മഹാരാജ് രണ്ടാമത്തെ വിക്കറ്റ് നേടിപ്പോള്‍ പാക്കിസ്ഥാന്‍ 35.3 ഓവറില്‍ 206/2 എന്ന നിലയിലായിരുന്നു. തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് റിസ്വാനെയും(2) പാക്കിസ്ഥാന് നഷ്ടമായി. മഹാരാജിന് ആയിരുന്നു വിക്കറ്റ്.

Keshavmaharaj

ഒരു ഘട്ടത്തില്‍ 206/1 എന്ന നിലയിലായിരുന്ന പാക്കിസ്ഥാന് അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കില്ല എന്നാണ് ഏവരും കരുതിയത്. അവസാന ഓവറുകളില്‍ ഹസന്‍ അലിയുടെ തകര്‍പ്പനടികളാണ് പാക്കിസ്ഥാനെ മുന്നൂറ് കടക്കുാന്‍ സഹായിച്ചത്. ജെജെ സ്മട്സ് എറിഞ്ഞ നാല് സിക്സുകള്‍ അടിച്ച ഹസന്‍ അലി 25 റണ്‍സ് നേടി.

ഹസന്‍ അലി 11 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ അസം 82 പന്തില്‍ 94 റണ്‍സാണ് നേടിയത്. 24 പന്തില്‍ നിന്ന് 63 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്നും എയ്ഡന്‍ മാര്‍ക്രം രണ്ടും വിക്കറ്റ് നേടി.